സാധാ പാറ മുതലാളിയല്ല അദാനി ഭായി




ഗൗതം ഭായ് സാധാരണ ബിസിനസുകാരനല്ല. ആസ്തി1.25 ലക്ഷം കോടി രൂപ. ആഗോളവൽക്കരണത്തിൻ്റെ "നല്ല നാളെകളെ'' നല്‍കിയത് ഗൗതം ഭായി, മുകേഷ് തുടങ്ങിയ ചുരുക്കം ചിലർക്കു മാത്രം. ഒറ്റക്കൊല്ലം കൊണ്ട് ഭായിയുടെ സ്വത്തില്‍ 48% വര്‍ധന ഒറ്റപ്പെട്ട സംഭമായിരുന്നില്ല. ഇന്ത്യയിലെ ഏഴ് അതിസമ്പന്നരില്‍ അതി വേഗം പണമുണ്ടാക്കുന്നയാള്‍ അദാനി. ആസ്ട്രേലിയയിലെ പദ്ധതിക്കായി അദാനിക്കു വേണ്ടി എസ്.ബി.ഐ. 5000 കോടിയുടെ വായ്പ അനുവദിക്കണമെങ്കിൽ അദ്ദേഹം, ലോക്കൽ പ്രമാണിമാരായി അറിയപ്പെടുന്ന പാറ /നിർമ്മാണ കരാർ  മുതലാളിമാരല്ല എന്ന് കലഞ്ഞൂർ നിവാസികൾ ഞെട്ടലോടെ തിരിച്ചറിയണം. 


ഇന്ത്യയുടെ ഇന്നത്തെ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുവാൻ രാജ നഗരിക്ക് പറന്നത് ശ്രീ. അദാനിയുടെ പുഷ്പക വിമാനത്തിലായിരുന്നു. രാജ്യത്തെ ഒരു ഡസനിലധികം പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യ സ്വത്താക്കി മാറ്റിയ അദാനി (75000 കോടി രൂപയുടെ) ഗ്രൂപ്പിനു മുന്നിൽ കേരള സർക്കാരും പാവ മാത്രമാണെന്നറിയുവാൻ വിഴിഞ്ഞം പദ്ധതിയുടെ കരാർ പരിശോധിച്ചാൽ മതി. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ അര ഡസൻ വിമാനത്താവളങ്ങൾ അര നൂറ്റാണ്ടു കൈയ്യിൽ വെക്കാൻ അവസരമുണ്ടാക്കിയ കോർപ്പറേറ്റു മുതലാളിക്കു മുന്നിൽ എല്ലാ നിയമങ്ങളും പഞ്ച പുച്ഛ മടക്കുന്നു എന്നതിനു തെളിവാണ് വിഴിഞ്ഞം പദ്ധതി. സമയ ബന്ധിതമായി നിർമാണം തീർന്നില്ല എങ്കിൽ (ഡിസംബർ 3, 2019) സർക്കാരിന് നൽകേണ്ട പ്രതിദിന നഷ്ട പരിഹാരമായ 12 ലക്ഷം രൂപ 90 ദിവസത്തേക്ക് ഒഴിവാക്കി നൽകി.
 

 

ഗൗതം അദാനിയുടെ അധികാര ഗർവ് ബോധ്യപ്പെടാൻ വിഴിഞ്ഞം പദ്ധതിയുടെ കരാർ പരിശോധിച്ചാൽ മാത്രം മതി. പദ്ധതിയുടെ ചെലവിൽ കേരള സർക്കാർ വിഹിതം 67%. അദാനിക്ക് ബാക്കി മാത്രം. ആകെ ചെലവ് 7525 കോടി രൂപ. സംസ്ഥാന സർക്കാർ മുടക്ക് 3436 കോടി രൂപ. ഗൗതം മുടക്കുന്നത് 2454 കോടി. Viability Gap Fund 1635 കോടി (പദ്ധതിയിലെ നഷ്ടം പരിഹരിക്കുവാൻ സർക്കാർ നൽകുന്ന പണം). വിഴിഞ്ഞം പദ്ധതി നഷ്ട കച്ചവടമാണെന്ന് കരാർ തന്നെ തുടക്കത്തിലെ സമ്മതിക്കുന്നു. Adani Vizhinjam Port Private Ltd (AVPPL) എന്ന Design, Build, Finance, Operate and Transfer (“DBFOT”) പദ്ധതിയുമായി അദാനിക്ക് 40 + 20 വർഷം മുന്നോട്ടു പോകാം. മറ്റു നാട്ടിലെ സമാനമായ പദ്ധതികളുടെ കാലാവധി 30 വർഷം മാത്രം. 20 വർഷം വരെ ലാഭമുണ്ടാകില്ല എന്നും ശേഷം ലാഭത്തിൽ 99% വും മൂന്നിൽ ഒന്ന് മുതൽ മുടക്കു ഗുജറാത്തി വ്യവസായിക്ക് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാമെന്ന് 2015ലെ ഐക്യ മുന്നണി സർക്കാർ സമ്മതിച്ചിരുന്നു.


കൂടൽ വില്ലേജിലേക്ക് കാലെടുത്തുവെക്കുന്ന അദാനി ഗ്രൂപ്പ്, കേന്ദ്ര മന്ത്രിസഭയെ എന്ന പോലെ കേരള സർക്കാരിനെയും തൻ്റെ മടിശീലയിൽ കെട്ടിയിടുവാൻ ഇതുവരെ വിജയിച്ച സ്വകാര്യ സാമ്രാജത്വത്തിൻ്റെ ഉടമയാണ്. അദാനിയും അയാളുടെ കൂലി പണിക്കാരും കുടത്തിൽ നിന്നു തുറന്നു വിട്ട, പഴയ കഥയിലെ പല്ലുകൊഴിഞ്ഞ ഭൂതമല്ല. തൻ്റെ ലാഭത്തിനായി രാഷ്ട്രീയ, മത, ഉദ്യോഗസ്ഥ ലോകത്തെ മുട്ടിലിഴയിച്ച ചരിത്രമുള്ള ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തിൻ്റെ മുടി ചൂടിയ മന്നനാണ് എന്ന് കലഞ്ഞൂർ ഗ്രാമം അറിയേണ്ടതുണ്ട്.
 

 

സംസ്ഥാനത്ത് ഏറ്റവുമധികം അളവിൽ പാറ ഖനനം നടക്കുന്ന കലഞ്ഞൂർ ഗ്രാമം പാരിസ്ഥിതികമായി രോഗാതുരമാണ്. മല നടക്കും കൊടുമൺ മലകൾക്കും തണലിൽ, അച്ചൻ കോവിൽ മലയുടെ മടിത്തട്ടിൽ, കുടപ്പാറയും പാല മലയും രാജ ഗിരിയും പാക്കണ്ടവും ഇഞ്ചപ്പാറയും പടപ്പാറയും പോത്തു പാറയും കള്ളിപ്പാറയും കോട്ടപ്പുറവും രാക്ഷസൻ പാറയും തീർത്ത തടങ്ങളിൽ, രണ്ടര നൂറ്റാണ്ടെങ്കിലുമായി സുരക്ഷിതമായി മണ്ണിൽ പണി എടുത്തു ജീവിച്ചു വന്ന 10000 വീട്ടുകാർ, ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത ദുരന്തത്തിലെത്തിക്കഴിഞ്ഞു. ദുരന്തങ്ങൾ സ്വയം ഭൂവായി സംഭവിച്ചതല്ല.


തലക്കു മുകളിൽ തലയുർത്തി നിന്ന മലനിരകളെ, പണക്കൊതി മൂത്ത, വിരലിലെണ്ണാവുന്ന അര ഡസനിൽ കുറവുവരുന്നവർ, രാഷ്ട്രീയക്കാരെ വിലക്കെടുത്ത്, നിയമങ്ങളെ കാറ്റിൽ പറത്തി, ഉദ്യോഗസ്ഥരെ ദല്ലാളന്മാരാക്കി നിർത്തി, കോടതിയെ (തെറ്റി) ധരിപ്പിച്ച്, ജാതി / മത സംഘടനകളുടെ രക്ഷാധികാര പട്ടം നേടി എടുത്ത് തകർത്തെറിയുകയാണ്. ഒരു കാലത്ത് ചെറുകിട പാറമടകൾ നടത്തി വന്നവർ വഴിയാധാരമായി. എന്നാൽ, അനധികൃത മാർഗ്ഗങ്ങിലൂടെ മൂലധനം കണ്ടെത്തിയവർ, അമിതാസക്തിയോടെ മലകൾ തുരക്കുമ്പോൾ, ഒരു കാലത്ത് നാട്ടിലെ അനീതിക്കെതിരെ സമരം ചെയ്ത രാഷ്ട്രീയ പാർട്ടികൾ, അവകാശ സമരങ്ങൾ കൊണ്ട് ചരിത്രം തീർത്തവർ, നിശബ്ദ വളർത്തു മൃഗങ്ങളെ ഓർമ്മിപ്പിക്കും വിധം കൊള്ളക്കും ചതിക്കും സഹായമെത്തിക്കുന്ന തിരക്കിലാണ്. ഖനനത്തിനെതിരെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തുവാനും അവരെ സമൂഹത്തിൽ തെറ്റി ധരിപ്പിക്കുവാനും മടിക്കാത്തവരായി പഞ്ചായത്തു മുതൽ നിയമ നിർമ്മാണ സഭയിലെ പ്രതിനിധികൾ വരെ മാറിക്കഴിഞ്ഞു .


കലഞ്ഞൂർ പഞ്ചായത്തിലെ10 ച.കി.മീറ്ററിനുള്ളിൽ 52 പാറ ഖനനങ്ങൾ നടന്നുവന്നിരുന്നു. ജില്ലയിലെ 68 വില്ലേജുകളിലായി അവയുടെ എണ്ണം 520 വും ക്രഷർ യൂണിറ്റുകൾ 38 മായിരുന്നു (2016ൽ). ഇവയിൽ 90% വും നിയമത്തെ കാറ്റിൽ പറത്തിയാണ് പ്രവർത്തിച്ചതെന്ന് മനസിലാക്കാൻ ചുമതലപ്പെട്ട ജില്ലാ കളക്ടർമാർ നിയമ ലംഘകർക്കൊപ്പം നിൽക്കുവാൻ മടി കാണിച്ചിട്ടില്ല. ജനങ്ങളുടെ വേതനം പറ്റി പണി എടുക്കുന്ന കളക്ടർ (മുതൽ പോലീസ്, മലിനീകരണ വകുപ്പ്, പഞ്ചായത്ത്, വില്ലേജ് ആപ്പീസർമാർ വരെ) സ്വയം പുകഴ്ത്തൽ നടത്തുവാൻ സാമൂഹിക മാധ്യമങ്ങളിൽ കടിച്ചു തൂങ്ങുമ്പോൾ ഇത്തരക്കാരുടെ ജനാധിപത്യ വിരുധ സമീപനങ്ങൾക്കുള്ള തെളിവാണ് നിയമങ്ങളെ വെല്ലു വിളിച്ചു പുരോഗമിച്ച ഖനന പ്രവർത്തനങ്ങൾ.
 

വിവരാവകാശ നിയമ പ്രകാരം കലഞ്ഞൂർ പഞ്ചായത്തിൽ 8 പാറ ഖനന യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ക്രഷറുകൾ 3 എണ്ണം. അവർ നടത്തുന്ന നിയമ ലംഘനങ്ങൾ കൊണ്ട് നാടു പൊറുതി മുട്ടുകയാണ്. തിരിച്ചു കിട്ടുന്നതാകട്ടെ വെള്ള ക്ഷാമം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വായു / ജല മലിനീകരണം, കൃഷി നഷ്ട്ടം, സിലിക്കണിൻ്റെ സ്വാധീനത്തിലൂടെ (PM 2.5+ 10 പാെടി പടലങ്ങൾ) വിവിധ രോഗങ്ങൾ, വീടുകളുടെയും റോഡുകളുടെയും തകർച്ച അങ്ങനെ നീണ്ടു പോകുന്നു ദുരിതങ്ങൾ. ഇവയിലൊന്നിലും ഉൽക്കണ്o പങ്കുവെക്കാത്ത പഞ്ചായത്ത് അധികാരികളും രാഷ്ട്രീയ നേതാക്കളും നിലവിലെ ഖനനത്തിനാേടൊപ്പമാണ് ചുവടുറപ്പിച്ചിട്ടുള്ളത്. അവർക്ക് ടോറസ്സ് ലോറികളുടെ പരക്കം പാച്ചിൽ വികസനത്തിൻ്റെ അരുണോദയമാണ്. പഞ്ചായത്തിൽ നിന്ന് ദിവസവും 650 ലോറികളിൽ പാറ ഉൽപ്പന്നങ്ങൾ കടത്തുമ്പോൾ, പഞ്ചായത്തിന് പ്രതി ദിനം ലഭിക്കുന്നത് 363 രൂപ മുതൽ 923 രൂപ വരെ. (പ്രതി വർഷം 1.3265 ലക്ഷം മുതൽ 3.3690 ലക്ഷം രൂപ). ഒരു ദിവസം കടത്തുന്ന പാറയുടെ മാർക്കറ്റ് വിലയാകട്ടെ 48 ലക്ഷം രൂപയും. 


കലഞ്ഞൂരിൽ പ്രവർത്തിക്കുന്ന പാറമടകൾ  കൈക്കൊള്ളുന്ന നിയമ ലംഘനങ്ങളുടെ വ്യാപ്തി അറിയാവുന്ന നാട്ടുകാരെ, നിലവിലെ ഖനന വില്ലന്മാർ കേവലം ചുണ്ടെലികൾ മാത്രം. ഗൗതം അദാനിയാകട്ടെ, ഇന്ത്യൻ ഭരണ കൂടത്തെ വിലക്കെടുത്തുകഴിഞ്ഞ തിമിംഗല വലിപ്പം പൂണ്ട നീരാളിയും. 


ജനാധിപത്യത്തിൻ്റെ അവസാന വാക്ക് ജനങ്ങൾ മാത്രമായതിനാൽ കലഞ്ഞൂരിൻ്റെ തല വെട്ടുവാൻ ഒരദാനിമാരെയും ഗ്രാമം അനുവദിക്കില്ല എന്ന് ഉറക്കെ വിളിച്ചു പറയാം നമുക്കൊറ്റകെട്ടായി.


തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment