ലോക ജലദിനത്തിൽ കുടിവെള്ളമില്ലാതെ കന്നിമല




പത്തനംതിട്ട: മണ്ണടി കന്നിമലയിലെ ജനങ്ങൾ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിടുന്നു. ഏറത്ത്, കടമ്പനാട്, ഏഴംകുളം ഗ്രാമപഞ്ചായത്തുകളുടെ അതിരുകാക്കുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമായ കന്നിമലയിലെ ജനങ്ങൾ അധികൃതരുടെ കനിവിനായി വർഷങ്ങളായി കാത്തിരിക്കുകയാണ്.


വേനൽ എത്തുന്നതിനു മുമ്പ് തന്നെ കന്നിമലയിലെ കിണറുകളുടെ അടിത്തട്ട് തെളിഞ്ഞു. കുളിക്കുന്നതിനും കുടിക്കുന്നതിനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കും ഒന്നര കിലോമീറ്റർ അകലെയുള്ള പൊതുടാപ്പിൽ ക്യൂ നിൽക്കേണ്ട അവസ്ഥയിലാണ് കന്നിമല നിവാസികൾ കടമ്പനാട് ശുദ്ധജല പദ്ധതിയുടെ പൈപ്പുകൾ ഇതുവഴിയാണ് കടന്നു പോകുന്നതെങ്കിലും ജലസംഭരണിയേക്കൾ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ ഇവിടുത്തെ പൊതു ടാപ്പുകളിൽ വെള്ളം ലഭ്യക്കാറില്ല.


90% ചെരിവായ പ്രദേശത്ത് ആകെയുള്ള ആശ്രയം അരക്കിലോമീറ്റർ അകലെയുള്ള കുന്നിൻചെരുവിലെ പഞ്ചായത്ത് കിണറിൽ നിന്നും തലച്ചുമടായി എത്തിക്കുന്ന വെള്ളമാണ്. കടമ്പനാട് പഞ്ചായത്തിലെ പൊതു കിണറിൽ നിന്നും റോഡിന് മറുവശത്തുള്ള ഏറത്ത് പഞ്ചായത്തിലെ ജലസംഭരണിയിൽ വെള്ളം എത്തിക്കാൻ വർഷങ്ങൾക്കുമുമ്പ് ജില്ലാ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി അൻപതോളം കുടുംബങ്ങൾക്ക് കുടിവെള്ളപദ്ധതി പൂർത്തീകരിച്ചിരുന്നു. വൈദ്യുതി ബില്ലും അറ്റകുറ്റപ്പണികളും ഗുണഭോക്താക്കളായ പ്രദേശവാസികൾ വഹിക്കണം എന്നായിരുന്നു നിബന്ധന നിർധനരായ കൂലിപ്പണിക്കാർ ഭീമമായതുക താങ്ങാവുന്നതിനപ്പുറമായിരുന്നു എങ്കിലും അവർ ഈ ചിലവുകൾ വഹിച്ചിരുന്നു. 


റോഡ് വികസനത്തിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ വെട്ടിപ്പൊളിച്ചു കുടിവെള്ളം മുട്ടിച്ചിട്ട് വർഷങ്ങളായി നാളിതുവരെയായി ഇത് പൂർവസ്ഥിതിയിലാക്കാൻ ഇരു പഞ്ചായത്തുകൾക്കും കഴിഞ്ഞിട്ടില്ലെന്നും കന്നിമലയുടെ നിറുകയിലെ അനിയന്ത്രിതമായ പാറഖനനമാണ് പ്രദേശത്തെ കിണറുകൾ വറ്റുന്നതിനും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും കാരണമെന്ന് പ്രദേശവാസികളായ സാംകുട്ടി, ജോൺ, ജോമോൻ എന്നിവർ ഗ്രീൻ റിപ്പോർട്ടറോട് പറഞ്ഞു. 


കന്നിമലയിൽ വീണ്ടും പാറഖനനം പുനരാരംഭിക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നും അടിയന്തിരമായി ജില്ലാഭരണകൂടം ഇടപെട്ട് കന്നിമലയിൽ കുടിവെള്ളമെത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment