സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നു. ഓണക്കാല വിനോദങ്ങള്‍ ലക്ഷ്യമിട്ട് ഈ മാസം 19 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് പദ്ധതി. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച്‌ നിയന്ത്രണങ്ങളോടെ ഘട്ടംഘട്ടമായി പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനം. അഞ്ചുമാസമായി അടച്ചിട്ടിരിക്കുന്ന ടൂറിസ്റ്റു കേന്ദ്രങ്ങള്‍ പരീക്ഷണാര്‍ത്ഥമാണ് തുറക്കുന്നത്.


നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല ബന്ധപ്പെട്ട ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കും, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കുമായിരിക്കും. കൃത്യമായ ഏകോപനത്തിന് അതത് മേഖലകളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് ഇക്കോ ടൂറിസം സെന്ററുകള്‍ അടച്ചതോടെ 2000 ആളുകളെ പ്രത്യക്ഷമായും,70,000 കുടുംബങ്ങളെ പരോക്ഷമായും ബാധിച്ചിരുന്നു. 


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കും, കടുവാ സംരക്ഷണ അതോറിട്ടിയുടെ നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് ഒന്നാംഘട്ട പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ പത്തു വയസിനു താഴെയുള്ള കുട്ടികള്‍ക്കും, 65 നു മുകളില്‍ പ്രായമുള്ളവര്‍ക്കും ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. താമസിക്കുന്നതിനും കഫറ്റീരിയയില്‍ ഇരുന്നു കഴിക്കുന്നതിനും ആദ്യഘട്ടത്തില്‍ വിലക്കുണ്ട്. എന്നാല്‍ ഭക്ഷണം പാഴ്സലായി ലഭിക്കും.


തെന്മലയടക്കമുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രധാന സേവനങ്ങളായ ട്രെക്കിംഗ്, സഫാരി, മ്യൂസിയം, ഭക്ഷണശാല, ഇക്കോഷോപ്പ്, ബോട്ടു യാത്ര തുടങ്ങിയവ സംബന്ധിച്ച്‌ കൃത്യമായ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. സെന്ററിലേക്ക് പ്രവേശിക്കുന്ന എല്ലാവരുടെയും താപനില കൃത്യമായി പരിശോധിക്കും. അനുവദനീയമായതില്‍ കൂടുതലാണ് താപനിലയെങ്കില്‍ അവരെ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിലേക്ക് മാറ്റി വൈദ്യസഹായം നല്‍കും. ഇതിനായി പ്രത്യേകം വാഹനം, സ്ഥലം എന്നിവ സജ്ജമാക്കും. മാസ്‌ക്, സാനിറ്റൈസര്‍, കൃത്യമായ ഇടവേളകളിലെ അണു നശീകരണം, പ്രവേശന, പുറം കവാടങ്ങളില്‍ ടോയ്ലറ്റുകള്‍ എന്നിവ സെന്ററുകളില്‍ ഉറപ്പാക്കും. കേന്ദ്രങ്ങളില്‍ 65 വയസിനു മുകളിലുള്ള ആളുകളെ സേവനത്തിനായി നിയോഗിക്കില്ല. 


പൊതുജനങ്ങള്‍ക്ക് ടിക്കറ്റുകള്‍ ഓലൈനായി മാത്രമേ ബുക്ക് ചെയ്യാനാവൂ. ക്യൂ കഴിവതും ഒഴിവാക്കേണ്ടതാണ്. വാഹനം പാര്‍ക്ക് ചെയ്യുതിന് മുൻപ് ടയര്‍ അണു വിമുക്തമാക്കണം. പകല്‍ സമയങ്ങളില്‍ മാത്രമായിരിക്കും ട്രക്കിംഗ്. ഒരു ബാച്ചില്‍ ഏഴുപേരെ വരെ അനുവദിക്കും.  

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment