കർക്കിടക വിശേഷങ്ങൾ




കർക്കിടകം പാതിരാപ്പൂവാണ്. കാലപുരുഷന്റെ ഹൃദയമാകുന്നു കർക്കിടകം. ഞണ്ട് കർക്കിടകത്തെ സൂചിപ്പിക്കുന്നു. സൂര്യൻ കാല പുരുഷന്റെ ആത്മാവും ചന്ദ്രൻ മനസ്സുമാകുന്നു. രാശി ചക്രങ്ങൾ അവയവങ്ങളും. 


മിഥുനം 31 (ജൂലൈ 16 ) പകൽ 4 മണി 24 മിനിട്ടിന് കർക്കിടക രവി സംക്രമം. കർക്കിടക സംക്രാന്തി നാൾ പൊട്ടിയും ശീവോതിയും യാങ്ങ് നടക്കും. വീടും പരിസരവും പറമ്പും വൃത്തിയാക്കുന്ന സമയം. തെങ്ങിന് തടം തുറക്കുന്ന സമയം ഭൂമിയുടെ വീണ്ടെടുപ്പിന്റെ നാളുകൾ. മണ്ണിന്, മനസ്സിന്, ശരീരത്തിന് വിമലീകരണം നടക്കുന്ന കർക്കിടക വഴികൾക്ക് തുടക്കം കുറിയ്ക്കുന്നു. ജൂലൈ 17 ന് കർക്കിടകം 1 ആണ്. ദക്ഷിണായനം ആരംഭിക്കുന്നു. സൂര്യൻ തെക്ക് ദിശയിലേക്ക് സഞ്ചരിക്കാൻ തുടങ്ങുന്നു. ദക്ഷിണായനം പിതൃ /മാതൃ പ്രധാനമാണ്.ദക്ഷിണായനത്തിലെ ആദ്യ അമാവാ സിയാണ് കർക്കിടക വാവ്. ആഗസ്റ്റ് 8 / കർക്കിടകം 23 ന് കറുത്തവാവ്/ കർക്കിടക വാവ്. മരിച്ച ആത്മാക്കൾക്കുള്ള കടം വീട്ടുന്ന ദിവസം. ആത്മാക്കൾ തൊപ്പിക്കുട ചൂടി വരുന്ന ദിവസം. തവിടട ഉണ്ടാക്കി, തവിടുണ്ട ഉണ്ടാക്കി കടം വീട്ടുന്നു. കർക്കിടകം 8/ ജൂലൈ 24 പാർണ്ണമി. കടലററിവുകൾക്ക് കനം വയ്ക്കുന്ന കാലം. വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും നാട്ടറിവുകളുടെ ദിനങ്ങൾ.


കർക്കിടകം ആത്മശുദ്ധീകരണത്തിന്റെ മാസമാണ്. രാമായണമാസവും. ഇല്ലം നിറയുടെയും പുത്തരിയുടെയും നാൾ. നിറ നിറ, പൊലി, പൊലി.......
എല്ലാം പൊലിക്കുന്ന നാളുകൾ. കുറവൻ പാട്ടിന്റെയും പുള്ളുവൻ പാട്ടിന്റെയും രാവേലി വായനയുടെയും സമയം. പത്തിലയുടെ കാലം.പത്തില കറിയുടെ കാലം. ദശപുഷ്പം ചൂടുന്ന പ്രഭാതങ്ങൾ. മുക്കുറ്റിപ്പൊട്ടുടതൊടുന്ന കാലം.ഉ ലുവ കഞ്ഞിയുടെ / ദശപുഷ്പകഞ്ഞിയുടെ / ഉലുവ ഉണ്ടയുടെ / പിഴിച്ചിലിന്റെ / ധാരയുടെ ഒക്കെ കാലമാകുന്നു കർക്കിടകം. തേച്ചുകുളിയുടെ കാലവുമാണ്. ഔഷധ സേവ കർക്കിടകം 16 നാണ്. കൊടുവേലി കിഴങ്ങ് ശുദ്ധി ചെയ്ത് ചാണ മേലരച്ച് നെയ്യ് ചേർത്തു കഴിക്കുന്നതാണ് ഔഷധ സേവ, ഇലക്കറിയുടെ ദോഷം പരിഹരിക്കാനാണ് ഔഷധ സേവ നടത്തുന്നത്. തിരുവാതിര, പുണർതം പൂയം ഞാറ്റുവേലക്കാലം. വർഷ ഋതുവിന്റെ കാലം.
ചുരുക്കത്തിൽ, മണ്ണിന്റെ, മനസ്സിന്റെ, ശരീരത്തിന്റെ പ്രകൃതിയുടെ കാലകല്‌പ ചികിത്സാ കാലമാണ് കർക്കിടകം. പണ്ട് കർക്കിടകം കള്ള കർക്കിടക മായിരുന്നു. മഴക്കാലമായിരുന്നു. പഞ്ഞമാസമായിരുന്നു. കർക്കിടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു എന്നാണ് പ്രമാണം. ഇടവം മുതൽ കർക്കിടകം വരെ നടക്കുന്ന ചടങ്ങുകൾ ലക്ഷ്യം വയ്ക്കുന്നത് ചിങ്ങത്തെയാണ്. പുതുവർഷത്തെയാണ്. ഓണത്തെയാണ്. ഓണത്തപ്പനെയാണ്. പൂക്കളത്തെയാണ്.


എല്ലാവർക്കും കർക്കിടക ആശംസകൾ. എല്ലാവരുടെയും മനസ്സിൽ പാതിരാ പൂവ് / കൊടുവേലി പൂവ് വിരിയട്ടെ.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment