കലഞ്ഞൂർ ഗ്രാമത്തിൻ്റെ (ചരമ ഗീതം പാടുന്ന) കുന്നുകളെ രക്ഷിക്കുവാൻ ശിലോത്സവം




പത്തനംതിട്ട ജില്ലയുടെ തെക്കു കിഴക്കൻ അതിർത്തിയിൽ, കൊല്ലം ജില്ലയുടെ കിഴക്ക്,അച്ചൻ കോവിലുമായി അതൃത്തി പങ്കിടുന്ന കലഞ്ഞൂർ ഗ്രാമം പ്രകൃതി സമ്പന്നമാണ്.ഐതീഹ്യങ്ങളിലൂടെയും പ്രസിദ്ധമാണ് അര ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ഈനാട് .ഐതീഹ്യങ്ങൾ ഇവിടെയും പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു.


പഞ്ചായത്തിൻ്റെ പടിഞ്ഞാറ്, കോട്ട പോലെ സ്ഥിതി ചെയ്യുന്ന  മലനട എന്ന കുന്നു കടന്നു വേണം ഗ്രാമത്തിലെത്താൻ.നാടിൻ്റെ നടയായി നിൽക്കുന്ന മല (മല നട ) മുതൽ കിഴക്കേ അതൃത്തിയായി സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മല നിരകൾ, അച്ചൻകോവിലിൻ്റെ തുടർച്ചയാണ്. മലനടയുടെ നെറുകയിലെ ക്ഷേത്രവും അതേ മലയിലെ ചാങ്കൂർ കുന്നിലെ അയ്യപ്പ ക്ഷേത്രം, ദർഗ്ഗ മുതൽ പാറക്കുളം ക്ഷേത്രം, കൂടലിൻ്റെ ഹൃദയ ഭാഗത്തെ കാവും വിവിധ മല ദൈവങ്ങളും ക്രിസ്തീയ ദേവാലയ ങ്ങളും നാടിൻ്റെ പ്രകൃതിയിൽ അലിഞ്ഞു നിൽക്കുന്നു..മലകളും താഴ്വരയും ഇവയുടെ ഇടയിലൂടെ ഒഴുകുന്ന രണ്ടു തോടുകൾ, നിരവധി നീർചാലുകൾ , ഇവക്ക് ഊറ്റായി പ്രവർത്തിച്ച നെൽപ്പാടങ്ങൾ, കുളങ്ങൾ,എല്ലാം ഓർമ്മയിൽ നിന്നും മാറുന്ന അവസ്ഥയിലെത്തി.നെൽപ്പാടങ്ങളുടെ ഇരു വശങ്ങളിലായി പാടത്തിനഭിമുഖമായ വീടുകൾ എന്ന സങ്കല്പം പോലും പഴങ്കഥയായിക്കഴിഞ്ഞു.


കൊടപ്പാറ മുതലുള്ള  ഡസനിലധികം കുന്നുകളും അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും (കീഴൂടുകളും) കാമ്പിത്താനും ശിവക്ഷേത്രവും അതിൻ്റെ തുടർച്ചയായ രാക്ഷസൻ പാറയും കള്ളിപ്പാറയും ഇവക്ക് തെക്കായി സ്ഥിതി ചെയ്യുന്ന രാജഗിരിയിലെ വെള്ളച്ചാട്ടവും ഒക്കെ കാലാന്തരമായി നില നിന്നു വന്ന, നിലനിൽക്കേണ്ട ,ഈ നാടിൻ്റെ അഭിമാന സ്ഥാപനങ്ങളാണ്. 


ചാച്ച നെഹ്റു നേരിട്ടെത്തി  തുടക്കം കുറിച്ച അതിരുങ്കൽ വിദ്യാലയം നാടിന്റെ ഓർമ്മകളെ സജ്ജീവമാക്കുന്നു.കഥകളി ആചാര്യൻ നാണു പണിക്കർ (സമൂഹത്തു മഠം) നിത്യ ചൈതന്യയതി (മുറിഞ്ഞകൽ) മുതലായവർ വളർന്ന നാടിൻ്റെ അടയാളങ്ങൾ മാഞ്ഞു പോകുകയാണോ ?


1970 വരെ വന നിബിഢമായിരുന്ന കലഞ്ഞൂർ പഞ്ചായത്തിൽ സർക്കാർ നടത്തിയ വനം വെട്ടി വെളിപ്പിക്കൽ,വെട്ടി വെളിപ്പിച്ച കുന്നുകളിലെ Kerala Plantation Corporation ആദ്യം കരിമ്പും പിന്നീട്  റബ്ബർ തോട്ടങ്ങളും കൃഷി ചെയ്ത് പ്രദേശത്തെ കാലാവസ്ഥയിലും തൊഴിൽ മുതലായ വിഷയങ്ങളിലും മാറ്റങ്ങളുണ്ടാക്കി.ഒരു കാലത്തെ വികസന മുദ്രകളായിരുന്ന അത്തരം സംരംഭങ്ങൾ ഇന്നു പരാജയത്തിൻ്റെ കഥകളാണു പറയുന്നത്.


നാട്ടുകാർക്ക് ജലക്ഷാമവും പ്രകൃതിക്ഷോഭവും കഴിഞ്ഞ നാൾ വരെ വൈദേശിക വാർത്തകൾ മാത്രമായിരുന്നു. വരൾച്ചയുടെ പിടിയിലമർന്ന ഇന്നത്തെ ഗ്രാമത്തിൻ്റെ ശിരസ്സായിരുന്ന മലകളെ ഓരോന്നോരോന്നായി ക്വാറി മുതലാളിമാർ കാർന്നു തിന്നുകയാണ്. തുരന്ന മലകൾ, മലകളിലെ ഭീകര വെള്ളകെട്ടുകൾ, പറന്നിറങ്ങുന്ന ടോറസ്സ് ശകടങ്ങൾ, പാെടിപടലം പരന്ന അന്തരീക്ഷം,ഞെട്ടിപ്പിക്കുന്ന സ്ഫോടനങ്ങൾ ഇവയൊക്കെ നാട് ഏറ്റുവാങ്ങുന്നതാർക്കുവേണ്ടിയാണ് ?
 

പഞ്ചായത്തിലൂടെ കടന്നുപോകുന്ന കല്ലട ഇറിഗേഷൻ കേരളത്തിൻ്റെ ഏറ്റവും വലിയ വെള്ളാനയായി കുപ്രസിദ്ധി നേടി എടുത്ത പദ്ധതിയാണ്. ഉദ്ദേശിച്ച ചെലവിൻ്റെ 60 ഇരട്ടി മുടക്കിയ പരിപാടി,  നാടിനു നൽകിയത് രാഷ്ട്രീയ / ഉദ്വോഗസ്ഥ/ ദല്ലാൾ കൂട്ടുകെട്ടിൻ്റെ പുതിയ സാധ്യതകളായിരുന്നു.കർഷകർ പാപ്പരായി മാറിയതും പരമ്പരാഗത രംഗം തളർന്നതും ഗൾഫ് പണത്തിൻ്റെ സ്വാധീനത്താൽ നാട്ടുകാർ തീരിച്ചറിഞ്ഞില്ല.ഗ്രാമത്തിലെ പുതിയ ദല്ലാൾ ലോകം , ഖനന രംഗം കൈയ്യടക്കി യതോടെ കേരളത്തിലെ മറ്റു പ്രദേശങ്ങളെ  ഓർമ്മിപ്പിക്കും വിധം ,നിയമങ്ങളെ കാറ്റിൽ പറത്തി, കലഞ്ഞൂരും നിയമ ലംഘനങ്ങളുടെ പറുദ്ദീസയായി തീർന്നു. നാടിൻ്റെ കാവാലാളുകളാകേണ്ടവർ ,കൊള്ളക്കാരുടെ സഹായികളും ഉദ്വോഗസ്ഥർ നിയമ ലംഘനത്തിൻ്റെ വക്താക്കളുമായി മാറുന്നുവോ ?


രാക്ഷസൻ പാറയും അനുബന്ധമായി സ്ഥിതി ചെയ്യുന്ന കുറവൻ കുറത്തി പാറയും  മാർച്ച് ഒന്നിന് ശിലാേത്സവത്താൽ ആദരിക്കപ്പെടുന്ന ആഘോഷം, ഒരേ സമയം പാരമ്പര്യത്തെയും പ്രകൃതി സ്നേഹത്തെയും ഒപ്പം  പ്രതിരോധ സമരത്തെയും  ഓർമ്മിപ്പിക്കുന്നു.രാക്ഷസൻ പാറക്കു ചുറ്റുമുള്ള കള്ളിപ്പാറയും പടപ്പാറയും പോത്തു പാറയും മറ്റ് അനുബന്ധ ശിലാ നിലയങ്ങളും സുരക്ഷിക്കുവാനുള്ള സമരങ്ങൾക്ക് ഊർജ്ജം പകരുന്ന ഉത്സവത്തിന് കോന്നി M.L.A ശ്രീ. K. U.ജനീഷ് കുമാർ, കവിയും നാട്ടുകാരനുമായ ശ്രീ. P. K. ഗോപി, CPI നേതാവും കലഞ്ഞൂരുമായി വൈകാരിക ബന്ധമുള്ള ശ്രീ. A. P.ജയൻ , ചലച്ചിത്ര നടൻ പ്രവീൺ പരമേശ്വരൻ എന്നിവരുടെ സാന്നിധ്യം ഖനന വിരുധ സമരങ്ങൾക്ക് കൂടി മുതൽകൂട്ടാകും എന്നു കരുതാം.


ശിലാേത്സവത്തിന് നേതൃത്വം നൽകുന്ന കണ്ണാടി എന്ന സാംസ്ക്കാരിക സംഘടനയുടെ പ്രവർത്തകർ, 1991 മുതലുള്ള ക്വാറി വിരുധ സമരത്തിൻ്റെ ഭാഗമായിട്ടുള്ളവരാണ് എന്നത് കലഞ്ഞൂരിൻ്റെ മലനിരകൾ സംരക്ഷിക്കുവാനുള്ള സമരങ്ങളുടെ ശക്തി വർധിപ്പിക്കുവാൻ വലിയ സാധ്യതകളാണൊരുക്കുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment