കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുടെ യോഗ്യതകളെ പറ്റി ചിന്തിക്കുമ്പോൾ




അടുത്ത 5 വർഷം രാജ്യത്തിന്റെ  നയ സമീപനങ്ങൾ ആരായിരിക്കണം തീരുമാനിക്കുക  എന്ന ചോദ്യത്തിനുള്ള കേരളത്തിന്റെ ഉത്തരം തേടൽ ഇന്നു  നടക്കുകയാണ്.  


രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, തൊഴിൽ രാഹിത്യം, വിലക്കയറ്റം, കാർഷിക, വ്യവസായ രംഗം തുടങ്ങിയ വിഷയം മുതൽ വിശ്വാസങ്ങളെ വരെ രാഷ്ട്രീയ പാർട്ടികൾ  തെരഞ്ഞെടുപ്പിൽ ചർച്ചക്ക് വിധേയമാക്കുന്നു. എന്നാൽ രാജ്യത്തിന്റെ പ്രകൃതി സംരക്ഷണം, അന്തർദേശീയ രംഗത്ത് ഹിമാലയം മുതൽ പശ്ചിമഘട്ടവും അതു കഴിഞ്ഞു കിടക്കുന്ന ബംഗാൾ ഉൾക്കടൽ, അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം ,അതിലെ ദ്വീപുകൾ . മാന്നാർ കടൽ.. ലക്ഷദ്വീപു പാരകൾ ,  ലഡാക്കിലെ മുതൽ ആൻഡമൻ നിക്കോബാറിലെ ജർഗകൾ വരെയുള്ള ആദിവാസികളും മറ്റു സമൂഹവും  ജീവിവർഗ്ഗങ്ങളും. ഇവയുടെ വരും കാലത്തെ സുരക്ഷയെ പരമ പ്രധാനമായി വില കൽപ്പിക്കുവാൻ  തെരഞ്ഞെടുപ്പിനു കഴിയണം. 
അവയെ മറന്നു കൊണ്ടുള്ള മറ്റെല്ലാ അന്വേഷണവും വ്യർധമായിരിക്കും.


ഹിമാലയത്തിന്റെ മഞ്ഞു പാളികൾക്കുണ്ടാകുന്ന തകർച്ചയും അറബിക്കടലിൽ കേരളം നടത്തുന്ന പുലി മുട്ടുനിർമ്മാണവും ഖനനവും മറ്റും അതാതു ഗ്രാമങ്ങളിലെ ജനങ്ങളെയും അതിലെ ജീവികളെയും മാത്രമല്ല തൊട്ടടുത്ത രാജ്യങ്ങളെയും  പ്രതി സന്ധിയിലെത്തിച്ചു. ഇവക്കു പിന്നിൽ പ്രവർത്തിക്കുന്ന തെറ്റായ സമീപനങ്ങളെ  രാഷട്രീയ നേതൃത്വങ്ങൾ ചർച്ചക്കു വിധേയമാക്കുേന്നതേയില്ല. അതുണ്ടാക്കി വെക്കുന്ന  ഉൽപ്പാദന നഷ്ടം , പ്രകൃതി ദുരന്തങ്ങൾ, രോഗങ്ങൾ , മരണം മുതലായവയെ പരിഗണിക്കാത്ത രാഷ്ട്രീയം  യുക്തി രഹിതമാണ്.


വടക്കേ ഇന്ത്യയിലെ ജനങ്ങളുടെ  നിത്യജീവിതത്തെ തകർക്കുന്നതിനു പിന്നിൽ  അവരുടെ സർക്കാർ നടപ്പിലാക്കുന്ന വികസന സമീപനമാണ് കാരണം  എന്ന് അറിയുന്നുണ്ടാകില്ല.ഗ്രാമീണർ പ്രകൃതിയെ ജീവിതം കൊണ്ടു സ്നേഹിക്കുമ്പോഴും ഗ്രാമങ്ങളെ കുഴിച്ചു മറിക്കുന്നവരെ സഹായിക്കുന്ന അവരുടെ നേതാക്കളെ തിരിച്ചറിയുവാൻ അവർ പരാജയപ്പെടുന്നു.?


കേരളം അതിൽ നിന്നും വ്യത്യസ്തമാണ് എന്നു പറയാറുണ്ട്. സംസ്ഥാനത്തെ ജനങ്ങളും, അവരുടെ കുട്ടികളും  നിരന്തരം കേട്ടുകൊണ്ടിരുന്നതും ഇപ്പോൾ നേരിട്ട നുഭവിക്കുന്നതുമായ പ്രകൃതി ദുരിതങ്ങൾക്കു പിന്നിലെ പ്രധാന വില്ലൻ ആരാണെന്ന് അവർക്കറിയാം. എന്നാൽ   തെരഞ്ഞെടുപ്പിൽ ഇവിടെയും ഇത്തരം വിഷയങ്ങൾ  പ്രതിഫലിക്കുന്നില്ല. കേരളത്തിന്റെ രാഷട്രീയ ഉള്ളടക്കത്തിൽ അറബിക്കടലും  വേമ്പനാടും നദികളും അതിന്റെ തീരങ്ങളും നെൽപ്പാടങ്ങളും കാടുകളും മല നിരകളും സംരക്ഷിക്കുവാൻ കഴിയാത്തവർക്ക് ഇന്നും രാഷ്ട്രീയ ലാേകത്തുള്ള മുൻഗണനകൾ  തുടരുകയാണ്.


കേരളത്തിൽ നിന്നു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്നു  രാഷ്ട്രീയ ഗ്രൂപ്പുകളെ   അടുത്ത 5 വർഷം  നിങ്ങൾ താഴെ പറയുന്ന വിഷയങ്ങളിൽ എന്തു നിലപാടാണ് എടുക്കുക ?


തീരസംരക്ഷണ നിയമത്തെ  പടിപടിയായി നിരായുധമാക്കിയ നിങ്ങൾ  കടൽ തീരങ്ങളെ കടലിന്റെ മക്കൾക്കു വിട്ടുകൊടുക്കുവാൻ ഉതകും വിധം നിയമങ്ങൾ പൊളിച്ചെഴുതുമോ ? 


കടൽ തീരങ്ങളെ കാടുകൾ വളർത്തി സംരക്ഷിക്കുവാൻ മത്സ്യതൊഴിലാളികളെ ഒപ്പം നിർത്തുമോ ?


സാഗർ മാല പദ്ധതി, വിഴിഞ്ഞം പദ്ധതി മുതലായവ പുന പരിശോധിക്കുമോ ?


വിദേശ ടോളറുകളെ പുറത്താക്കുവാൻ ആവശ്യമായ നിയമനിർമ്മാണം നടത്തുവാൻ ശ്രമിക്കുമോ ?


മത്സ്യ ഗ്രാമങ്ങളെ Planned villages ആക്കി മാറ്റുവാൻ മുതിരുമോ ?( പ്രകൃതിക്ഷോഭത്തെ പ്രതിരോധിക്കുന്ന നിർമ്മാണം, സൗരോർജ്ജ വൈദ്യുതി, മത്സ്യ  /പണി സാമാന സൂക്ഷിപ്പു കേന്ദ്രം, പൊതു വാഹന വിദ്യാഭ്യാസ ആരോഗ്യ സംവിധാനം, Clean and Green Villages )


കായലുകളിലെ കൈയ്യേറ്റങ്ങൾ ഒഴിവാക്കി അവയെ പഴയ അവസ്ഥ യിലെത്തിക്കൽ, കനാലുകളിൽ കൃത്രിമ  ഓളങ്ങൾ ഉണ്ടാക്കി വൃത്തിയായി സൂക്ഷിക്കൽ. മത്സ്യസമ്പത്തു വർദ്ധിപ്പിക്കാൻ പ്രാദേശിക പരിപാടികൾ


നദികളുടെ ഇരുകരകൾക്കുമായി 100 മീറ്റർ മാറ്റി ഇടൽ (ഉപ്പുവെള്ളമുള്ള ) . മറ്റു നദികൾക്കായി നദിയുടെ പകുതി വീതി ഇരുവശവും സംരക്ഷിക്കൽ. (Green wall)


നെൽപ്പാടങ്ങൾ സംരക്ഷിക്കുവാൻ കേന്ദ്ര നിയമങ്ങൾ ഉണ്ടാക്കി എടുക്കൽ, തണ്ണീർ തടങ്ങളെയും കണ്ടൽകാടുകളെയും സംരക്ഷിയ്ക്കുവാൻ റംസാർ അന്തർദേശീയ നിർദ്ദേശങ്ങളെ മുന്നിൽ നിർത്തി നിയമം.


നെൽ കർഷകരെ പ്രത്യേകം സംരക്ഷിക്കുവാനായി ജല ഭക്ഷ്യ മാനേജർമാർ എന്ന പദവിയും അധികാരവും നൽകൽ.


നദികൾ, കുളങ്ങൾ, കണ്ടൽ ,കാവുകൾ കേന്ദ്ര  പൈതൃക സ്വത്തായി സംരക്ഷിക്കുവാ‌ൻ പുരാവസ്ഥ വകുപ്പ് മാതൃകയിൽ നിയമം.


നദികളുടെ ഒഴുക്ക് ,ഗതി, അളവ്  എന്നിവയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ. 


തടയണകൾ, ഡാമുകൾ ഉണ്ടാക്കിയ പ്രതിസന്ധികൾക്കു പരിഹാരം. ഡാമുകൾ ഉള്ള നദികളെ 25% ഒഴുകുവാൻ അനുവദിക്കൽ.


നിർത്തടങ്ങൾക്കു സംരക്ഷിത വന മാതൃകയിലുള്ള സുരക്ഷ. ഭൂഗർഭ ജല അറകളിലേക്ക് വെള്ളം ഒഴുകി എത്തുവാൻ പദ്ധതികൾ.


പശ്ചിമഘട്ടത്തെ ഖനന വിമുക്തമാക്കൽ, കാടുകൾ 40 %മായി വളരുവാൻ അവസരം. കാടു സംരക്ഷണം ആദിവാസികൾക്ക്. കൈയേറ്റം ,തോട്ടങ്ങൾ ഒഴിപ്പിക്കൽ, ഗ്രാൻഡിസ് കൃഷി  നിരോധിക്കൽ.


വന നീർത്തട മേഖലയിൽ Green and Responsible Tourism .
വയനാട്, ഇടുക്കി ജില്ലകൾക്കായി പ്രത്യേക പരിരക്ഷ. 


നിർമ്മാണം, യാത്ര എന്നിവ കാർബൺ രഹിതമാക്കുവാൻ കേന്ദ്ര സഹായം.


ഇടതുപക്ഷ സർക്കാർ നൽകിയ പ്രകൃതി സംബന്ധിയായ ഉറപ്പുകൾ നടപ്പിലാക്കുവാൻ വേണ്ട സമ്മർദ്ദം ചെലുത്തൽ.


2030 ആം ആണ്ടു കൊണ്ട്, കാർബൺ ന്യൂട്രൽ ആക്കുവാൻ ഉതകുന്ന വൈവിധ്യമാർന്ന പരിപാടികൾ ..അതിന്റെ ഭാഗമായി യാത്ര, നിർമ്മാണം, ഉത്സവം, ഭക്ഷണം മുതലായ രംഗങ്ങൾക്കായി പ്രത്യേകം നിർദ്ദേശങ്ങൾ.


കേരളത്തെ കാർബൺ രഹിതമാക്കുവാൻ (Carbon Neutral Kerala) ആവശ്യമായ കേന്ദ്ര നിയമങ്ങൾ ഉണ്ടാക്കി നടപ്പിലാക്കൽ , അതിനാവശ്യമായ കേന്ദ്ര സഹായം നേടി എടുക്കൽ. പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നവർക്കു മുകളിൽ Carbon Tax .


സംസ്ഥാനത്തു നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 ജന പ്രതിനിധികളും ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിട്ടു വിളിക്കുന്ന കേരളത്തെ പ്രകൃതി ദുരന്തത്തിന്റെ ഇരയായി മാറേണ്ടി വന്ന സാഹചര്യത്തിൽ നിന്നും സഹ്യ സാനുവിൽ സ്വശ്ചന്തമായി തലവെച്ച് ,അറബിക്കടലിന്റെ ലാളന ഏറ്റു വരുന്ന താഴ് വരയായി ,മാറ്റി തീർക്കുവാൻ പരിശ്രമിക്കുമോ എന്നതായിരിക്കണം ഈ തെരഞ്ഞെടുപ്പിന്റെ മുഖ്യ പരിഗണനാ വിഷയം.


നിയമനിർമ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കുക എന്നാൽ പ്രകൃതിയെ മുൻ നിർത്തി തങ്ങളുടെ സമ്മതി ദാനാവകാശം രേഖപ്പെടുത്തുക എന്നാണർത്ഥം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment