കന്നിമലയിൽ ക്വാറി തുടങ്ങുവാൻ നീക്കം ജനങ്ങൾ വീണ്ടും സമരത്തിനൊരുങ്ങുന്നു




കടമ്പനാട് പഞ്ചായത്തിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മണ്ണടി കന്നിമലയിൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് ആറ് വർഷക്കാലമായി അടച്ചിട്ടിരുന്ന ക്വാറിയും സമീപ ഭൂമികളിലും ക്വാറി വ്യവസായത്തിന് നീക്കം തുടങ്ങി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായുള്ള ക്വാറി മുതലാളിമാർ 16ഏക്കറോളം സ്ഥലം മണ്ണടി സ്വദേശികളുടെ പാട്ടത്തിനെടുത്തു കഴിഞ്ഞതായി സമീപവാസികൾ പറയുന്നു. ഇതേ തുടർന്ന് ജനങ്ങൾ വീണ്ടും സമരത്തിനൊരുങ്ങുകയാണ്.


കടമ്പനാട് വില്ലേജിൽ സർവ്വേ നമ്പർ 90/9, 90/10, 90/10_1,90/6, 93/1 , 93/7 [1.1405 ഹെക്ടർ] ഭൂമികളിലായാണ് പാട്ടത്തിന് എടുത്തിരിക്കുന്നത്. കന്നിമലയിലെ 42 ഏക്കർ79 സെന്റ് ഭൂമി 1969,72 കാലഘട്ടങ്ങളിൽ കശുമാവ് കൃഷിയ്ക്കായി പട്ടയം നൽകിയതാണ്. പട്ടയഭൂമിയിൽ വ്യവസായം പാടില്ല എന്ന നിയമം നിലനിൽക്കെ ടി വിവരം മറച്ചുവച്ചാണ് 2011 മുതൽ 13 വരെ റവന്യൂ അധികൃതർ ക്വാറിയ്ക്കായി നിരാക്ഷേപപത്രം നൽകി വന്നിരുന്നത്. ഇത് ഉദ്യോഗസ്ഥ മാഫിയകൂട്ടുകെട്ടിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.


കാർഷിക മേഖലയെ മാറ്റികൊണ്ട് ഖനനം പാടില്ലായെന്ന് 1969ലെ കേരളാ മൈനർ മിനറൽ കൺസപ്ഷൻ റൂളിൽ പറയുന്നുണ്ട് ക്വാറി മാഫിയയ്ക്കുവേണ്ടി എല്ലാ നിയമങ്ങളും ഉദ്യോഗസ്ഥർ ഇവിടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. സർവ്വേ നമ്പർ 93/1ൽ കരിങ്കല്ല് പൊട്ടിച്ച് വിൽപ്പന നടത്തുന്നതിനുവേണ്ടി1200 പി-ഫോമാണ് ഖനന ഭുവിജ്ഞാന വകുപ്പിൽ നിന്നും നൽകിയിരുന്നത് എന്നാൽ പതിനായിരകണക്കിന് ലോഡ് പാറ ഇവിടെ നിന്നും കടത്തികൊണ്ടു പോയി പൊതു ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയിരിക്കുകയാണ്.


ഇതിനെതിരെ ജിയോളജി വകുപ്പ് ഡയറക്ടർക്കും വിജിലൻസിനും പരാതി നൽകുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി റജി മലയാലപ്പുഴ പറഞ്ഞു. വ്യാജ രേഖകൾ ചമച്ച് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൈവശപ്പെടുത്തിയ കന്നിമലയിലെ ഭൂമികളുടെ ആദ്യകാല സർവ്വേ രേഖകൾ വച്ച് അളന്ന് തിട്ടപ്പെടുത്തി സർക്കാർ ഭൂമി തിരികെ പിക്കാനുള്ള നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment