പ്രകൃതി ദുരന്തങ്ങളുടെ ഒരു പേരാകുന്നു കേരളം




2018, 2019, 2020ലെ പ്രളയത്തിൻ്റെ ഒരിരയാണ് ഞാൻ, മൂന്ന് വട്ടവും വീട് വിട്ടു പോകേണ്ടി വന്നവൻ. ആഗസ്റ്റിനെ വല്ലാതെ പേടിച്ചു തുടങ്ങിയിരിക്കുന്നു. ഈ വർഷവും ആഗസ്റ്റ് വല്ലാതെ പേടിപ്പിച്ചു കടന്നു പോയി. 

 
പിന്നെ ആവർത്തിച്ചു വരുന്ന പ്രകൃതിദുരന്തങ്ങൾ, ഉരുൾപ്പൊട്ടലുകൾ, ചുഴലിക്കാറ്റുകൾ, മണ്ണിടിച്ചിലുകൾ, തകരുന്ന പശ്ചിമഘട്ടം, കൊടും വരൾച്ച, ഒഴുകാത്ത പുഴകൾ, ഇടിച്ചു നിരത്തുന്ന മലകൾ, രാസ വിഷ മലിനീകരണം കൊണ്ട് പൊറുതിമുട്ടിയ ജലസ്രോതസ്സുകൾ, മലിനീകരിച്ച വായു, ജൈവികത ചോർന്നു പോയ മണ്ണ്, അനധികൃത ക്വാറികൾ, വന നശീകരണം, നിയമാനുസൃതമായ നിയമ ലംഘനങ്ങൾ, നികത്തപ്പെടുന്ന തണ്ണീർത്തടങ്ങൾ, വയലുകൾ, കാട്ടുതീ വനം കയ്യേറ്റങ്ങൾ, കുഴിച്ചുമൂടിയ ഗാഡ് ഗിൽ റിപ്പോർട്ട്, കൂടിയ കാർബൺ എമിഷൻ, പ്രകൃതി വിഭവ കൊള്ളകൾ കുടിയിറക്കപ്പെട്ട കുടുംബങ്ങൾ, പുനരധിവാസ ലംഘനങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, കുതിച്ചുയരുന്ന പോക്സോ കേസുകൾ, സ്ത്രീ പീഡനങ്ങൾ, ചിതലരിച്ച ഭരണഘടനാ സ്ഥാപനങ്ങൾ, തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വച്ചു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കക്ഷിരാഷ്ട്രീയക്കാർ, നിയമ ലംഘനങ്ങൾക്കായി ഒരു ബ്യൂറോക്രസി, കടക്കെണിയകപ്പെട്ട സമ്പദ്ഘടന, കൺസൽട്ടൻസി രാജുകൾ, വെള്ളംപ്പൊക്കം പോലെ പടരുന്ന പരസ്യങ്ങൾ, മാർക്കറ്റിംഗ് ഫീച്ചറുകൾ, തെരഞ്ഞെടുപ്പു പ്രചരണ വേദിയാക്കുന്ന സ്ഥിരം പത്രസമ്മേളനങ്ങൾ, സോഷ്യൽ മീഡിയയിലെ ശമ്പളം പറ്റി എഴുതി കൊണ്ടിരിക്കുന്ന കൂലിയെഴുത്തുകാർ, സെക്രട്ടേറിയറ്റ് തൻ്റെ ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച് ചാതുർവർണ്യം നടപ്പാക്കാൻ ശ്രമിക്കുന്ന ചീഫ് സെക്രട്ടറി വാഴുമിടം അങ്ങിനെ അങ്ങിനെ നീണ്ടുപോകുന്നു കേരളീയാനുഭവങ്ങൾ.

 


ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, ഭൗമ പരിധി ലംഘനങ്ങൾ എല്ലാം ഭരണകൂട തമാശകളായി മാറുന്നത് നാം കാണുന്നില്ലേ? പിച്ചും പേയും പോലെ പറയുന്ന  ഡച്ച് പാഠങ്ങൾ, റൂം ഫോർ റിവർ, പ്രകൃതിസംരക്ഷണത്തിലെ ഇരട്ട താപ്പുകൾ, കടും വെട്ടുകൾ, ശോഷിക്കുന്ന കടൽത്തീരങ്ങൾ, ഒക്കെ വികസന പൂക്കളത്തിൻ്റെ ഭംഗിയും കരുത്തും നഷ്ടപ്പെട്ടത് ഓർമ്മിപ്പിക്കുന്നു. സമസ്തവും വൻ പ്രകൃതിദുരന്തങ്ങളിൽ ചെന്നവസാനിക്കാൻ സാദ്ധ്യതയുണ്ട്, എന്തുകൊണ്ടെന്നാൽ കേരളം വളരെ ഇക്കോ സെൻസിറ്റിവായ ഒരു ഭൂവിഭാഗമാണ്. ഏറ്റവും കൂടുതൽ പ്രകൃതി വിഭവ കൊള്ള നടക്കുന്ന ഒരിടം കൂടിയാണ് കേരളം. എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും കയ്യൊപ്പു ചാർത്തുന്ന ഒരു സർക്കാരും. ദുരന്തം പൂർണ്ണമാവുന്നു. പ്രകൃതി ദുരന്തങ്ങളുടെ ഒരു പേരാകുന്നു കേരളം. ദുരന്തങ്ങളുടെ മാതൃഭൂമി.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment