തൊഴിലാളിയായി വേഷം മാറി ഖനന മാഫിയയെ പിടിച്ച് കെട്ടി ഒരു തഹസിൽദാർ




ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ കേരള സര്‍ക്കാര്‍ സര്‍വീസ്സുകളെ പറ്റി പൊതുവെ നമ്മുടെ നാട്ടുകാരുടെ അഭിപ്രായങ്ങള്‍ തൃപ്തികരമല്ല. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ അഴിമതിയാല്‍ കുപ്രസിദ്ധമാണ്. സംസ്ഥാനത്തെ ഏറ്റവും അധികം അഴിമതി നടക്കുന്ന വകുപ്പ് ഏതെന്ന ചോദ്യത്തിന് നല്‍കുന്ന ഉത്തരങ്ങളില്‍ ഏറ്റവും മുന്നിൽ ഖനനവുമായി ബന്ധപെട്ടാണെന്നു പറയാം. അതിനര്‍ഥം അത്തരം വകുപ്പുകളിലുള്ളവര്‍ എല്ലാം അഴിമതിക്കാരാണ് എന്നല്ല. എന്നാല്‍ ഭൂരിപക്ഷവും അഴിമതി ചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ നടക്കുന്നുത്. കേരളത്തില്‍ major mining നടക്കുന്നില്ല എന്ന് പറയാമെങ്കിലും minor ഖനന രംഗത്ത്‌ (മണല്‍, ചെങ്കല്‍, പാറ) അഴിമതി എത്ര ഭീകരമായിരിക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ സംസ്ഥാന നിയമ സഭയുടെ പരിസ്ഥിതി പഠന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മതി. ഏറ്റവും അവസാനം പുറത്തു വന്ന ശ്രീ മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ സമിതിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ കേരളത്തിലെ ഖനന രംഗം മാഫിയകളാല്‍ നിയന്ത്രിക്കുന്നു എന്നാണ് സമിതി രേഖപെടുത്തിയത്.


സംസ്ഥാനത്തെ റവന്യൂ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകള്‍, അതിന്‍റെ ഭാഗമായ കളക്റ്റര്‍, RDO, അതിന്‍റെ കീഴിലുള്ള തഹസീല്‍ദാര്‍, വില്ലേജ് ഓഫീസുകള്‍ക്ക് ഖനന രംഗത്തെ നിര്‍ണ്ണായക പങ്കുവഹിക്കുവാന്‍ അധികാരങ്ങള്‍ ഉണ്ട്. വെള്ളപൊക്കം ക്ഷണിച്ചു വരുത്തിയ വിഷയങ്ങളെ പറ്റി നമ്മള്‍ സംസാരിക്കുമ്പോള്‍ നാട്ടിലെ ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍ വര്‍ധിച്ച ചൂട്, സ്വഭാവങ്ങള്‍ മാറി എത്തുന്ന മഴ മുതലായവ ഉണ്ടാകുവാന്‍ കാരണമാക്കിയ വിഷയങ്ങളോടുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ സമീപനങ്ങൾ നിരുത്തരവാദപരമാണ്. വികസന സമീപനങ്ങളുടെ തീരുമാനത്തിലും നടത്തിപ്പിലും ചെറുതല്ലാത്ത പങ്കു വഹിക്കുന്ന ഉദ്യോഗസ്ഥന്‍ മിക്കപ്പോഴും തെറ്റായ കാഴ്ച്ചപാടുകള്‍ നടപ്പിലാക്കുവാന്‍ അമിത ആവേശം കാണിക്കുന്നതായി നാട്ടുകാർക്ക്  അനുഭവപെടാറുണ്ട്. സംസ്ഥാനത്തെ പ്രളയാനന്തര പ്ലാനിംഗിനായി  വിദേശ Consultancy യെഎത്തിച്ചതും  കേരളത്തിലുള്ള  രണ്ടു ഡസ്സന്‍ ഗവേഷണ സംവിധാനങ്ങളെ വിഷയങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയതും ഉദ്യോഗസ്ഥരുടെ താല്പര്യങ്ങള്‍ക്ക് ലഭിച്ച മുന്‍തൂക്കത്താല്‍ ആയിരുന്നു എന്നാക്ഷേപം ഉണ്ടായി. കേരളത്തിന്‍റെ പരിമിതമായ നിയമങ്ങളെ നടപ്പില്‍ കൊണ്ടുവരുവാന്‍ കര്‍ക്കശ നിലപാടുകള്‍ കൈകൊള്ളുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഭാവം നാട്ടില്‍ അധികമായികൊണ്ടിരിക്കുന്നു.

 
കര്‍ണ്ണാടകയില്‍ നടക്കുന്ന ഇരുമ്പ് ഖനനം ഒരു തരത്തിലുള്ള രാഷ്ടീയ മാഫിയ വിഷയമായി മാറിയിട്ടുണ്ട്. ഒരു മുഖ്യമന്ത്രിക്ക് പോലും സ്ഥാനം ഒഴിയേണ്ടിവന്ന സാഹചര്യം മറക്കുവാന്‍ കഴിയില്ല. ബെല്ലാരി ജില്ലയില്‍ നടക്കുന്ന ഖനനവും മാഫിയ പ്രവര്‍ത്തനവും അതില്‍ അംഗങ്ങളായ റെഡി സഹോദരങ്ങള്‍ എന്ന കുപ്രസിദ്ധി നേടിയ ആളുകളും അനധികൃത ഇരുമ്പ് കയറ്റുമതിയും ഒക്കെ കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ സാധരണ സംഭവാക്കഴിഞ്ഞു. ഇതേ നാട്ടില്‍ ഒരു തഹസീല്‍ദാര്‍ വേഷ പ്രച്ഛന്നനായി തൊഴിലാളികള്‍ക്കൊപ്പം പണിചെയത്, ഖന്നന രംഗത്തെ നിയമലംഘനങ്ങള്‍ മനസ്സിലാക്കുവാന്‍ രംഗത്ത്‌ വന്നു. ഔദ്യോഗിക വേഷത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തുവാനുള്ള ശ്രമങ്ങള്‍ ആവര്‍ത്തിച്ച്‌ പരാജയപെട്ടപ്പോള്‍ ഷിമോഗയിലെ ജെജന്ന ഹള്ളി എന്ന ഗ്രാമത്തിലെ ഖനന ഭൂമിയില്‍ തൊഴിലാളിയായി എത്തി പണി എടുത്തു. നിയമലംഘനങ്ങള്‍ മനസ്സിലാക്കി വാഹനവും മറ്റും പിടിച്ചെടുത്തു. നാട്ടുകാരടെ ചില പരാതിയുടെ അടിസ്ഥാനത്തില്‍ പലതവണ അവിടെ എത്തിയിട്ടും ഖനന ഭൂമിയില്‍ കയറി കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയാത്ത ഉദ്യോഗസ്ഥന്‍ പ്രശ്ചന്ന വേഷത്തില്‍ എത്തി നടപടികള്‍ കൈ കൊള്ളുകയായിരുന്നു. കര്‍ണ്ണാടകയില്‍ ബെല്ലാരി, റയിച്ചൂര്‍ ജില്ലകളില്‍ നടന്നു വരുന്ന ഖനനങ്ങള്‍ വരണ്ട ഭൂമികളെ  മരുഭൂമിയാക്കി. 


കേരളത്തില്‍ നടക്കുന്ന വിവിധ ഖനനവും അതുമായി ബന്ധപെട്ട് നടക്കുന്ന നിയമ ലംഘനങ്ങളും അനുസ്യൂതം തുടരുകയാണ്. സര്‍ക്കാര്‍ തന്നെ നിയമങ്ങളില്‍ വെള്ളം ചേര്‍ത്ത് ഖനങ്ങളെ എളുപ്പം ആക്കികൊണ്ടിരിക്കുന്നു. നിയമലംഘങ്ങള്‍ക്ക് കൂട്ടു നില്‍ക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തുക പ്രയാസമായി മാറി കഴിഞ്ഞു.ജന പ്രതിനിധികള്‍ പരാമവധി ഖനന മാഫിയകള്‍ക്കായി രംഗത്ത്‌ വരുന്നതില്‍ ഒരു മടിയും കാട്ടുന്നില്ല. കുടിവെള്ള ക്ഷാമം, ഉരുള്‍ പൊട്ടല്‍, വരള്‍ച്ച മുതലായ പ്രശ്നങ്ങള്‍ രൂക്ഷമായി കൊണ്ടിരിക്കെ ഭരണ സംവിധാനം ഖനന വിഷയത്തില്‍ നിരുത്തരവാദികളായി തുടരുന്നു.


കേരളത്തിന്‍റെ 14 കലക്റ്റര്‍മാര്‍, 21 RDO ഓഫീസ്സുകള്‍, 63 താലൂക്കാഫീസ്സ്, 1453 വില്ലേജാഫീസ്സ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ആലപ്പുഴ ഒഴിച്ച് നിര്‍ത്തിയാല്‍ ഖനനങ്ങള്‍ വളരെയധികം നടക്കുന്നു. അതില്‍ എത്ര എണ്ണം നിയമ ലംഘനങ്ങളായി തുടരുന്നു എന്ന് മനസ്സിലാക്കുവാന്‍ ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഷിമോഗയിലെ തഹസീല്‍ദാര്‍ കൈകൊണ്ട മാര്‍ഗ്ഗം അവലംബിക്കുവാന്‍ ഇതു വാരെ രംഗത്ത് വന്നിട്ടില്ല.


സംസ്ഥാനം വെള്ളപൊക്കത്താല്‍ മുങ്ങി താണപ്പോഴും ഉരുള്‍പൊട്ടലിലൂടെ നിരവധി ആളുകള്‍ മരിച്ചപോഴും വേനല്‍ ചൂടില്‍ നാട് വെന്തുരുകിയപ്പോഴും നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടായിട്ടില്ല.. ഇനി ഉണ്ടാകുമോ എന്നതായിരിക്കും പ്രസക്തം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment