തദ്ദേശിയ തെരഞ്ഞെടുപ്പും പരിസ്ഥിതിയും - ഭാഗം - 4 
അധികാരം ജനങ്ങൾക്ക് ലഭിക്കുന്ന ഉദാത്തമായ ജനാധിപത്യ പ്രക്രിയയാണ് ഈ ദിവസങ്ങളിൽ കേരളത്തിൽ നടക്കുന്നതെന്ന് നമുക്ക് ആഗ്രഹിക്കാം. അങ്ങിനെ വരുമ്പോൾ പഞ്ചായത്തുകളിലും നഗരസഭകളിലും പരിസ്ഥിതി / പ്രകൃതി സംരക്ഷണത്തിന് ഉണ്ടാവേണ്ട പദ്ധതികൾ സംബന്ധിച്ച് ഒരു രൂപരേഖയാണ് ഇനി  പറയുന്നത്.


ജനപ്രതിനിധികളായി സ്ഥാനമേൽക്കുന്നവർ ഈക്കാര്യങ്ങൾ നന്നായി പഠിച്ച് വിശാല ഗ്രാമഭകളിൽ ചർച്ച ചെയ്ത് തീരുമാനമെടുത്ത ശേഷം പദ്ധതി രൂപീകരണത്തിന് കമ്മിറ്റിയിൽ വക്കാം. .അങ്ങിനെയുള്ള പദ്ധതികൾ സ്വയംപര്യാപ്തവും സ്ഥായിയായതും ഭാവിക്കു സുരക്ഷയ്ക്കുതകുന്നതും ആണെന്ന് ബോധ്യമുള്ളതും ആവണം.


1. നല്ല വെള്ളം, നല്ല ശുദ്ധവായു, നല്ല ഭക്ഷണം ഇവ മൂന്നും ഒരു ജനതയുടെ മൗലികാവകാശമാണു്. അത് വരും തലമുറകൾക്കും കുടി കരുതിവക്കേണ്ട അമൂല്യ സമ്പത്താണു്.


നല്ല വെള്ളം
1. പഞ്ചായത്തിലെ സ്വാഭാവിക ജലാശയങ്ങൾ ,കുളങ്ങൾ ,കിണറുകൾ ,ചതുപ്പുനിലങ്ങൾ, തണ്ണീർതടങ്ങൾ എന്നിങ്ങനെ അവശേഷിക്കുന്നവയുടെ സംരക്ഷണം. ഇവ ഓരോന്നും ഐഡൻറി ഫൈ ചെയ്ത് ബി.എം. രജിസ്റ്റർ സമഗ്രമാക്കണം.  അവയുടെ സംരക്ഷണത്തിനു് ദീർഘകാലത്തേക്കുള്ള പദ്ധതികൾ കൂടാതെ
വർഷാവർഷങ്ങളിൽ മെന്റനൻസ്, ശുചീകരണം ,റീചാർജിങ്ങ്, ജലാശയങ്ങൾക്കു് സംരക്ഷണ വേലിയും ജൈവാവരണവും
എല്ലാം പദ്ധതിയിൽ പെടുത്തി ഗ്രാമസഭകൾ നടപ്പിലാക്കണം.


2. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളിൽ അവശ്യം വേണ്ട കുടിവെള്ളത്തിന്റെ അളവ് കണക്കാക്കി , നിലവിലുള്ള റിസോർസ് കൂടാതെ പുതിയ സാധ്യതകൾ കണ്ടെത്തണം. a . പുരപ്പുറത്തെ മഴ വെള്ള സംരക്ഷണി. നിലവിലെ വീടുകളിൽ പദ്ധതി നടപ്പിലാക്കുന്നത് കൂടാതെ പുതിയതായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ വലുപ്പം കണക്കാക്കി അനുമതിക്ക് സംഭരണി നിർബന്ധമാക്കണം.


3. അനുകൂലമായ സ്ഥലം അടയാളപെടുത്തി പെയ്യുന്ന മഴ വെള്ളം മഴക്കൂഴികളിൽ സംഭരിച്ച് ഭൂമി ആർദ്രമാക്കി മരങ്ങളും ചെടികളും വളർത്തി പുതിയ തണ്ണീർ തടം സ്വാഭാവികമായി രൂപപ്പെടുന്ന സമഗ്ര പദ്ധതി 


 4. ഇരട്ട പമ്പിങ്ങ് സിസ്റ്റം. - അനുദിനം ശോഷിച്ചുവരുന്ന ജലസ് റോതസ്സുകൾ ഭാവിയിൽ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കും ലോകയുദ്ധങ്ങളിലേക്കും വരെ എത്തിച്ചേരുമെന്ന ഭീതിയിലാണ് ഇന്ന് ലോക രാഷ്ട്രങ്ങൾ. കേരളത്തിൽ അങ്ങിനെയൊന്ന് ചിന്തിക്കാൻ പോലുമാവില്ല.6 മാസം സമൃദ്ധമായ മഴയും നിറഞ്ഞു കവിയുന്ന ജലാശയങ്ങളുമാണു് ഇപ്പോഴും ഓർമ്മയിൽ .നവമ്പർ മാസത്തോടെ നമ്മുടെ 90% ഗ്രാമങ്ങളും നഗരങ്ങളും കുടിവെള്ള ക്ഷാമത്തിലെത്തുമെന്ന യാഥാർത്ഥ്യത്തെ ഓർക്കാതിരിക്കാനാണു് നാമാഗ്രഹിക്കുന്നതും .യഥേഷ്ടമായി വെള്ളം ദുരുപയോഗം ചെയ്യുന്നവരാണ് നമ്മൾ .ജല സാക്ഷരതയിൽ നാം ഏറ്റവും പിന്നിലുമാണു്. നാളേക്കു് കാത്തിരിക്കുന്ന ഒരു അപകടത്തെ പ്രതിരോധിക്കുന്നതിനാവണം ഒരു പ്രബുദ്ധ ജനതയുടെ മുൻഗണന.


ഇന്ന് ശരാശരി ഒരു വീട്ടിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ 80 % വും ഫ്ലഷിങ്ങിനും വാഷിങ്ങിനുമാണ്.ഈ വെള്ളം പുന ചംക്രമണം നടത്തി ശുദ്ധീകരിച്ച് വീണ്ടും കക്കൂസുകളിലും ചെടി നനക്കുന്നതിനും തുണി കഴുകുന്നതിനും ആയി പ്രയോജനപ്പെടുത്തണം.ഇതിനു രണ്ടു പമ്പിങ്ങ് സിസ്റ്റം സ്വീകരിക്കണം.


കൂടാതെ ഒന്നിലധികം ജലസ്രോതസുകൾ (കിണർ, കുളം, കുഴൽക്കിണർ, പൊതുവിതരണം ) ഉണ്ടെങ്കിൽ കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും പ്രത്യേക പമ്പിങ്ങ് സിസ്റ്റം നടപ്പിലാക്കണം.
പുതിയ വീടുകളും സ്ഥാപനങ്ങളും നിർമ്മിക്കുമ്പോൾ പഞ്ചായത്ത് അനുമതിയിൽ ഈ നിബന്ധന കൂടി ഉൾപ്പെടുത്തേണ്ടതാണു്,


നല്ല വായു
കാലാവസ്ഥ വ്യതിയാനത്തിനും അന്തരീക്ഷ താപനത്തിനും പ്രകൃതിദുരന്തങ്ങൾക്കും കാരണമാകുന്നതിൽ പ്രധാനം ഭൗമാന്തരീക്ഷത്തിലെ കാർബൺ സംയുക്തങ്ങളുടെ വർധനവാണ്.ആധുനിക വ്യവസായങ്ങളിലും ഗതാഗത മേഖലയിലും മറ്റു ഊർജ ഉപഭോഗങ്ങളിലും ഉപയോഗിക്കുന്ന ഫോസിൽ, പെട്രോളിയം ഇന്ധനങ്ങളാണു് കർബൺ എമിഷന്റെ പ്രധാന കാരണങ്ങൾ.കാർബൺ സംയുക്തങ്ങളെ വലിച്ചെടുക്കുകയും പകരം ഓക്സിജനെ അന്തരീക്ഷത്തിൽ വ്യാപരിപ്പിക്കുകയും ചെയ്യുന്ന വൃക്ഷങ്ങളും വനങ്ങളും ക്രമാതീതമായി ഇല്ലാതായതും അപകടകരമായ ഈ അവസ്ഥക്ക് കാരണമായി.ഇതിനെ പ്രതിരോധിക്കാനും അന്തരീക്ഷം മാലിന്യ മുക്തമാക്കാനും പ്രാദേശിക പദ്ധതികളിലൂടെ സാധ്യമാവേണ്ടതുണ്ട്.ഇന്നും 70% മരങ്ങളും വനങ്ങളുമായി വെള്ളവും വായവും നല്ല ജൈവ ഭക്ഷണവും കൊണ്ട് ആരോഗ്യമുള്ള ഒരു ജൈവ ഭൂമിയായി നിലനിൽക്കുന്ന സിക്കിം നമുക്ക് മാതൃകയാവണം


a. ഒരു പഞ്ചായത്തിലെ ശരാശരി ജനസംഖ്യ അര ലക്ഷമെന്ന് കണക്കാക്കി അവർക്ക് ശുദ്ധമായ പ്രാണവായു ലഭിക്കാൻ ഒരു ലക്ഷത്തിന് മേൽ ആരോഗ്യമുളള വൃക്ഷങ്ങൾ വേണം. (ഒരാൾക്കു് ശരാശരി ഒരു ദിവസം ആവശ്യം 550ലിറ്റർ ഓക്സിജൻ, ഒരു മരം ഒരു ദിവസം 265 ലിറ്റർ ഓക്സിജൻ നൽകുന്നു. ഒരു ലിറ്റർ ഓക്സിജന് മാർക്കറ്റിൽ 180 രൂപ വരെ വിലയുണ്ട്. വെറുതെയല്ല പണ്ടുള്ളവർ പത്തു പുത്രൻമാർക്കു് പകരം ഒരു മരമെന്ന് പറഞ്ഞിരുന്നത്) അതായത് ഒരു വാർഡിൽ 5000 മരങ്ങൾ.റോഡരികിലും മൈതാനത്തിനും പുരയിടങ്ങൾക്കും നെൽപാടങ്ങൾക്കും ജലാശയങ്ങൾക്കും ചുറ്റുമായി ഈ മരങ്ങൾ വളരണം.ചെടി നടുന്നത് മുതൽ വളർന്ന് വലുതാകുന്നത് വരെ ഓരോ കുടുംബശ്രി യൂണിറ്റുകൾക്ക് ചുമതലയും ഫണ്ടും നൽകണം.


അത് പോലെ വലുതായ ഓരോ മരവും മുറിക്കുമ്പോൾ അതിൽ നിന്നു് വലിയ തോതിൽ കർബൺ എമിഷൻ നടക്കും.മുറിച്ച മരം കുറച്ചു നാൾ കിടന്നുണങ്ങിയ ശേഷം നോക്കിയാൽ അതിന്റെ ആദ്യ ഭാരത്തിന്റെ 72% നഷ്ടമായെന്ന് കാണാം. മണ്ണിലേക്ക് ചേരേണ്ട 28% കഴിച്ച് ബാക്കി വെള്ളമായും, കാർബൺ സംയുക്തങ്ങളും (Co, Co2) ഊർജവും ഒക്കെയായി അന്തരീക്ഷത്തിൽ കലരും. അതിനാൽ ഒരു മരം നഷ്ടമാവുമ്പോൾ മറ്റൊന്നെങ്കിലും വളർന്ന് കഴിഞ്ഞീരിക്കണം.
ഇതൊരു സ്വപ്ന പദ്ധതി എന്ന നിലയിൽ അവഗണിക്കേണ്ടതല്ല എന്ന്  നിരന്തരം ഓർക്കേണ്ടതാണ്.


b. വാഹനങ്ങളിലെ ഇന്ധനങ്ങൾ വലിയ അളവിൽ കാർബൺ പുറത്തേക്കു് വിടുന്നുണ്ടു്. അതു കുറെയെങ്കിലും നിയന്ത്രിക്കാൻ കഴിയണം.അതിനുള്ള മാതൃകാ പ്രവർത്തനം പഞ്ചായത്ത്കളിൽ ആസൂത്രണം ചെയ്യാം.

20 വയസു വരെ കുട്ടികൾ ബൈസിക്കിളും തുടർന്ന് ഇലക്ട്രിക്ക് റ്റു വീലറും ഉപയോഗിക്കുന്നതിന് ബോധവൽക്കരണം, അതിനു മുകളിൽ പരസ്പരം ഷെയർ ചെയ്ത് ഇലക്ട്രിക്ക് കാറുകൾക്കു് പ്രചാരണം എന്നിവക്ക് പദ്ധതികൾ

പഞ്ചായത്തിന് നേരിട്ട് ഇലക്ട്രിക്  വാഹനം കുട്ടികളെ സ്കൂളിൽ എത്തിക്കാനും രോഗികളെ ആശുപത്രികളിൽ എത്തിക്കാനുമായി മാതൃകാ പദ്ധതികൾ


നല്ല ഭക്ഷണം
പാടശേഖരങ്ങൾ കൃഷി കേന്ദ്രീകൃതം മാത്രമല്ല, വലിയ തോതിൽ ജലശേഖരവുമാണു് .ഒരു ഏക്കർ നെൽവയൽ 40000 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കുന്നു. പ്രകൃതിസംരക്ഷണത്തിനു നല്ല ഭക്ഷണം നൽകുന്ന ജൈവ കൃഷി തന്നെയാണു് മുഖ്യമെന്ന് തീരുമാനിക്കണം.
ഇടവിളകൃഷിയും നെൽകൃഷിയും അവശേഷിക്കുന്ന കരഭൂമിയും നെൽവയലും സംരക്ഷിച്ച് നടപ്പിലാക്കാൻ സമഗ്ര പദ്ധതികൾ കൃഷി മേഖലയിൽ ഉണ്ടാവണം.


2. മാലിന്യ പരിപാലനം
മൂന്നു പതിറ്റാണ്ടായി, അധികാര വികേന്ദ്രീകരണ പ്രക്രിയ കേരളത്തിൽ ആരംഭിച്ചത് മുതൽ മാലിന്യ നിർമാർജനവും പിന്നെ അത് മാറി മാലിന്യ പരിപാലനമായി  ഓരോ ആസൂത്രണ വർഷത്തിലും വിവിധ പദ്ധതികളായി നമ്മുടെ കൂടെത്തന്നെയുണ്ട്. കോടികൾ മുടക്കിയിട്ടും വളർന്നു പെരുകുന്ന മാലിന്യ ക്കൂമ്പാരങ്ങളും വിടാതെ നമ്മോടൊപ്പമുണ്ട്. അതിനർത്ഥം മലയാളിയുടെ മനോഭാവത്തിലാണു് മാറ്റം വരേണ്ടത് എന്നാണ്. ആവശ്യം കഴിഞ്ഞാൽ അത് മീൻ വാങ്ങുന്ന കാരിബാഗുമുതൽ പ്രായമായി, പ്രയോജനമില്ലാത്ത  അമ്മയേയും അഛനേയും വരെ തെരുവിൽ വലിച്ചെറിയുകയോ, ഉപേക്ഷിച്ചു രക്ഷപ്പെടുകയോ ചെയ്യുന്ന, ആരെയും ലജ്ജിപ്പിക്കുന്ന അധമ സംസ്കാരത്തിന്റെ ഉടമകളായി നമ്മൾ. അതിനാൽ ഇത് വരെ പരീക്ഷിക്കാത്ത പുതിയ ചില പദ്ധതി രൂപരേഖയാണ് ഇവിടെ കൊടുക്കുന്നത്.
        

a. പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ  ഏത് വാങ്ങുമ്പോഴും (സഞ്ചികളും കൂപ്പി കളും അടക്കം) അത് ഓരോ വീടിന്റെയും നിശ്ചിത / നിയന്ത്രിത എണ്ണത്തിൽ ഉൾപ്പെടുത്തി വാങ്ങുന്ന കടകളിൽ തന്നെ രേഖപ്പെടുത്തണം. അവ ഉപയോഗയോഗ്യമല്ലാതായാൽ പുതിയത് വാങ്ങുന്ന കടകളിൽ മടക്കികൊടുത്ത് പുതിയത് വാങ്ങണം. പാക്ക് ചെയ്ത വാങ്ങുന്ന പ്ലാസ്റ്റിക്ക് അടക്കം ഒന്നു പോലും തോന്നിയത് പോലെ വലിച്ചെറിയാതെ പഞ്ചായത്തിന്റെ കളക്ടിങ്ങ് സെൻററിൽ എത്തിക്കണം. അല്ലെങ്കിൽ നിശ്ചിത തീയതികളിൽ കൃത്യമായി വീടുകളിൽ നിന്ന് ശേഖരിക്കാൻ പഞ്ചായത്തിനു പദ്ധതി വേണം.അവയുടെ വില നിശ്ചയിച്ച് വീട്ടുടമകൾക്കു് നൽകുകയും വേണം.


b. പ്ലാസ്റ്റിക്ക് റീസൈക്കിളിങ്ങ് യൂണിറ്റ്.
ഇങ്ങിനെ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് വെളിയിലുള്ള റീസൈക്കിളിങ്ങു് കേന്ദ്രത്തിലേക്ക് കൈമാറാം. അല്ലെങ്കിൽ പഞ്ചായത്തിൽ / ബ്ലോക്കിൽ എങ്കിലും ഒരു യൂണിറ്റ് ആരംഭിക്കാം. പുറത്തേക്കുള്ള കൈമാറ്റൽ എപ്പോൾ വേണമെങ്കിലും നിലക്കാം, വിവിധ കാരണങ്ങളാൽ .അങ്ങിനെ പഞ്ചായത്തിൽ മാലിന്യങ്ങൾ കുമിയുന്നത് ഒഴിവാക്കുന്നതിനു് ഒരു സ്വന്തം പ്രോജക്ട് .
മലിനീകരണം ഒട്ടുമുണ്ടാകാതെ പ്ലാസ്റ്റിക്ക് വേസ്റ്റുകളെ പെല്ലെറ്റുകളാക്കൂന്ന ഒന്നാം ഘട്ടം, പെല്ലറ്റുകൾ പുതിയ ഉൽപന്നങ്ങളാക്കുന്ന രണ്ടാം ഘട്ടം.


പഞ്ചായത്തിന്റെ ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥാപിക്കാം. രണ്ടുഘട്ടങ്ങളിലായി പദ്ധതിയുടെ മൂലധനച്ചെലവ് 20 ലക്ഷത്തിൽ താഴെ മാത്രം. ഉൽപന്നങ്ങൾ വില്പന വഴി ഏതാനും വർഷങ്ങൾക്കുള്ളിൽ മുടക്ക് മുതൽ തിരികെ കിട്ടും.4 - 5 പേർക്ക് സ്ഥിരം തൊഴിലും 45 -50 പേർക്ക് താത്ക്കാലിക വരുമാനവും ഉണ്ടാവും.


c. എല്ലാ വീടുകളിലും വിദ്യാലയവും ആശുപത്രിയും മാർക്കറ്റും അടക്കം സ്ഥാപനങ്ങളിലും ബയോഗ്യാസ് പ്ലാന്റും, ജൈവകമ്പോസ്റ്റും നിർബന്ധമാക്കണം. അവയുടെ നിർമ്മാണച്ചെലവിൽ 8 0% പഞ്ചായത്ത് നൽകണം.ബയോഗ്യാസിനു നിശ്ചിത ചാർജ് ഈടാക്കുകയും കമ്പോസ്റ്റ് വളം ശേഖരിച്ച് അതിനു വില നിശ്ചയിച്ച് നൽകുകയും വേണം.ഇതിന്റെ ചുമതല വാർഡു മെമ്പറിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്കു് നൽകണം.


പരിസ്ഥിതി സൗഹൃദ തൊഴിൽ വിദ്യാഭ്യസകേന്ദ്രം.

പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഒരു തൊഴിൽ വിദ്യാഭ്യാസ കേന്ദ്രം.
ഇതിന്റെ മാതൃകാ കേന്ദ്രം കവിതാലൈബ്രറി ആരംഭിക്കും.
1. പരിസ്ഥിതി പ്രശ്നം പരമാവധി കുറച്ചു പരമ്പരാഗത ശൈലി ഉപേക്ഷിക്കാതെ, എന്നാൽ ആധുനിക സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി ചെലവു കുറഞ്ഞ കെട്ടിട നിർമ്മാണം
2. റോഡുനിർമ്മാണവും പുനർ നിർമ്മാണവും ചെലവു കുറച്ചു ചെയ്യാൻ പുതിയ സാങ്കേതിക വിദ്യ .
3.ബയോ ഫെൻസിങ്ങ്
4.വീടുകളിൽ അത്യാവശ്യം സർവീസ് ലഭിക്കത്തക്കവിധം പ്ലമ്പിങ്ങ് ,വയറിങ്ങ് പരിശീലനം
5. ജൈവ കൃഷിയിൽ പരിശീലനം
6. ജൈവ കൃഷിക്ക് വിത്തുകൾ, ചെടികൾ ഉൽപാദിപ്പിക്കുക
7. വയോവൃദ്ധർ തനിച്ചാകുന്ന വീടുകളിൽ ചെന്ന് അവർക്ക് സാന്ത്വനവും, ശുശ്രൂഷയും നൽകുക
  

പ്രാദേശികമായി തൊഴിൽ രംഗത്ത് കൂടുതൽ സാധ്യത ഉണ്ടാവാൻ തൊഴിലിൽ മാന്യതയും പാരിസ്ഥിതിക അവബോധവും ഉയർത്തിപ്പിടിച്ച്‌ സ്ഥായിയായ പുരോഗതിക്ക് ,പുതിയ ഒരു നാടിന്റെ  സൃഷ്ടിക്ക് മേൽ പറഞ്ഞ  പദ്ധതികൾ സഹായിക്കുമെന്നും പുതിയ ഭരണസമിതികൾ ഇവ ഏറ്റെടുക്കുമെന്നും പ്രത്യാശിക്കാം.

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment