കാസർഗോഡ് ക്വാറിക്കെതിരെ സമരം നടത്തുന്ന വനിത ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് നേരെ അക്രമം




കാസർഗോഡ്: ക്വാറിക്കെതിരെ ആക്ഷന്‍ കമിറ്റി രൂപീകരിച്ച്‌ സമരം നടത്തുന്ന വനിത ബ്ലോക്ക് പഞ്ചായത്ത് മെമ്പറെ ആക്രമിച്ചതായി പരാതി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ജില്ലാ പരിസ്ഥിതി യുവ സമിതി അംഗവും പട്ടികവര്‍ഗ വിഭാഗക്കാരിയുമായ രാധാ വിജയനെയാണ് ക്വാറി മാഫിയ സംഘം ആക്രമിച്ചത്. പരപ്പ മുണ്ടത്തടം ആദിവാസി ഊരിന് സമീപത്തെ ക്വാറിക്കെതിരെയാണ് ഇവർ സമരം നടത്തി വന്നിരുന്നത്. 


പരിക്കേറ്റ രാധയെ പൂടങ്കല്ല് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ക്വാറി ഉടമയുടെ ലോറി ഡ്രൈവര്‍ രജീഷിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. രാധ വിജയനെ അക്രമിച്ച ക്വാറി മാഫിയക്കെതിരെ പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്ത് ശിക്ഷിക്കണമെന്നും ക്വാറി അടച്ച് പൂട്ടണമെന്നും ജില്ലാ പരിസ്ഥിതി യുവ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


അമിതഭാരമുള്ള മെഷിനറി ഉപകരണങ്ങള്‍ അപകടകരമായി സുരക്ഷാ സംവിധാനവുമില്ലാതെയും കടത്തി കൊണ്ടുവരുന്നതിനിടയില്‍ ലോറിയില്‍ നിന്നും റോഡില്‍ പതിക്കുകയും റോഡ് തകരുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്യുമ്പോഴാണ് രാധാവിജയന്റെ ഫോട്ടോ അവരുടെ സമ്മതമില്ലാതെ ലോറി ഡ്രൈവര്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് തനിക്കെതിരെ ആക്രമണമുണ്ടായതെന്ന് രാധ പറയുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment