ഖനനത്തിനെതിരെ ഒറ്റകെട്ടായി കലഞ്ഞൂർ നിവാസികളുടെ പ്രതിഷേധം




വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി കലഞ്ഞൂരിൽ തുടങ്ങുവാൻ പോകുന്ന വൻകിട ഖനനത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വെബിനാർ നാടിൻ്റെ ഒറ്റകെട്ടായ പ്രതിഷേധത്തിന് തെളിവായിരുന്നു.


കലഞ്ഞൂർ, കൂടൽ വില്ലേജുകളിലായി വിഴിഞ്ഞം അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡി നായി 5 വൻ കിട ഖനന ശ്രമങ്ങൾ നടക്കുവാ‌ൻ പോകുന്ന വിവരം നാട് ഞെട്ടലോടെ യാണ് കേട്ടു നിന്നത്. ജനങ്ങളുടെ ഉൽക്കണ്ഠ പരിഗണിച്ചു കൊണ്ട്, പ്രസ്തുത വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വെബിനാർ, വരാൻ പോകുന്ന കോട്ടപ്പാറയിലെ ഖനനത്തി നെതിരെ ജനങ്ങൾ എടുക്കേണ്ട ശാസ്ത്രീയ നിലപാടുകളെ സഹായിക്കുവാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നു.


കോന്നി എംഎൽഎ ശ്രീ ജനീഷ് കുമാർ, പഞ്ചായത്ത് അധ്യക്ഷൻ ശ്രീ മനോജ് കുമാർ, മുൻ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും ഡിസിസി  അധ്യക്ഷനുമായ ശ്രീ.ബാബു ജോർജ്ജ്, ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന അധ്യക്ഷൻ ഡോ. എൻ.കെ. ശശിധരൻ,വാർഡ് മെമ്പർ, പത്ര പ്രവർത്തകൻ ശ്രീ. പ്രശാന്ത് കോയിക്കൽ എന്നിവരുടെ സാന്നിധ്യം നാട്ടുകാർക്ക് കൂടുതൽ പ്രതീക്ഷ നൽകി. പദ്ധതിക്കെതിരായി എംഎൽഎയും പഞ്ചായത്ത് അധ്യക്ഷനും രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചത് ശുഭ സൂചക മായി വിലയിരുത്താം. പഞ്ചായത്തിലെ ഖനന മേഖലയിൽ ഇപ്പോൾ തന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന നാട്ടുകാരുടെ  സാന്നിധ്യം വരാൻ പോകുന്ന സമരങ്ങൾക്ക് പ്രചോദനമാണ്.


ത്രിതല പഞ്ചായത്തുകളെ പറ്റിയും അതിൻ്റെ അധികാര വികേന്ദ്രീകരണത്തെ പറ്റിയും വാചാലമായി സംസാരിക്കുന്ന സംസ്ഥാന സർക്കാർ, പഞ്ചായത്തിനോട് ആലോചിക്കാതെ, ഖനന ശ്രമങ്ങൾക്കുള്ള തീരുമാനങ്ങൾ എടുക്കുകയായിരുന്നു. നാട്ടുകാരുടെ അഭിപ്രായം ആരായാതെയും ജനപ്രതിനിധികളാേടു കൂടിയാലോചിക്കാതെയും പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ അദാനി എന്ന മുതലാളിയുടെ താൽപ്പര്യങ്ങളെ മാത്രം പരിഗണിച്ചു. ജനങ്ങളുടെ വേതനം പറ്റി, ജനങ്ങളെ സേവിക്കേണ്ട തഹസീദാർ, ആർഡിഒ, കളക്ടർ എന്നിവർക്ക് ജന വിരുധ നിർദ്ദേശങ്ങൾ നൽകിയ സംസ്ഥാന സർക്കാരിൻ്റെ നിലപാട്  ഗ്രാമത്തിലെ മുഴുവൻ ജനങ്ങളാേടുമുള്ള വെല്ലുവിളിയായി കരുതണം.


വിഴിഞ്ഞം പദ്ധതിയുടെ പുലിമുട്ടു നിർമ്മാണത്തിനായി ആവശ്യം വരുമെന്നു പറഞ്ഞ 70 ലക്ഷം ടൺ പാറകൾ, തിരുനൽവേലി, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് എടുക്കാമെന്നായിരുന്നു സർക്കാർ കരാറിൽ പറഞ്ഞിരിക്കുന്നത്. അതിൻ്റെ ഉത്തരവാദിത്തം അദാനി ഗ്രൂപ്പിനെന്നും വ്യക്തമാണ്. വിഴിഞ്ഞം പദ്ധതിക്കായി കരാറിൽ പറയാത്ത പ്രദേശത്തു നിന്നും പാറകൾ കൊണ്ടു പോകാനുള്ള ശ്രമം ദുരൂഹവും നിയമപരമായി ചോദ്യം ചെയ്യേണ്ടതുമാണ്


വിഴിഞ്ഞം പദ്ധതി(ഒന്നാം ഘട്ടം) 2018 ൽ തീർക്കുമെന്ന (1000 ദിവസത്തിനകം ) ധാരണ ലംഘിച്ച അദാനി ഗ്രൂപ്പിന് വിഴിഞ്ഞം പദ്ധതി പൂർത്തീകരിക്കുവാൻ താൽപ്പര്യമില്ല എന്നതാണു വസ്തുത. കണ്ടെയിനർ ടെർമിനൽ പദ്ധതിയെ റിയൽ എസ്റ്റേറ്റ് വ്യവസായമായി കാണുവാനാണ് അവർ ശ്രമിക്കുന്നത്. ഒപ്പം മറ്റു പല കച്ചവടങ്ങളും. അതിൽ ഒന്നാണ് തിരുവനന്തപുരം അന്തർ ദേശീയ വിമാനത്താവളം സ്വന്തമാക്കൽ. 


വിഴിഞ്ഞം പദ്ധതി 2020 ഡിസംബർ 31 നകം തീർത്തു കൊള്ളണമെന്ന അന്ത്യ ശാസനം നൽകിയ സർക്കാർ, കോട്ടപ്പാറയിൽ 5 വർഷത്തേക്ക് ഖനനം നടത്താമെന്നു  പറയുന്നത് എന്തിനായിരിക്കണം? കൂടലിൽ പാറ ഖനനത്തിനായി കണ്ണു വെച്ചതിനു പിന്നിലുള്ള താൽപ്പര്യങ്ങൾ വിഴിഞ്ഞം പദ്ധതിയിലവസാനിക്കുന്നില്ല.


കോട്ടപ്പാറയിൽ നിന്ന് 30.5ലക്ഷം ടൺ പാറ പൊട്ടിച്ചിറക്കി, അതിൽ നിന്ന് 13.5 ലക്ഷം ടൺ കടത്തുമെന്നു പറയുമ്പോൾ, പഞ്ചായത്തിലെ ബ്ലോക്ക് 30,32,33 മുതലായ സ്ഥലങ്ങളിൽ കൂടി നടത്തുവാൻ ഉദ്ദേശിക്കുന്ന ഖനനത്തിന്  കോട്ടപ്പാറയുടെ മൂന്നിരട്ടിയിലധികം വിസ്തൃതിയുണ്ട്. ഖനനത്തിൻ്റെ ഭീകര ചിത്രം മനസ്സിലാക്കുവാൻ കോട്ടപ്പുറം മൈനിംഗ് പ്ലാനിൻ്റെ Annex 13 ൽ പറയുന്ന രേഖകൾ പരിശോധിച്ചാൽ മതിയാകും.

 


അദാനിയുടെ പേരിലുള്ള തുറമുഖത്തിനായി പ്രതി വർഷം 7.5 ലക്ഷം ടൺ പാറ വീതം10 വർഷത്തേക്കിന് ആവശ്യമുണ്ട് എന്ന അഭ്യർത്ഥനയാണ് കമ്പനി CEO സംസ്ഥാന ജിയോളജി വകുപ്പ് മേധാവിക്കു നൽകിയത്. 75 ലക്ഷം ടൺ പാറ (5ലക്ഷം ലോറി) പൊട്ടിച്ചു കടത്തണമെന്നു പറയുമ്പോൾ, യഥാർത്ഥത്തിൽ 415 ലക്ഷം ടൺ മലനിരകൾ സ്ഫോടനത്തിലൂടെ തകർക്കേണ്ടിവരും. ഇതു മനസ്സിലാക്കു വാൻ കോട്ടപ്പാറ ഖനനത്തെ പറ്റിയുള്ള മൈനിംഗ് പ്ലാൻ പഠിച്ചാൽ മതിയാകും. (അവിടെ13.47ലക്ഷം ടൺ പാറക്കായി പൊട്ടിക്കുന്നത് 30.55 ലക്ഷം ടൺ പാറക്കെട്ടുകളാണ്.)


കോട്ടപ്പാറയിൽ 300kg സ്ഫോടക വസ്തുക്കൾ ഒരേ സമയം സൂക്ഷിച്ചു വെക്കുവാൻ അവസരമുണ്ട്. മറ്റ് 4 ഇടങ്ങളിൽ വൻകിട സ്ഫോടനം നടത്തുവാൻ ഇതിൻ്റെ 4 ഇരട്ടി സ്ഫോടന വസ്തുക്കൾ 10 Km ദൂരപരിധിയിൽ സൂക്ഷിച്ചു വെക്കുമെന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത്. പഞ്ചായത്തിലെ 4 വാർഡുകളിലായി 2000 Kg സ്ഫോടക വസ്തുക്കൾ കൈവശം വെക്കുമ്പോൾ നാടിനുണ്ടാകുന്ന ഭീഷണി എത്ര വലുതായിരിക്കും ?


വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി 3.2 Km നീളത്തിൽ പുലിമുട്ടു നിർമ്മിക്കുവാൻ ആവശ്യമായ പാറ, തിരുവനന്തപുരം, കൊല്ലം, തമിഴ്നാട് (തിരുനൽവേലി) എന്നിവിടങ്ങളിൽ നിന്ന്, ഗൗതം അദാനിയുടെ ഉത്തരവാദിത്തത്തിൽ കണ്ടെത്തുമെന്നായിരുന്നു കരാർ. അതിൻ്റെ ഭാഗമായി മഹാരാഷ്ട്രയിൽ നിന്നും പാറ എത്തിക്കുവാൻ കമ്പനി ആഗ്രഹിച്ചിരുന്നു. രാജാവിനേക്കാൾ രാജഭക്തിയോടെ ശതകോടീശ്വരനെ സഹായിക്കുവാൻ കേരള സർക്കാർ 3/7/ 2018ൽ യോഗം കൂടി തീരുമാനിച്ചു. സർക്കാരിൻ്റെ തീരുമാനം തൻ്റെ ജില്ലയിൽ, സൗജന്യമായി സർക്കാർ നൽകുന്ന ഭൂമിയിൽ, നടപ്പിലാക്കുവാൻ പ്രത്യേക താൽപ്പര്യം കാണിച്ച പത്തനംതിട്ട ജില്ലാ കളക്ടറുടെ ഖനന രംഗത്തെ പരിസ്ഥിതി വിരുധ സമീപനം, വീണ്ടും വീണ്ടും കലഞ്ഞൂർ നിവാസികൾക്ക് മുകളിൽ അടിച്ചേൽപ്പിക്കുവാൻ വർധിച്ച ഉത്സാഹത്തിലാണ് എന്നു നാട്ടുകാർ മനസ്സിലാക്കുന്നു.


വിഴിഞ്ഞം കണ്ടെയ്നർ ടെർമിനലിൻ്റെ (മൂന്നു വെട്ടം നീട്ടിവെച്ച) നിർമ്മാണം ഈ വർഷം ഡിസംബർ 31ന് അവസാനിക്കുമെന്ന് സർക്കാരും അദാനി കമ്പനിയും ഉറപ്പ് നൽകിയിരിക്കെ, അടുത്ത10 വർഷത്തേക്ക് കലഞ്ഞൂർ പഞ്ചായത്തിലെ 60 ഏക്കർ മലനിരകൾ പൊട്ടിച്ച്, 75 ലക്ഷം ടൺ പാറ കടത്തുവാനുള്ള ശ്രമം ദുരൂഹമാണ്. കാൽ നൂറ്റാണ്ടായി തകർന്നു കൊണ്ടിരിക്കുന്ന ഗ്രാമത്തെ സമ്പൂർണ്ണമായി പൊട്ടിച്ചു തകർക്കുവാൻ നാട്ടുകാർ ഒരു കാരണവശാലും ഇവിടെ  അനുവദിക്കില്ല. 


തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment