ബജറ്റിൽ ഉൾപ്പെടുത്തിയ ആ കവിതയുടെ അർത്ഥം അധികാരികൾ എന്ന് മനസിലാക്കും




JCB യാൽ എരിഞ്ഞമർന്ന മലയും
വെട്ടിമുറിക്കപ്പെട്ട മരവും 
വിഷം നിറഞ്ഞ  പുഴയും 
ദുർഗന്ധത്താൽ നടു വൊടിഞ്ഞ കാറ്റും


എന്ന് 4 വർഷങ്ങൾക്കു മുൻപ്, വാണിയംകുളം സ്കൂൾ വിദ്യാർത്ഥിനി, ത്വാഹിറ ഷീർ യുവജനോത്സവത്തിൽ പങ്കെടുത്ത് എഴുതുമ്പോൾ ഉണ്ടായിരുന്ന  അവസ്ഥ കൂടുതൽ രൂക്ഷമായി ഇവിടെ തുടരുകയാണ്.


അർത്ഥമില്ലാത്ത വാക്കുകൾ എന്ന സ്കൂൾ കുട്ടി എഴുതിയ കവിതയുടെ അർത്ഥം മനസ്സിലാക്കുവാൻ, കേരളത്തിന്റെ അധികാരികൾ  ആവർത്തിച്ചു പരാജയപ്പെട്ടു എന്ന്  ധനമന്ത്രി എല്ലാവർക്കും വേണ്ടി ഇനി എങ്കിലും  സമ്മതിക്കുമെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.


ബജറ്റിൽ ഉൾപ്പെടുത്തിയ കേരളത്തിന്റെ നിലവിളി താഴെ കൊടുക്കുന്നു.


മല
മരം
പുഴ 
കാറ്റ് 
ചരിത്ര ഗവേഷകരാണ് 
ചിതലരിച്ച് നശിച്ചു പോയ
ആ വാക്കുകള്‍ കണ്ടെത്തിയത്. 
കണ്ടെത്തിയാല്‍ മാത്രം പോര 
അര്‍ത്ഥം വ്യക്തമാക്കണം.
തല പുകഞ്ഞാലോചിച്ചു
ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു
മോഡേണ്‍ ഡിക്ഷണറികളിലൊന്നും
ആ വാക്കുകളില്ല.
ഒടുവില്‍
ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.
ഇന്റര്‍വ്യൂ.
കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്
പനിച്ച് വിറച്ച് മരിക്കാന്‍ കിടക്കുന്ന
ഒരു പടുവൃദ്ധയുണ്ടത്രേ ഇവിടെ.
ഇന്റര്‍വ്യൂ അവരുമായിട്ടാകാം.
വറ്റിയ ചുണ്ടുമായി
ഇടക്കിടെ കൊക്കിക്കുരച്ച്
അവര്‍ പറഞ്ഞതിങ്ങനെ.


മല:
ആകാശത്തെ ചുംബിക്കാന്‍ കൊതിച്ചെങ്കിലും
ജെ.സി.ബിയുടെ മൂര്‍ച്ചയേറിയ വിരലുകള്‍ക്കുള്ളില്‍
ഞെരുങ്ങിയമര്‍ന്ന വിസ്മയം.


മരം:
തണലും കനിയും നല്‍കിയിട്ടും
സ്വീകരിച്ചവരാല്‍ വെട്ടിമുറിക്കപ്പെട്ട
രക്തസാക്ഷി.


പുഴ:
വിഷം തുപ്പിയ മാലിന്യങ്ങള്‍ക്കിടയില്‍
ഊറ്റിയെടുക്കലുകള്‍ക്കിടയില്‍
വറ്റി വരണ്ട കണ്ണീര്‍തുള്ളി.


കാറ്റ്:
ദുര്‍ഗന്ധം പേറി നടുവൊടിഞ്ഞ്
കുഴഞ്ഞു വീണ് മരിച്ച കുളിര്.
.
.
അര്‍ത്ഥങ്ങള്‍ വാക്യങ്ങളിലൊതുങ്ങി.
ഗവേഷകര്‍ക്ക് ഒന്നും മനസ്സിലായില്ല.
എങ്കിലും
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ക്ക്
അവര്‍ വിധിയെഴുതി.
അണ്‍മീനിങ്ഫുള്‍ എക്സ്റ്റിങ്റ്റഡ് വേര്‍ഡ്‌സ്...


കീറിമുറിക്കപ്പെട്ട്
വെട്ടിനുറുക്കപ്പെട്ട്
ഊറ്റിയെടുക്കപ്പെട്ട്
അര്‍ത്ഥം നഷ്ടപ്പെട്ട വാക്കുകളെ
അവര്‍ പിന്നെ എന്താണ് വിളിക്കേണ്ടത്?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment