200 മീറ്റർ അകലെ മാത്രം ഖനനം മതി എന്ന് ഹൈക്കോടതി പറയുമെന്ന പ്രതീക്ഷയിൽ കേരളം




കേരളത്തിൽ വലിയ നിയമ ലംഘനങ്ങള്‍ നടക്കുന്ന ഖനന രംഗത്തെ രാഷ്ട്രീയ - ഉദ്യോഗസ്ഥരുടെ കറവ പശുവായി കരുതി വരുന്നു എന്ന് സംശയാതീതമായി ആര്‍ക്കും മനസ്സിലാക്കാം. അതിനുള്ള ഉത്തമ തെളിവായിരുന്നു ഹരിത ട്രിബ്യൂണല്‍ കേരളത്തിന്‍റെ സുരക്ഷയെ മുന്‍ നിര്‍ത്തി ഖനനം 200 മീറ്റര്‍ എങ്കിലും അകലത്തിലെ പ്രവർത്തനം നടത്താവൂ എന്ന തീരുമാനിച്ചു. (ജൂലൈ 11, 2020). തീരുമാനത്തെ അട്ടിമറിക്കുവാന്‍ പിണറായി സര്‍ക്കാര്‍ ഖനന മുതലാളിമാരുമായി ചേര്‍ന്നു കേരള ഹൈകോടതിയില്‍ തൊട്ടടുത്ത ദിവസങ്ങളിൽ ശ്രമിച്ചു.


ഭൂമിയുടെ ക്രയ വിക്രയവും അതുമായി ബന്ധപെട്ട മറ്റു സംഭവങ്ങളും (റിയല്‍ എസ്റ്റേറ്റുകള്‍) കേരളത്തിന്‍റെ കാല്‍ നൂറ്റാണ്ടിലെ രാഷ്ട്രീയ അന്തരീക്ഷത്തെ മാറ്റി മറിച്ചു. കൃഷി ഭൂമി മണ്ണില്‍ പണി എടുക്കുന്നവര്‍ക്ക്, തോട്ടം തോട്ടം തൊഴിലാളിക്ക്, വയല്‍ കൊയ്യുന്നവര്‍ക്ക് എന്ന നിലപാട് എടുത്ത കമ്യുണിസ്റ്റ് പാര്‍ട്ടിക്കാര്‍ അവിടെ നിന്നും നെല്‍പാടം റിയല്‍ എസ്റ്റേറ്റ്കാര്‍ക്ക് (വികസനം വരുന്ന വഴി), കൃഷി ഭൂമി  വ്യവസായികള്‍ക്ക് (തൊഴിലില്ലായ്മാ ചികിത്സ) പശ്ചിമ ഘട്ടം കോര്‍പ്പറേറ്റുകള്‍ക്കും ടൂറിസം മുതലാളിമാര്‍ക്കും ഖനനക്കാര്‍ക്കും. (കര്‍ഷക സ്നേഹം). ഇത്തരം നിലപാടുകളിലൂടെ ഒരു വശത്ത് പരിസ്ഥിതി രംഗം വലിയ തരത്തില്‍ തകര്‍ന്നു കഴിഞ്ഞു.


രാഷ്ട്രീയക്കാരുടെ മൂല്യ ബോധത്തില്‍ വലിയ തകര്‍ച്ച നേരിട്ടു. സമാന്തര സാമ്പത്തിക രംഗം ശക്തമായി. പൊതു ജീവിതത്തില്‍ സത്യവും നീതിയും അസാധ്യമാകും വിധം ഉദ്യോഗസ്ഥ - മാഫിയ ബന്ധങ്ങള്‍ പിടിമുറുക്കി. ഊഹ വിപണിക്കും അനുബന്ധ അധോലോക ബന്ധങ്ങളും സഹായം നല്‍കും വിധം നിയമങ്ങളെ പുനര്‍ വ്യാഖ്യാനിച്ചു. എല്ലാത്തിനും പിന്തുണ നല്‍കുവാന്‍ മത-ജാതി നേതാക്കള്‍ ഒപ്പം കൂടിയിരുന്നു. ഓരോ വര്‍ഷത്തെയും പ്രകൃതി ദുരന്തങ്ങളെ ആ സമയത്തെ മാത്രം വിഷയമാക്കി മാറ്റുവാൻ സർക്കാർ ശ്രമിക്കുന്നു. കാരണങ്ങളെ മറച്ചു പിടിച്ചു. മരണ പെടുന്നവര്‍ എല്ലാ അര്‍ഥത്തിലും പെട്ട പുറമ്പോക്ക് മാനവര്‍ ആയതിനാല്‍ അവര്‍ക്ക് ചെറിയ തുകകള്‍ നല്‍കി സഹായിക്കുവാന്‍ സർക്കാർ  തയ്യാറായി. ഒരിടത്ത് പോലും കുറ്റവാളികള്‍ ശിക്ഷിക്കപെടരുത് എന്ന വാശി ഉദ്യോഗസ്ഥ - രാഷ്ട്രീയ നേത്രുത്വങ്ങള്‍ക്ക് ഉണ്ടായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ 700 ലധികം  മരണങ്ങള്‍, 50000 കോടിയുടെ സാമ്പത്തിക നഷ്ടം. കേരള സര്‍ക്കാരിനെ ഒന്നും പഠിപ്പിക്കില്ല എന്ന് അധികാരികൾ  ഉറപിച്ചു എന്നാണ് സത്യം. പുനര്‍ നിര്‍മ്മിതിയില്‍ അഴിമതി വലിയ തരത്തില്‍ നടന്നു എന്ന് സ്വപ്ന - ശിവശങ്കര്‍ ബാന്ധവ വാര്‍ത്തകള്‍ വ്യക്തമാക്കി കൊണ്ടിരിക്കുന്നു. എല്ലാ വിഷയങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിരോധ വാദങ്ങള്‍, നാളത്തെ ഭരണ കക്ഷിക്കും ഇത്തരം ചെയ്തികളെ ന്യായീകരിക്കുവാന്‍ അവസരം ഒരുക്കുന്നതാണ്.  


രാജ്യത്തെ ഖനന നിയമത്തില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും 500 മീറ്റര്‍ അകലെയാകണം ഖനനം നടത്തേണ്ടത് എന്ന് പറയുന്നു. വിവിധ സംസ്ഥാനങ്ങള്‍ പ്രാദേശിക നിയമങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ഓരോ സംസ്ഥാനവും അവരവരുടെ പാരിസ്ഥിതിക പ്രത്യേകതകള്‍ പരിഗണിച്ച് ഖനനങ്ങളെ നിയന്ത്രിച്ചു. കര്‍ണ്ണാടക, മഹാരാഷ്ട്ര, തമിഴ്നാട്‌ തുടങ്ങിയ ഇടങ്ങളില്‍ ദൂരം 250 മീറ്ററും ജമ്മുകാശ്മീര്‍ 500 മീറ്ററും എന്ന നിലപാട് എടുത്തു. പശ്ചിമ ബംഗാള്‍ തീവണ്ടി ട്രാക്കില്‍ നിന്നും 5 km ദൂരമാണ് ഖനനങ്ങള്‍ നിരോധിച്ചത്. ജനസംഖ്യാ സാന്ദ്രത കൂടുതലുള്ള കേരളം എങ്ങനെയാകണം ഖനന ദൂരത്തെ നിജപെടുതെണ്ടത് ?


ദേശിയ ശരാശരിയേക്കാള്‍ ഇരട്ടി ജനസാന്ദ്രതയും പശ്ചിമഘട്ടം, ഇടനാട്‌, തീര പ്രദേശം എന്നീ പ്രത്യേകതകള്‍ ഉള്ള കേരളത്തില്‍ ദേശിയ നിയന്ത്രണങ്ങള്‍ക്കും മുകളിലാകണം. ഖനനം നടകേണ്ട ഇടങ്ങളിലേക്കുള്ള ദൂരം. ശരാശരി 70 km മാത്രം വീതിയുള്ള സംസ്ഥാനത്തിന്‍റെ ഭൂമിയുടെ ചരിവ് ഓരോ കിലോ മീറ്ററിനും കുറഞ്ഞത് 10 മീറ്റര്‍ വരുന്നു. പ്രധാന നദികളുടെ എണ്ണത്തിനൊപ്പം പുഴകള്‍ കാസര്‍ഗോഡ് ജില്ലയിലൂടെ മാത്രം  ഒഴുകുന്നു. ആനമുടിയും പെട്ടി മുടിയും അഗസ്ത്യര്‍ കൂടവും അത്ഭുത മലനിരകളാണ്‌. ബാണാസുര മലകളും അതേ കൂട്ടത്തില്‍ പെടുന്നു. പരിസ്ഥിതി ലോക പ്രദേശമായി 38860 ച.കി.മീറ്റര്‍ പ്രദേശത്തെയും പരിഗണിക്കേണ്ട സാഹചര്യത്തിലാണ് കേരളത്തില്‍ എല്ലാ നിയമങ്ങളെയും അവഗണിച്ച് ഖനനങ്ങള്‍ നടന്നു വരുന്നത്. സര്‍ക്കാര്‍ കണക്കില്‍ അവയില്‍ പാറ ഖനനം 720 ഓളം ആണെങ്കിൽ  മൊത്തം നടക്കുന്നതാകട്ടെ 12000 വും. ഖനനത്തെ നിയന്ത്രിക്കുവാനുള്ള നിയമങ്ങളുടെ പഴുതുകള്‍ അടക്കുന്നതിനു പകരം കൂടുതല്‍ ഇളവുകള്‍ നല്‍കുവാന്‍ 2000 നു ശേഷം ഭരിച്ച സര്‍ക്കാരുകള്‍ ശ്രദ്ധിച്ചു.


ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഖനനത്തിനുള്ള ദൂരം 50 മീറ്റര്‍ ആക്കി കുറച്ച വിഷയം രാഷ്ട്രീയ ആയുധമാക്കിയ ഇടതു പക്ഷം 'ഖനനത്തെ പറ്റി നിരവധി വാഗ്ദാനങ്ങള്‍ നല്‍കി. എന്നാല്‍ അവര്‍ പഴയതിലും മോശപെട്ട നടപടികളുമായി മുന്നോട്ട് പോയി. ഖനനം നടത്തുവാനുള്ള അനുവാദം 50 മീറ്റര്‍ മുതല്‍ നല്‍കുവാന്‍ 2017 ല്‍ തയ്യാറായി. അതിനെതിരെ ദേശിയ ഹരിത ട്രിബ്യൂണല്‍ തീരുമാനം യഥാര്‍ഥത്തില്‍ കേരള സര്‍ക്കാരിന് തെറ്റ് തിരുത്തുവാനുള്ള അവസരമായിരുന്നു. സര്‍ക്കാരിനെ നോക്കു കുത്തിയാക്കുവാന്‍ വിജയിച്ച ഖനി മുതലളിമാര്‍ അവരുടെ ഇംഗിതത്തിന് വേണ്ടി, കേരള സര്‍ക്കാരിനെ ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ തിരിച്ചു വിട്ടു. 2020 ജൂലായിലെ ഹരിത ട്രിബ്യൂണല്‍ വിധി കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുവാന്‍ ദിവസങ്ങള്‍ക്കകം ക്വാറി മുതലാളിമാര്‍ തയ്യാറായപ്പോള്‍ കേരള സര്‍ക്കാര്‍ അവരുടെ വാദങ്ങളെ ഏറ്റു പിടിക്കുകയിരുന്നു. 30 ലധികം വരുന്ന ഖനന രംഗം നിയന്ത്രിക്കുന്നവര്‍ കോടതിയിൽ തടസ്സവാദങ്ങൾ ഉയർത്തി. കേരളത്തിലെ പരിസ്ഥിതി രംഗത്തുള്ള വ്യക്തികളും സംഘടനകളും കോടതിയില്‍ ഹരിത ട്രൈബ്യൂണൽ ഉയർത്തിയ വാദങ്ങൾ ആവർത്തിച്ചു. നമ്മുടെ സര്‍ക്കാര്‍ നാടിനെ മറന്നു കൊണ്ടാണ് കോടതിയില്‍ വാദങ്ങള്‍ നിരത്തിയത്.


നാട്ടുകാരെ കൈവെടിഞ്ഞ കേരള സര്‍ക്കാരിന്‍റെ ശാസ്ത്ര വിരുദ്ധ ന്യായങ്ങളും വാദങ്ങളും ഖനി മുതലമാരുടെ ലാഭ കൊതിയും തിരിച്ചറിഞ്ഞ് കേരള ഹൈകോടതി ഹരിത ട്രിബ്യൂണല്‍ വിധി  ശക്തമായി നടപ്പിലാക്കുവാന്‍ അവസരം ഒരുക്കും എന്ന പ്രതീക്ഷയിലാണ് പരിസ്ഥിതിയെ സ്നേഹിക്കുന്നവർ.  

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment