മണ്ണടി കന്നിമലയിൽ പട്ടയഭൂമിയിൽ ക്രഷർ, ക്വാറി തുടങ്ങുവാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ




പത്തനംതിട്ട: മണ്ണടി കന്നിമലയിൽ ജനകീയ സമരത്തെ തുടർന്ന് അഞ്ച് വർഷം മുമ്പ് അടച്ചു പൂട്ടിയ ക്വാറിയും സമീപത്തെ പട്ടയഭൂമികളിലും ക്വാറി ക്രഷർ യൂണിറ്റുകൾ വീണ്ടും തുടങ്ങുവാനുള്ള നീക്കം തടയുമെന്ന് നാട്ടുകാർ. ആറ്റിങ്ങൽ  വേങ്ങോട് സ്വദേശിയായ അബ്കാരി കോൺട്രാക്ടറും സംഘവുമാണ് ജനങ്ങളെ വെല്ലുവിളിച്ച് കന്നിമലയിലെ 14 ഏക്കർ പട്ടയഭൂമി വിലയ്ക്കു വാങ്ങുവാനായി കരാർ ഉറപ്പിച്ച് നീക്കം നടത്തി വരുന്നത്.


1978-85 കാലഘട്ടങ്ങളിലായി ഭൂരഹിതർക്ക് കൃഷിയ്ക്കായി പട്ടയം നൽകിയതാണ് കന്നിമലയിലെ ഭൂമികൾ. ഇത്തരം ഭൂമികളിൽ റെഡ് കാറ്റഗറി വ്യവസായം പാടില്ലയെന്ന നിയമം നിലനിൽക്കെ പട്ടയ വിവരങ്ങൾ മറച്ചുവച്ച് 2011-ൽ ലക്ഷങ്ങൾ കോഴവാങ്ങി കടമ്പനാട് വില്ലേജ് ഓഫീസറും അടൂർ തഹസിൽദാറും ക്വാറിയ്ക്കായി നിരാക്ഷേപപത്രം നൽകിയതെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റി ആരോപിച്ചു. 2011 മുതൽ 14 വരെ ഖനന ഭൂവിജ്ഞാന വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫീസിൽ നിന്നും കൈപ്പറ്റിയ 1200 പി.ഫോമിന്റെ മറവിൽ ലക്ഷക്കണക്കിന് ലോഡ് പാറയും ആയിരക്കണക്കിന് ലോഡ് മണ്ണും അനധികൃതമായി ഇവിടെ നിന്നും കടത്തികൊണ്ടുപോയിരുന്നു.


കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിന് നഷ്ടം വരുത്തിയ ക്വാറി മുതലാളിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയിട്ടും ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തത് ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ടിലേക്കാണ് വിരൽ ചൂണ്ടുന്നത്. പട്ടയ വിവരങ്ങൾ മറച്ച് വച്ച് കന്നിമലയിൽ ക്വാറിയ്ക്ക് നിരാക്ഷേപ പത്രം നൽകിയ വില്ലേജ് ഓഫീസർ, തഹസിൽദാർ, ജിയോളജി, മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക്  പരാതി നൽകുമെന്നും കോടതിയെ സമീപിക്കുമെന്നും കന്നിമല ക്വാറിവിരുദ്ധ സമരസമിതി ഭാരവാഹികളായ താജുദ്ദീനും ശിവദാസൻ കൊണ്ടുവിളയും ഗ്രീൻ റിപ്പോർട്ടറോടു പറഞ്ഞു. 


കടമ്പനാട് ഏറത്ത് പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതും പ്രദേശത്തെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഗിരിനിരകളാണ് കന്നിമല കുന്നുകൾ. ഇവിടെ ഏറത്ത് പഞ്ചായത്തിന്റെ ഭാഗമായുള്ള കന്നിമല വർഷങ്ങളായുള്ള ഖനനത്തിൽ പൂർണ്ണമായും തകർന്നു കഴിഞ്ഞു. ശേഷിക്കുന്ന മണ്ണടിയുടെ ഭാഗമായ കന്നിമലയിലേക്ക് ചുവടൊറുപ്പിക്കാൻ ഒരുങ്ങുന്ന ക്വാറി, ക്രഷർ മാഫിയ സംഘങ്ങളെ നേരിടാൻ തയ്യാറായിക്കഴിഞ്ഞിരിക്കുകയാണ് ജനങ്ങൾ.


കന്നിമലയെ ആശ്രയിച്ചാണ് ഇവിടുത്തെ ജനങ്ങൾ ജീവിക്കുന്നത്. കന്നിമലയ്ക്കു വേണ്ടിയും വരും തലമുറയ്ക്കു വേണ്ടിയും മരിക്കാനും തയ്യാറായി നിൽക്കുകയാണ് ഇവർ. പാറപ്പണിയുടെ പേരും പറഞ്ഞ് കന്നിമല കയറുന്നവരെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇവർ.


വിവരങ്ങൾക്ക് കടപ്പാട്: സുലൈമാൻ റാവുത്തർ

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment