അറബിക്കടലിനെയും മത്സ്യ തൊഴിലാളികളെയും മറക്കുന്ന കേരള സർക്കാർ




ഇന്നത്തെ രീതിയിലുള്ള മത്സ്യബന്ധനം തുടരുകയാണെങ്കില്‍ 2048 ലെത്തുമ്പോൾ  ഭക്ഷ്യ യോഗ്യമായ മത്സ്യങ്ങള്‍ അപ്രത്യക്ഷമാകുമെന്ന് ആറ് രാജ്യങ്ങളിലെ ഗവേഷ കര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച നേച്ചര്‍ മാസിക വിശദമാക്കിയിരുന്നു. സാങ്കേതിക വിദ്യയുടെ മുന്നേറ്റം മത്സ്യ ബന്ധനത്തിലും സാധാരണക്കാരായ തൊഴിലാളിക്കും മത്സ്യത്തിൻ്റെ നില നിൽപ്പിനും ഭീഷണിയായി. 12 ജെറ്റുകള്‍ക്ക് ഒന്നിച്ചു കയറി ഇറങ്ങുവാൻ കഴിയുന്ന ട്രോള്‍ വലകളാണ് യൂറോപ്പിലെ കപ്പല്‍ സമൂഹങ്ങള്‍ ഉപയോഗിക്കുന്നത്. 60 കിലോമീറ്റര്‍ വരെ നീളമുള്ള ‘മരണത്തിന്റെ ഭിത്തി’എന്നു വിളിക്കുന്ന ഡ്രിഫ്റ്റ് നെറ്റാണ് ജപ്പാനിലുള്ളത്. ആയിരക്കണക്കിന് കടലാമകളും ഡോള്‍ഫിനുകളും സസ്തനികളും തിമിംഗലങ്ങളും ഇവിടെ കുടുങ്ങി മരണപ്പെടുന്നു.ടൂണയെ പിടിക്കാന്‍ ഉപയോഗിക്കുന്ന120 കിലോ മീറ്റര്‍ വരെയുള്ള ലോംഗ് ലൈനര്‍ വലകളാൽ പ്രതി വര്‍ഷം 44,000 ആല്‍ബട്രോസ് പക്ഷികൾ മരണ മടയുന്നു.


ബ്രിട്ടണും അയര്‍ലണ്ടും നടത്തിയ ‘കോഡ് വാര്‍’  പ്രധാന സംഭവ മാണ്. യൂറോപ്പിലെ പ്രധാന മത്സ്യങ്ങളായ പാറ്റ ഗോണിയന്‍ ടൂത്ത് ഫിഷ്, ഓറഞ്ച് റഫി, അറ്റ്‌ലാന്റിക് സ്റ്റര്‍ജിയന്‍, ബ്ലൂവിറ്റിംഗ്, സേബിള്‍ ഫിഷ് തുടങ്ങിയ മത്സ്യ ഇനങ്ങൾ തകര്‍ച്ചയുടെ വക്കിലാണ്. കാനഡയുടെ തീരത്ത് സുലഭമായിരുന്ന കോഡ് മത്സ്യം 1990ല്‍ പൂര്‍ണ്ണമായും ലഭ്യമല്ലാതെയായി. മുപ്പതിനായിരം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. മുപ്പതു വര്‍ഷം കഴിഞ്ഞിട്ടും ഉല്പാദനം പുനഃ സ്ഥാപിക്കാനായിട്ടില്ല. യൂറോപ്പില്‍ നിലവിലുള്ള136 മത്സ്യ ഇന (സ്റ്റോക്ക്) ങ്ങളില്‍ കേവലം 8% മാത്രമേ 2022 ല്‍ അവശേഷിക്കൂ എന്ന് യൂറോപ്യന്‍ ഫിഷറീസ് കമ്മീഷണർ പറയുന്നു. അതിൻ്റെ ഭാഗമായി പിടിക്കാവുന്ന മത്സ്യങ്ങളുടെ കണക്ക് നിജപ്പെടുത്തുക(ടി.എ.സി.)ഓരോ യാനവും പിടിക്കേണ്ട ക്വാട്ട നിശ്ചയിക്കുക, ക്യാച്ച് പോയിന്റ് റിസര്‍വ്വ് നിശ്ചയിക്കുക തുടങ്ങിയവയാണത്. ഇത് ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയും ഉറപ്പു വരുത്തി. എങ്കിലും മത്സ്യം പിടിക്കാനുള്ള വ്യഗ്രത മൂലം അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്കുള്ള കടന്നു കയറ്റവും വ്യാപകമാണ്.


നിസ്സാര തുക ലൈസന്‍സ് ഫീ നല്‍കി സെഗലിന്റെ കടലില്‍ പ്രവര്‍ത്തിച്ച സ്പാനിഷ് ട്രോളറുകള്‍ മത്സ്യങ്ങളെ തൂത്തുവാരി എടുത്തു. 1994ല്‍ സെനഗലിലെ തൊഴിലാളി കള്‍ 95,000 ടണ്‍ മത്സ്യം പിടിച്ചിടത്ത് പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ നേര്‍ പകുതിയായി. സെനഗലൈസേഷന്‍ എന്നു മത്സ്യ ഗവേഷകര്‍ വിളിക്കുന്ന ഈ ദുരന്തം തൊട്ടടുത്ത രാജ്യങ്ങളായ മൊറോക്കോ, സിയറ ലിയോണ്‍, കേപ് വെര്‍ദെ എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ചൂര (ട്യൂണ) പിടിക്കുന്ന രാജ്യമായ സൊമാലിയയിലെ കടലുകളില്‍ വിദേശ കപ്പലുകള്‍ മീന്‍ പിടിക്കുമ്പോള്‍ സമീപത്ത് മീന്‍ പിടിക്കുന്ന ചെറുയാനങ്ങളിലെ തൊഴിലാളികളെ വെടിവെച്ചു വീഴ്ത്തുവാൻ മടിച്ചില്ല. ആ സമൂഹം പടിപടിയായി കടല്‍ക്കൊള്ളക്കാരാ കേണ്ടി വന്ന ദുരന്തത്തിന് ലോകം സാക്ഷിയാണ്. 


ഇന്ത്യയിൽ 2.6 ലക്ഷം യാനങ്ങളാണ് കടലിലുള്ളത്. കടലില്‍ നിന്നു കിട്ടാവുന്ന മത്സ്യം 53 ലക്ഷം ടണ്ണാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റി കണ്ടെത്തി. അതു പിടിച്ചെടുക്കുന്നതിന് കേവലം 76,967 യാനങ്ങള്‍ മാത്രം മതിയാകുമെന്നും ഇപ്പോഴാവശ്യമായതിന്റെ 3.4 മടങ്ങ് യാനങ്ങളുണ്ടെന്നും കമ്മിറ്റി പറയുന്നു. കേരളത്തിന്റെ അവസ്ഥ ഇതിലും പരിതാപകരമാണ്. 590 കിലോ മീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള കേരള കടലോരത്ത് നിലവില്‍ 39,000 യാനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ട്രോള്‍ ബോട്ടുകള്‍ 3900ത്തിനുമേലുണ്ട്. സുസ്ഥിര മത്സ്യ ബന്ധനത്തിന് 1145 ട്രോള്‍ ബോട്ടുകള്‍ മതിയെന്ന ഡോ.എ.ജി.കലാവര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത സ്ഥാനത്താണ് അധികമായ സാനിധ്യം. 


കൊച്ചിയില്‍ ചേര്‍ന്ന ഗവേഷണ സ്ഥാപനങ്ങളുടെ മേധാവികളടക്കം പങ്കെടുത്ത ശില്പ ശാലയിൽ ആഴക്കടലില്‍ ഇന്ത്യക്ക് മൊത്തത്തില്‍ വേണ്ടത് 270 യാനങ്ങളാണെന്ന് വിലിയിരുത്തി. ഇതില്‍ 240 എണ്ണം ട്യൂണ ലോംഗ് ലൈനറുകളാണ്. കേരളത്തിന് 37 യാനങ്ങള്‍ ഈയിനത്തില്‍ മതിയാകു മെന്ന് യോഗം ശുപാര്‍ശ ചെയ്തിരുന്നു. 


1991ലെ നരസിംഹ റാവു സർക്കാർ അനുവദിച്ച വിദേശ ട്രോളറുടെ മത്സ്യ ബന്ധന സൗകര്യം ഇന്ത്യൻ കടലുകൾക്ക് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കി.അതിൻ്റെ ഭാഗമായ പ്രക്ഷോഭം1995 ൽ പി. മുരാരി അധ്യക്ഷനായുള്ള 41അംഗ കമ്മിറ്റി രൂപീകരിക്കുവാൻ കാരണമായി. വിദേശ മത്സ്യക്കപ്പലുകളുടെ ലൈസന്‍സ് റദ്ദു ചെയ്യാനും തദ്ദേശീയ മത്സ്യ ബന്ധന സമൂഹത്തെ ശാക്തീകരിക്കാനുമുള്ള മുരാരിയുടെ 21 നിര്‍ദ്ദേശങ്ങൾ ദേവഗൗഡ സര്‍ക്കാര്‍ അംഗീകരിച്ചു.


2014–ജൂണ്‍ മാസം 29ന് പ്രധാന മന്ത്രി നരേന്ദ്രമോദി ‘രണ്ടാം നീല വിപ്ലവം’ പ്രഖ്യാപിച്ചു. നിലവിലുള്ള യാനങ്ങള്‍ക്കു പുറമേ 270 പുതിയ വിദേശയാനങ്ങളടക്കം ഇന്ത്യയുടെ കടലില്‍ 1178 യാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ഡോ. ബി. മീനാ കുമാരി കമ്മിറ്റിയുടെ അപകടകരമായ റിപ്പോര്‍ട്ട് 2015 ആഗസ്റ്റ് 20ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.


പരമാവധി തകർച്ച നേരിടുന്ന അറബിക്കടലിലെ മത്സ്യസമ്പത്തിന് വമ്പൻ തിരിച്ചടി നേരിടുന്നതിൽ പരിസ്ഥിതിക്കുണ്ടായ മാറ്റം മുഖ്യ പങ്കുവഹിക്കുന്നു. ഇതിൻ്റെ വേഗത കൂട്ടും വിധം വിദേശ കമ്പനികളെ ഇന്ത്യൻ തീരങ്ങളിൽ മത്സ്യബന്ധനത്തിനനുവദിക്കുവാൻ കേരള സർക്കാർ തിരുത്തി എങ്കിലും ഇത്തരം ഒളിച്ചുകടത്തലുകൾ കടലിനെയും അതിൻ്റെ ശരിയായ  ഉടമകളെയും ബുദ്ധിമുട്ടിക്കുകയാണ്.

 

ശ്രീ. ചാൾസ് ജോർജ്ജിൻ്റെ ലേഖനത്തോട് കടപ്പാട്..

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment