മണ്ണ് മാഫിയ യുവാവിനെ കൊന്ന സംഭവം; പോലീസിന് വീഴ്ച പറ്റിയെന്ന് റൂറല്‍ എസ്.പി




കാട്ടാക്കട: കാട്ടാക്കട അമ്പലത്തിൻകാലയില്‍ സ്വന്തം ഭൂമിയില്‍നിന്നു മണ്ണുകടത്തുന്നതു തടഞ്ഞ യുവാവിനെ മണ്ണുമാന്തിയന്ത്രംകൊണ്ട് ഇടിച്ചുകൊന്ന സംഭവത്തില്‍ സമയോചിതമായി ഇടപെടുന്നതില്‍ പോലീസിനു വീഴ്ചപറ്റിയതായി റൂറല്‍ ജില്ലാ പോലീസ് മേധാവി പി.അശോക് കുമാര്‍ സമ്മതിച്ചു. വീഴ്ചവരുത്തിയവര്‍ക്കെതിരെ  നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ അറസ്റ്റുചെയ്ത വിവരം അറിയിക്കാനായി കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം പോലീസിന്റെ വീഴ്ച സമ്മതിച്ചത്.


സ്വന്തം പുരയിടത്തില്‍നിന്നു മണ്ണിടിച്ചു കടത്തുന്നതായും ജീവനു ഭീഷണിയുള്ളതായും വ്യാഴാഴ്ച രാത്രി 11.45-ഓടെ സംഗീതും ഭാര്യ സംഗീതയും പലവട്ടം ഫോണില്‍ കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ വിളിച്ചിരുന്നതായും എന്നാല്‍, പോലീസ് എത്താന്‍ മണിക്കൂറുകള്‍ വൈകിയതായും ആരോപണമുണ്ടായിരുന്നു. വിളിച്ചപ്പോഴെല്ലാം ജീപ്പില്ല വന്നാലുടന്‍ എത്താമെന്നാണ് സ്റ്റേഷനില്‍ ജോലിയിലുണ്ടായിരുന്നവര്‍ പറഞ്ഞതെന്നും ആരോപണമുണ്ട്.


സ്റ്റേഷനില്‍നിന്നു കേവലം 20 മിനിറ്റുകൊണ്ട് എത്താവുന്ന സ്ഥലത്ത് പോലീസ് എത്തിയത് ഒന്നര മണിക്കൂറോളം കഴിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ്. അപ്പോഴേക്കും പ്രതികള്‍ സംഗീതിനെ ഇടിച്ചുവീഴ്ത്തി വാഹനങ്ങളുമായി രക്ഷപ്പെട്ടിരുന്നു. മണ്ണിടിക്കുന്നതായി സ്റ്റേഷനില്‍ വിവരം അറിയിച്ചിട്ടും അക്രമികളും മണ്ണുമാന്തിയന്ത്രവും ടിപ്പറുകളും പോയെന്ന് ഉറപ്പുവരുത്തിയശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്നാരോപിച്ച്‌ നാട്ടുകാര്‍ പോലീസിനെതിരെ സ്ഥലത്ത് പ്രതിഷേധിക്കുകയും ചെയ്തു. 


കാട്ടാക്കട പോലീസ് സ്റ്റേഷനിലെ ചില പോലീസുകാര്‍ക്ക് മണ്ണുകടത്ത് മാഫിയയുമായി ബന്ധമുണ്ട് എന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു പോലീസിന്റെ നടപടിയെന്നും ആരോപണമുണ്ട്. എന്നാല്‍, ഒരു തവണ മാത്രമാണ് സംഗീത് സ്റ്റേഷനിലേക്കു വിളിച്ചതെന്നാണ് സ്റ്റേഷന്‍ ജോലിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഉണ്ടായിരുന്ന ജീപ്പ് പട്രോളിങ്‌ നടത്തുകയായിരുന്നു എന്നുമാണ് ന്യായം. പോലീസിന്റെ വീഴ്ചയെക്കുറിച്ച്‌ അന്വേഷണമുണ്ടാകുമെന്ന് രണ്ടു ദിവസം മുൻപ് സൗത്ത് സോണ്‍ ഡി.ഐ.ജി. സഞ്ജയ് കുമാര്‍ ഗുരുഡിനും പറഞ്ഞിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment