കോവിഡ് കാല ബജറ്റ്: പരിസ്ഥിതി യാഥാർത്ഥ്യങ്ങളെ പരിഗണിക്കുന്നില്ല - ഭാഗം 2




മണ്ണു ജല സംരക്ഷണത്തെ പറ്റിയും നീർത്തടാസൂത്രണത്തെ പറ്റിയും ബജറ്റ് കണക്കുകൾ അവതരിപ്പിക്കുന്നുണ്ട്. 10000 കി.മി. തോടുകൾ,100 കി.മി. പുഴ വൃത്തിയാക്കും. കയർ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിക്കും. പച്ചതുരുത്തുകൾ വർധിപ്പിക്കും തുടങ്ങിയ ബജറ്റു വിവരണങ്ങൾ സംസ്ഥാനം നേരിടുന്ന പ്രകൃതി രംഗത്തെ വൻ തിരിച്ചടികൾക്ക് പരിഹാര നിർദ്ദേശങ്ങളാകുന്നില്ല. 2016ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെ ആറാം വട്ടവും മറന്നു പോയതായി കാണാം.


ഭൂമിയുടെ വിലമതിക്കുവാൻ കഴിയാത്ത പ്രകൃതി വിഭവങ്ങൾ പുനർ നിർമ്മിക്കുക പൊതുവെ അസാധ്യമാണ്. അവ നൽകുന്ന സുരക്ഷിതത്വം മറ്റൊരിടത്തു നിന്നും കടം വാങ്ങി എടുക്കുവാൻ കഴിയില്ലല്ലൊ. തകർന്ന കുന്നുകളും തടാകങ്ങളും പുഴകളും പുനർനിർമ്മിക്കുവാൻ നമ്മൾ വിജയിച്ചിട്ടില്ല.


500ഏക്കറിൽ നിന്ന് 1000 ഏക്കർ പച്ച തുരുത്ത്. 1000 ഹരിത സമൃദ്ധി വാർഡുകൾ, പഞ്ചായത്തുകളിൽ ഒരു കുളം വീതം സംരക്ഷിക്കും. സർക്കാർ ആഫീസുകൾക്ക് ഗ്രീൻ ഗ്രെഡിംഗ്, 1കോടി ഫല വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കൽ, പരിസ്ഥിതി മിത്ര നിർമ്മാണ രീതികൾ അവലംബിക്കുന്നവർക്ക് ഇളവുകൾ മുതലായ പ്രഖ്യാപനങ്ങൾ ബജറ്റിൽ പറയുന്നു.


ഭൂമിയുടെ ഡേറ്റാ ബാങ്കിനെ പറ്റിയുള്ള വാഗ്ദാനങ്ങൾ (18 മാസത്തിനകം തയ്യാർ എന്ന ഉറപ്പ്) പാഴാക്കായത് മനപ്പൂർവ്വമാണ്. ഭൂമിയുടെ കൈയ്യേറ്റം, മറിച്ചു വിൽക്കൽ, റിയൽ എസ്റ്റേറ്റ് മുതലായ രംഗത്തെ സഹായിക്കുക എന്ന ലക്ഷ്യം വെച്ചുള്ള പദ്ധതിയുടെ ഭാഗമാണ് ഡേറ്റാ ബാങ്ക് തീരുമാനം യാഥാർത്ഥ്യമാകാതിരിക്കുന്നത്. സർക്കാരിൻ്റെ വ്യത്യസ്ഥ സ്വഭാവമുള്ള ഭൂമികൾ അളന്നു തിട്ടപ്പെടുത്തൽ, കൈയ്യേറ്റ ഭൂമി ഒഴിവാക്കൽ, നെൽ വയൽ, തണ്ണീർ തടങ്ങളുടെയും മറ്റും ഘടനയും അതിർത്തിയും സംരക്ഷിക്കുവാൻ സഹായകരമാകുന്ന ഡേറ്റാ ബാങ്ക് തീരുമാനത്തെ പരമാവധി വൈകിപ്പിക്കുന്നത് മനപ്പൂർവ്വമാണ്. കള്ളപ്പണക്കാരെ സഹായിക്കുന്നതിനൊപ്പം ഭൂമിയുടെ ഘടന മാറ്റി മറിക്കുവാനും അനധികൃത ഖനനത്തിനും അവസരമൊരു ക്കുകയാണ്. അതുവഴി ഉണ്ടാകുന്ന പൊതു നഷ്ടം ഒട്ടും കുറവല്ല. ഒരേ സമയം പ്രകൃതി ദുരന്തവും സാമ്പത്തിക നഷ്ടവും അനധികൃത പണമിടപാടും പ്രോത്സാഹിപ്പിക്കുന്ന തീരുമാനത്തെ സർക്കാരിൻ്റെ അവസാന ബജറ്റും തിരുത്തുവാൻ തയ്യാറായിട്ടില്ല.


നെൽ വയൽ നീർത്തട സംരക്ഷണ നിയമത്തെ ശക്തിപ്പെടുത്തുമെന്ന തീരുമാനം അട്ടിമറിക്കപ്പെടുവാൻ സഹായകരമായ അര ഡസനിലധികം ഭേദഗതികൾ 2018ൽ ഉണ്ടായി. 2008 ൽ ഇടതുപക്ഷത്തിൻ്റെ തന്നെ താൽപ്പര്യത്തിൽ രൂപപ്പെടുത്തിയ രാജ്യത്തെ ആദ്യ വയൽ നീർത്തട നിയമത്തെ നിസ്സാരവൽക്കരിക്കുവാൻ ഉമ്മൻ ചാണ്ടി സർക്കാർ ശ്രമിച്ചു. ഭേദഗതികൾ ഒഴിവാക്കി പരിഹരിക്കുമെന്നു പറഞ്ഞവരാണ് 5 വർഷമായി നാട് വാഴുന്നത്. അവർ തന്നെ സംരക്ഷണ നിയമത്തെ കുറെ കൂടി അപ്രസക്തമാക്കി. നെൽ വയൽ നീർത്തട സംരക്ഷണത്തിൻ്റെ പ്രയോഗ വൽക്കരണം ആരംഭിക്കേണ്ടത് ഡേറ്റാ ബാങ്ക് തയ്യാറാക്കി കൊണ്ടാണ്. 


എന്നാൽ ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുവാൻ ഇതുവരെ കഴിയാഞ്ഞത് മറ്റു ചില താൽപ്പര്യ ങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരു ഹെക്ടർ തണ്ണീർതടം ഒരു വർഷം നാടിനു നൽകുന്ന സേവനത്തിൻ്റെ മൂല്യം രൂപയിൽ പറഞ്ഞാൽ ഒരു കോടിയിൽ കുറയില്ല. നാടിൻ്റെ 8.88 ഹെക്ടർ നെൽപ്പാടം 1.78 ലക്ഷം ഹെക്ടറായി കുറഞ്ഞപ്പോൾ നെൽ ഉൽപ്പാദനം 10.50 ലക്ഷം ടണ്ണിൽ നിന്നും 5.50 ലക്ഷം ടണ്ണായി എന്നു മാത്രമല്ല 7 ലക്ഷം കോടി രൂപയുടെ സാമൂഹിക നഷ്ടം ആവർത്തിച്ചുണ്ടാകുമെന്ന് ആദ്യം തിരിച്ചറിയേണ്ടത് നമ്മുടെ ധനമന്ത്രിയായിരുന്നു. പക്ഷേ.


ഖനിജങ്ങൾ പൊതു ഉടമസ്ഥതയിൽ മാത്രം വേണമെന്നത് ഇടതുപക്ഷ നിലപാടാണ്. കരിമണൽ ഖനനത്തിൽ അതെ നിലപാടാണ് സിപിഐഎം ഉയർത്തിപ്പിടിക്കുന്നത്. ഖനനം ഉണ്ടാക്കുന്ന തിരിച്ചടികൾ മനസ്സിലാക്കുവാൻ ആഘാത പഠനങ്ങൾ, അതിനു  ശേഷം മാത്രം ഖനനാനുമതി, ഖനിജങ്ങളെ പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ അങ്ങനെ പോയിരുന്നു ഇടതുപാർട്ടികളുടെ 2016ലെ ആഗ്രഹങ്ങൾ ഖനനം ഉണ്ടാകുന്ന ദുരിതങ്ങളെ മുൻ നിർത്തി ജനങ്ങൾക്കു നൽകിയ ഉറപ്പുകൾ സാമ്പത്തിക ബുദ്ധിമുട്ടിൻ്റെ പശ്ചാത്തലത്തെ പരിഗണിച്ചെങ്കിലും നടപ്പിലാക്കേണ്ടതായിരുന്നു. ഒരു വർഷത്തിനുള്ളിൽ കട ബാധ്യത 30499 കണ്ടു വർധിച്ചപ്പോൾ അത്രയും തുകയിലുമധികം ഖനന രംഗത്തു നിന്നും നേടാമായിരുന്നു. സംസ്ഥാനത്ത് ശക്തമായി തുടരുന്ന സമാന്തര സാമ്പത്തിക വ്യവസ്ഥിതിയെ തകർക്കുവാനുള്ള അവസരവുമായിരുന്നു ഖനനത്തിലുള്ള ഇടപെടൽ. എന്നാൽ നിലവിലുള്ള അപകടകരമായ അവസ്ഥ തുടരുകയാണ്. ഒരേ സമയം പ്രകൃതി ചൂഷണവും അഴിമതി, അധോലോക വ്യവഹാരം, സാമ്പത്തിക നഷ്ടം എന്നിവ ചുമക്കുകയാണ് കേരളമെന്ന് സാമ്പത്തിക വിധക്തനും കമ്യൂണിസ്റ്റ് ജനുസ്സിൽ പെടുന്ന ഡോ.തോമസ്സ് ഐസക്ക് അറിഞ്ഞതായി നടിക്കുന്നില്ല.


പ്ലാച്ചിമടയിലെ നഷ്ടപരിഹാര തുക പെപ്സി കുത്തകയിൽ നിന്നു വാങ്ങി കൊടുക്കുന്നതിൽ നിശബ്ദത തുടരുന്ന ബജറ്റ്, എൻഡോസൾഫാൻ ദുരിത ബാധിതരുടെ അവകാശങ്ങളെ മറന്നതായി കാണാം.

 

ഒന്നാം ഭാഗം വായിക്കാൻ: http://greenreporter.in/main/details/kerala-budget-2021-evaluation-part1-1610867013

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment