ഖനന തെളിവെടുപ്പ് മാറ്റി; ഇത് ജനങ്ങളുടെ വിജയം, കൂടുതൽ  ജാഗ്രത വേണം 




ജനങ്ങളുടെ വിജയം. നമ്മൾ കൂടുതൽ ജാഗ്രത കാട്ടണം. അദാനിയെ പോലെയുള്ള ശക്തൻ്റെ താൽപ്പര്യങ്ങൾക്കൊപ്പം ദേശീയ / സംസ്ഥാന സർക്കാരുകൾ നില ഉറപ്പിക്കുമ്പോൾ, ഖനന തെളിവെടുപ്പ് മാറ്റി വെച്ചത് ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകുന്നു. അപ്പോഴും കലഞ്ഞൂർ പാരിസ്ഥിതികമായ വൻ തകർച്ചയെ നേരിടുന്നു എന്ന് മറന്നു പോകരുത്.
 

പ്രതിദിനം 650 ലധികം ട്രക്കുകളിൽ മലകൾ പാെട്ടിച്ചു കടത്തുമ്പോൾ, പ്രസ്തുത ആഘാതം താങ്ങാൻ കഴിയാതെ വീർപ്പുമുട്ടുകയാണ് കലഞ്ഞൂർ ഗ്രാമം. തകർന്നു വീഴുന്ന മലകളെ തിരിച്ചു വെക്കുവാൻ കഴിയാത്ത തരത്തിൽ തച്ചുടക്കു മ്പോൾ, അതിൻ്റെ പേരിൽ നാടേറ്റു വാങ്ങേണ്ടി വരുന്ന ദുരന്തം വലുതായിരിക്കുമെന്ന് 1978 ൽ പഞ്ചായത്തിലെ കുളത്തുമണ്ണിലുണ്ടായ ഉരുൾപൊട്ടൽ തെളിയിച്ചു.


40 വർഷങ്ങൾക്കിപ്പുറം കേരളത്തിൻ്റെ  പ്രകൃതിക്കുണ്ടായ ശോഷണത്തിൽ വൻ കുതിപ്പു സംഭവിച്ച കലഞ്ഞൂരിനെ തിരിച്ചു പിടിക്കുവാൻ നമുക്കു കഴിയണം.  ഇടങ്ങളിൽ നിന്ന് 10 വർഷം കൊണ്ട് 75 ലക്ഷം ടൺ പാറ പൊട്ടിച്ചു കടത്തുവാനുള്ള ശ്രമങ്ങളെ പൂർണ്ണമായി ചെറുത്തു തോൽപ്പിക്കുവാൻ, കലഞ്ഞൂർ നിവാസികളും അയൽവാസികളും പരിസ്ഥിതി പ്രവർത്തകരും ഒറ്റകെട്ടായി, വരും നാളുകളിൽ ജാഗരൂപരായി തുടരുമെന്നു പ്രതീക്ഷിക്കാം.


എംഎൽഎയും പഞ്ചായത്തു സമിതിയും അദാനിയുടെ ഖനന ശ്രമത്തിനായുള്ള തെളിവെടുപ്പിനെതിരെ കൈകൊണ്ട നിലപാടിനെ നന്ദിയോടെ സ്മരിക്കുന്നു. വരും ദിവസങ്ങളിലും ഖനനത്തിനെതിരെയുള്ള പ്രതിഷേധത്തിൽ വ്യത്യസ്ഥ രാഷ്ട്രീയ, മത, സാംസ്ക്കാരിക, മറ്റു സംഘടനകളുടെ പിൻതുണ പ്രതീക്ഷിക്കുന്നു.

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment