പെട്ടിമുടി ദുരന്തത്തിന് പ്രധാന കാരണം കണ്ണൻദേവൻ കമ്പനിയുടെ തൊഴിലാളി വിരുദ്ധ നിലപാടോ ?




പെട്ടിമുടി ദുരന്തം അധികൃതരെ യഥാസമയം അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായതായുള്ള റവന്യൂ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. ഓഗസ്റ്റ് ആറിന് രാത്രി നടന്ന അപകടം പുറം ലോകമറിയുന്നത് പിറ്റേന്ന് രാവിലെയോടെ മാത്രമാണ്. വിവരം അറിയാന്‍ വൈകിയത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു എന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ദുരന്തത്തില്‍ സംഭവിച്ച നാശ നഷ്ടങ്ങളെക്കുറിച്ചും ബാധിക്കപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ചും പഠിക്കാന്‍ ജില്ലാ കളക്ടര്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കാത്തത് മനുഷ്യാവകാശ ലംഘനമാണ്.


ഓഗസ്റ്റ് ആറിന് രാത്രി പത്തരയോടെയാണ് പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടാവുന്നത്. കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലെ നാല് ലയങ്ങളിലായി താമസിച്ചിരുന്ന 78 പേർ ദുരന്തത്തിന് ഇരകളായി. ദുരന്തമുണ്ടാത് രാത്രിയിലായതിനാലും ദുരന്തം സംഭവിച്ച വിവരം പുറം ലോകമറിയാന്‍ താമസിച്ചതിനാലും ഏറെ മണിക്കൂറുകള്‍ കഴിഞ്ഞാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. മണ്ണിടിച്ചിലില്‍ ഒലിച്ച് പോകാത്തവരില്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ ചെളിയിലും വെള്ളത്തിലും പുതഞ്ഞ് ചോര വാര്‍ന്നാണ് മരിച്ചതെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. പലരുടേയും മരണം സംഭവിച്ചത് പിറ്റേന്ന് രാവിലെ ആറ് മണിയോടെയും അത് കഴിഞ്ഞുള്ള സമയത്തുമായിരുന്നു. കൃത്യമായ സമയത്ത് റവന്യൂ അധികൃതര്‍ക്കുള്‍പ്പെടെ വിവരം കൈമാറിയിരുന്നെങ്കില്‍ കുറേ പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന വിമര്‍ശനം മുമ്പ് തന്നെ നിലനില്‍ക്കുന്നതാണ്. ഈ വിമര്‍ശനങ്ങളേയെല്ലാം ശരിവക്കുന്ന തരത്തിലാണ് റവന്യൂ സംഘത്തിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


ദുരന്തമുണ്ടായി ഒരു മണിക്കൂറിനുള്ളില്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ (കെ ഡി എച്ച് പി) ഫീല്‍ഡ് ഓഫീസറെ വിവരം അറിയിച്ചിരുന്നു. രാജമല മാനേജേഴ്‌സ് ബംഗ്ലാവില്‍ നിന്ന് പുറം ലോകത്തെ വിവരങ്ങൾ അറിയിക്കുവാൻ സംവിധാനങ്ങളുണ്ട്. നാല് ലയങ്ങളിലെയായി 30 വീടുകള്‍ മണ്ണിടനടി യിലായി. ദുരന്തം ഉണ്ടായി 12 മണിക്കൂർ ശേഷം, രാവിലെ 11 മണിയോടെയാണ് രക്ഷാ പ്രവര്‍ത്തനങ്ങൾ സംഘമായി തുടങ്ങിയത്. .


അതി തീവ്ര മഴയായിരുന്നതിനാല്‍ ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ തന്നെ  ദേവികുളം താലൂക്കിലെ പെട്ടിമുടി ഒറ്റപ്പെട്ട അവസ്ഥയിലത്തി. ഓഗസ്റ്റ് രണ്ട് മുതല്‍ പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചിരുന്നു. പ്രദേശത്തെ മൊബൈല്‍ ടവറില്‍ ബാറ്ററിയോ ഇന്‍വര്‍ട്ടര്‍ സംവിധാനമോ ഇല്ലാത്തതിനാല്‍ മൊബൈല്‍ നെറ്റവര്‍ക്ക് താറുമാറായിരുന്നതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. മൂന്നാര്‍ സ്‌പെഷല്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ള വിവരങ്ങൾ ഗൗരവതരമുള്ളതാണ്.


ടെലി കമ്മ്യൂണിക്കേഷന്‍, റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഉള്‍പ്രദേശങ്ങളിലെ 70 വർഷങ്ങൾക്കു മുമ്പ് പണികഴിപ്പിച്ച ലയങ്ങളിലാണ് തൊഴിലാളികൾ താമസിക്കുന്നത്. അത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. തൊഴിലാളികളുടെ സുരക്ഷയും ഉറപ്പാക്കപ്പെടുന്നില്ല. എസ്റ്റേറ്റ് ലയങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശം പ്ലാന്റേഷന്‍ കമ്പനികള്‍ക്ക് നല്‍കണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വാഹന സൗകര്യമുള്ള റോഡുകളും അടിസ്ഥാന ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളുമുള്‍പ്പെടെ തൊഴിലാളികള്‍ക്ക്  നല്‍കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്തമാണ് .


പെട്ടിമുടി ദുരന്തത്തിന് പ്രധാന കാരണം കണ്ണൻദേവൻ കമ്പനിയുടെ തൊഴിലാളി വിരുദ്ധ നിലപാടാണ് എന്നുറപ്പിക്കുന്ന റവന്യൂ റിപ്പോർട്ടിനെ മുൻ നിർത്തി, കമ്പനി ഉടമകളെ ശിക്ഷിക്കുവാനും അവരിൽ നിന്നും നഷ്ട പരിഹാരം വാങ്ങി എടുക്കുവാനും സർക്കാർ മടിച്ചു നിൽക്കരുത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment