പരിസ്ഥിതി ആഘാത പഠനം: അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് കര്‍ണ്ണാടക ഹൈക്കോടതിയുടെ സ്റ്റേ
പരിസ്ഥിതി ആഘാതപഠനം അന്തിമ വിജ്ഞാപനം ഇറക്കുന്നത് സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവ്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പരിശോധിക്കാന്‍ ജുഡീഷ്വല്‍ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ സ്റ്റേ. പരിസ്ഥിതി നിയമത്തിന്‍റെയും സുപ്രീംകോടതി വിധികളുടെയും ലംഘനമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു പരിസ്ഥിതി ട്രസ്റ്റാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. 


പരിസ്ഥിതി ആഘാത പഠനം കരട് വിജ്ഞാപനം വിശദമായി പരിശോധിക്കാന്‍ സുപ്രീംകോടതിയിലേയോ, ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കണമെന്നും അതിന് ശേഷമേ അന്തിമ വിജ്ഞാപനം ഇറക്കാന്‍ പാടുള്ളു എന്നായിരുന്നു എന്നുമായിരുന്നു ആവശ്യം.


കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ് അയച്ച കര്‍ണാടക ഹൈക്കോടതി കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ അന്തിമ വിജ്ഞാപനം ഇറക്കരുതെന്ന് ഉത്തരവിട്ടു. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക ഹൈക്കോടതി കേസില്‍ വിശദമായി വാദം കേള്‍ക്കും.


ഡിസംബറിന് മുൻപ് അന്തിമ വിജ്ഞാപനം പുറത്തിറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് കര്‍ണാടക ഹൈക്കോടതി ഉത്തരവ് തിരിച്ചടിയാണ്. പ്രാദേശിക ഭാഷകളില്‍ കരട് വിജ്ഞാപനം പുറത്തിറക്കാനുള്ള ഡൽഹി ഹൈക്കോടതി ഉത്തരവ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ‍സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരുന്നു. അത് തള്ളിയ സുപ്രീംകോടതി ഹൈക്കോടതിയെ തന്നെ സമീപിക്കാനായിരുന്നു കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചത്. ആ കേസുകളും ഡൽഹി, കര്‍ണാടക ഹൈക്കോടതികളിലുണ്ട്. തത്വത്തില്‍ പരിസ്ഥിതി ആഘാത പഠനം അന്തിമ വിജ്ഞാപനം ഇറക്കാനുള്ള നീക്കത്തിന് വലിയ നിയമക്കുരുകളാണ് കേന്ദ്രത്തിന് മുന്നിലുള്ളത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment