ജലക്ഷാമം പരിഹരിക്കാന്‍ നദീതട വികസന പദ്ധതിയുമായി കാസർഗോഡ് ജില്ലാ ഭരണകൂടം




കാസർഗോഡ് ജില്ലയുടെ വടക്കൻ മേഖലയിലെ ജലക്ഷാമം പരിഹരിക്കാന്‍ നദീതട വികസന പദ്ധതിയുമായി ജില്ലാ ഭരണകൂടം രംഗത്ത്. ലാറ്ററൈറ്റ് ഭൂപ്രദേശങ്ങള്‍ കൂടുതലുള്ള മഞ്ചേശ്വരം മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലം വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാമമാണു നേരിടാറുള്ളത്. ഈ സാഹചര്യത്തെ പ്രതിരോധിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്.


ആദ്യ ഘട്ടത്തില്‍ മഞ്ചേശ്വരം താലൂക്കിലെ അഞ്ച് നദീ തടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. മഞ്ചേശ്വരം, ഉപ്പള, ഷിറിയ, കുമ്ബള, മൊഗ്രാല്‍ എന്നീ അഞ്ചു നദികളോടനുബന്ധിച്ച്‌ വിവിധ പ്രദേശങ്ങളിലായി സര്‍ക്കാര്‍, സ്വകാര്യ ഭൂമികളുള്‍പ്പെടെ 418 സ്ഥലങ്ങള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഷിറിയ - 179, ഉപ്പള - 150, മൊഗ്രാല്‍ - 74, മഞ്ചേശ്വരം - 4, കുമ്പള - 11 എന്നിങ്ങനെയാണ് ജലസംഭരണികള്‍ക്കുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. മെയ് 15നകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 


ചെറുകുളങ്ങളടക്കം നിരവധി ജലസംഭരണികളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. നദീജലത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ പ്രയോജനപ്പെടുത്തി നദികളില്‍ നിന്നും പത്തു മുതല്‍ പതിനഞ്ച് ഡിഗ്രി വരെ വ്യത്യാസത്തില്‍ പുതിയ കൈവഴികളിലൂടെ പുതുതായി നിര്‍മ്മിക്കുന്ന ജലസംഭരണികളിലേക്ക് വെള്ളമെത്തിക്കുകയാണ് പദ്ധതി. കുറഞ്ഞത് 7ഃ9ഃ3 ഘനമീറ്റര്‍ അളവിലുള്ള കുഴികളാണ് നിര്‍മ്മിക്കുക. സ്ഥല ലഭ്യതയനുസരിച്ച്‌ കുഴിയുടെ വിസ്തൃതിയും ആഴവും വര്‍ധിപ്പിക്കും. അധികജലം ലഭിക്കുന്ന സ്ഥലങ്ങളില്‍ വീണ്ടും കനാലുകളും കൈവഴികളും നിര്‍മ്മിച്ച്‌ പുതിയ കുളങ്ങളും ജലസംഭരണികളും നിര്‍മ്മിക്കും. 


ആദ്യത്തെ മൂന്നു വര്‍ഷം വരെ ജലസംഭരണികളില്‍ വെള്ളം കെട്ടിനില്‍ക്കില്ലെങ്കിലും അഞ്ചു വര്‍ഷം കൊണ്ട് ജലനിരപ്പില്‍ കാര്യമായ വര്‍ധനവുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലായി 5,000 ചെറുകുളങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment