ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ പേരിലുള്ള കണ്ടൽക്കാട് നശീകരണം തടയുക




രണ്ട് പ്രളയവും ഇപ്പോൾ  അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കോവിഡ്- 19 എന്ന മഹാമാരിയും കേരളത്തിന് നൽകുന്ന തിരിച്ചറിവുകളെ പാടെ അവഗണിച്ചുകൊണ്ടും നിസാരവത്കരിച്ചുകൊണ്ടും കണ്ണൂർ ജില്ലയിൽ അതീവ പാരിസ്ഥിതിക പ്രാധന്യമുള്ള കണ്ടൽക്കാടുകൾക്കുനേരെ നടക്കുന്ന നശീകരണപ്രവർത്തനങ്ങളിലേക്ക് അധികാരികളുടെ  അടിയന്തിര ശ്രദ്ധക്ഷണിക്കുകയാണ്.


കൃഷി /ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെ  നടപ്പാക്കുന്ന ഒരു നെല്ലും ഒരു മീനും  പദ്ധതിയുടെ പേരിലാണ്  ഈ  കടന്നുകയറ്റം നടക്കുന്നതെന്നത് പൊതുജനങ്ങൾക്കിടയിലും പ്രത്യേകിച്ച് ഒരു ജീവിതം  മുഴുവൻ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി സമർപ്പിച്ച ശ്രീ  കല്ലേൻ പൊക്കുടന്റെ പേരിലുള്ള ട്രസ്റ്റിനും വലിയ ആശങ്കയും നിസ്സഹായതയും സൃഷ്ടിക്കുന്നുണ്ട്. ഇതിലേക്കായി  രണ്ട്  കാരണങ്ങൾ ചൂണ്ടികാണിക്കാനാണ് ഉദ്ദേശിക്കുന്നത്. 


1. കണ്ണൂരിലെ പ്രാദേശിക പാരമ്പര്യകൃഷിരീതിയായ കൈപ്പാട് കൃഷിയെ(പൊറ്റകൃഷി) സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യതയില്ലാത്ത അറിവിനെ ചൂഷണം ചെയ്തും  തെറ്റിദ്ധരിപ്പിച്ചുമാണ് ഇതിനാവശ്യമായ സാമ്പത്തികസഹായവും അനുമതിയും സർക്കാരിൽ നിന്ന് ചിലർ ഈടാക്കുന്നത്. കുറച്ചുകൂടി വ്യക്തമാക്കിയാൽ കണ്ടൽക്കാടുവെട്ടിതെളിച്ചുകൊണ്ട്  'പൊറ്റ'കൂട്ടാൻ കഴിയില്ലെന്ന്  ഈ കൃഷിരീതിയെ കുറിച്ച് പ്രാഥമികമായ ധാരണയുള്ളവർക്കറിയാവുന്ന ഒരു അടിസ്ഥാനകാര്യമാണ്.  കാരണം കണ്ടൽക്കാടുകളുടെ  അതിശക്തമായ വേരുകളാണ് ആ ചെടികളുടെ ഒരു പ്രധാന സവിശേഷത. കൈപ്പാട് കൃഷിപണിക്ക്  ആദ്യം ചെയ്യേണ്ട  പൊറ്റകൂട്ടൽ അതുകൊണ്ടുതന്നെ  കണ്ടൽക്കാടുകൾ വെട്ടിത്തെളിച്ച ഒരു കൈപ്പാട്ടിൽ സാധ്യമല്ലെന്നത്  ഈ കൃഷിപണിചെയ്തു ജീവിച്ച ഏതൊരാൾക്കും അറിയാവുന്ന കാര്യമാണ്. ചേറിൽ ആണ്ടിറങ്ങിയ വേരുകൾ നിലനിൽക്കെ കൈക്കോട്ട് ( തൂമ്പ) ഉപയോഗിച്ച് ചേറുകൊത്തികൂട്ടി കൂനയുണ്ടാകാൻ കഴിയില്ലല്ലോ.  അതിന് പകരം  സർക്കാർ പണം തട്ടിയെടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ടുനടക്കുന്ന  ഈ കൃഷിയിറക്കലുകാർ ചെയ്യുന്നത്  ഹിറ്റാച്ചി (ജെ സി ബി) പോലുള്ള സംവിധാനം ഉപയോഗിച്ച്  ആഴത്തിൽ ചെളിമണ്ണിളക്കിയെടുത്ത്  ചുറ്റിലും ചിറകെട്ടുകയും ആഴമേറിയ ഭാഗത്തെ  ഉപ്പ്നഞ്ചുകലർന്ന  അടിമണ്ണ് കൊത്തികൂട്ടി കൃഷിയിറക്കാമെന്നു വ്യാമോഹിക്കുകയുമാണ്. കൈപ്പാട് നിലത്തെ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യത്തെ മറികടക്കാൻ വേണ്ടിയാണ്  യഥാർത്ഥത്തിൽ പൊറ്റകൃഷി എന്ന ഈ കൃഷിസമ്പ്രദായം തന്നെ കണ്ണൂരിലെ കർഷകർ വികസിപ്പിച്ചെടുത്തത് എന്ന വസ്തുതയാണ് ഇവിടെ മറക്കപ്പെടുന്നത്. ആഴത്തിൽ ചെളി ഇളക്കിയെടുക്കുന്നതോടെ ഉപ്പുവെള്ളം ശക്തമായി കയറാനുള്ള സാധ്യത വർദ്ധിപ്പി ക്കുന്നുവെന്ന് മാത്രമല്ല  മണ്ണിന്റെ ഫലപുഷ്‌ടി(Fertility )നഷ്ടപ്പെടുത്തു ന്നതോടൊപ്പം എണ്ണിതിട്ടപ്പെടുത്താൻ കഴിയാത്തത്രയും വരുന്ന ജൈവവൈവിധ്യം ഒറ്റയടിക്ക് ആ നിലത്തുനിന്ന് തുടച്ചുനീക്കുകയുമാണ് ചെയ്യുന്നത്. ഇതെല്ലാം കാണിക്കുന്നത്  കൃഷിയുടെ വിജയമല്ല ജനങ്ങളുടെ കാശ്  ഫിഷറീസ് വകുപ്പിനെ  തെറ്റിധരിപ്പിച്ചുകൊണ്ട്  വസൂലാക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നാണ്. ഇത് അനുവദിച്ചു കൂടാ. മറിച്ച്  കണ്ടൽ ഇല്ലാത്ത കൈപ്പാടുകളിൽ മാത്രം കൃഷി അനുവദിച്ചുകൊണ്ട് സർക്കാർ  ഈ കാര്യത്തിൽ കുറച്ചുകൂടി കൃത്യത വരുത്തേണ്ടത്  ജനങ്ങളുടെയും സംസ്ഥാനത്തിന്റെ  ജനിതക വിഭവകേന്ദ്രമായി പ്രഖ്യാപിക്കേണ്ട കണ്ണൂരിലെ കണ്ടൽക്കാടുകളുടെ നിലനില്പിന്റെയും പ്രശ്നമാണ്. 


2. വേണ്ടത്ര വീണ്ടുവിചാരമില്ലാതെയും ലാഘവബുദ്ധിയോടെയും  താത്കാലിക ലാഭത്തിനുവേണ്ടി നടക്കുന്ന ഈ  കൈയേറ്റം പ്രകൃത്യാ സുലഭമായി കണ്ടൽക്കാടുകൾക്കിടയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ചെമ്മീൻ സമ്പത്തിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാന്നെന്ന്  തദ്ദേശവാസിയും സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശ്രദ്ധേയനായ ശാസ്ത്രജ്ഞനുമായ  ശ്രീ. ഡോ. ജാഫർ പാലോട് ഇരുപതുവർഷം മുൻപുതന്നെ തന്നെ തന്റെ പഠനങ്ങളിലൂടെ മുന്നറിയിപ്പ് തന്നിട്ടുള്ളതാണ്. ഇതനുസരിച്ച്  ആസൂത്രിതമല്ലാത്ത അശാസ്ത്രീയ  രീതിയിലുള്ള ബണ്ടുനിർമ്മാണം കാരണം കണ്ടൽക്കാടുകൾക്കും അവയോടനുബന്ധിച്ചു ജീവിക്കുന്ന മത്സ്യസമ്പത്തിനും  വന്ന നാശനഷ്ടങ്ങൾ കണക്കില്ലാത്തതാണ്. വേനൽ കാലത്ത് ഓരുവെള്ളം കയറ്റാതെയും മഴക്കാലത്ത് മലവെള്ളം നിയന്ത്രിച്ചും നെൽകൃഷിക്കായി നമ്മുടെ നദികളിലും കായലുകളിലും കോടികണക്കിന് രൂപ ചെലവഴിച്ചു നിർമ്മിച്ചുണ്ടാക്കിയ ബണ്ടുകൾ നമ്മുടെ സ്വാഭാവിക പരിസ്ഥിതിക്കുണ്ടാക്കിയ വ്യതിയാനങ്ങൾ വളരെ വലുതാണ്.തണ്ണീർമുക്കം ബണ്ടും കാട്ടാമ്പളിയിലെ അനുഭവങ്ങളും ഇതിന് ഉദാഹരണമാണ്. ലാഭക്കൊതിയോടെ മാത്രം നടത്തുന്ന ഇത്തരം പദ്ധതിയിൽ നിന്നും  ഉദ്ദേശിച്ചഫലം കിട്ടാതെ വരികയും കണ്ടൽക്കാടുകൾക്കിടയിൽ ജീവിക്കുന്ന ചെമ്മീനും മൽസ്യങ്ങളുമടക്കമുള്ള   മറ്റു ജീവജാലങ്ങൾക്കും  തങ്ങളുടെ പ്രജനന കേന്ദ്രങ്ങളും തീറ്റപാടങ്ങളും  നഷ്ടപ്പെടുന്നത് മൂലം മൊത്തം മത്സ്യസമ്പത്തിന്റെ ഉല്പാദനശേഷി  ഗണ്യമായി കുറഞ്ഞുവരികയാണെന്നാണ് പഠനങ്ങൾ ചൂണ്ടികാണിക്കുന്നത്.


ഈ സ്ഥിതി നിലനിൽക്കെയാണ് ഒരു കണ്ടൽചെടി പോലും  അവശേഷിപ്പിക്കാതെ വെട്ടിനശിപ്പിച്ചുകൊണ്ട്  ചെമ്മീൻ കൃഷിക്ക് ഒരുങ്ങുന്നത് എന്നത് പൊതുജനങ്ങളുടെ മാത്രമല്ല സർക്കാരിന്റെ കൂടി സാമാന്യബോധത്തെ വെല്ലുവിളിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഉപേക്ഷിക്കപ്പെടുന്ന പാരമ്പരാഗത ചെമ്മീൻ കെട്ടുകൾ സംരക്ഷിക്കാനും അതിനകത്തു സ്വാഭാവികമായി വളരുന്ന കണ്ടൽചെടികൾ സംരക്ഷിക്കാനുമാണ് ചെമ്മീൻ കൃഷി പ്രോത്സാഹിപ്പിക്കാൻ  സർക്കാർ തയ്യാറാക്കേണ്ടത്.


നാല്പത് വർഷത്തെ ശ്രീ കല്ലേൻപൊക്കുടന്റെ കണ്ടൽ പോരാട്ടങ്ങൾക്ക് ശേഷം വളപട്ടണം പുഴയുടെ തീരത്തെ കണ്ടൽക്കാടുകൾ സംരക്ഷിക്കപ്പെട്ടതിന്റെ ഫലമായി പുഴയിലെ മത്സ്യസമ്പത്ത് പതിൻമടങ്ങു വർദ്ധിച്ചിട്ടുണ്ടെന്നകാര്യം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ആദ്യം എതിർത്തിരുന്ന ഈ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികൾ ഒന്നടങ്കം ഇന്ന് അംഗീകരിക്കുന്ന കാര്യമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment