കിഴക്കഞ്ചേരിയിലെ ക്വാറികളുടെ ദൂരപരിധി പ്രശ്നത്തിൽ ഹരിത ട്രൈബ്യൂണൽ വിധി മറികടക്കാൻ സർക്കാർശ്രമം




വടക്കഞ്ചേരി: കിഴക്കഞ്ചേരി മേഖലയിലെ ക്വാറികളുടെ ദൂരപരിധി പ്രശ്നത്തിൽ ഹരിത ട്രൈബ്യൂണൽ വിധി മറികടക്കാൻ സർക്കാർശ്രമം നടത്തുന്നതായി ഗ്രാമവാസികൾക്ക് ആശങ്ക.


കരിങ്കൽക്വാറികളും ജനവാസമേഖലയും തമ്മിലുള്ള ദൂരപരിധി പ്രശ്നത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ എതിർകക്ഷികളായ കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർക്കും കിഴക്കഞ്ചേരി കൊന്നക്കൽ കടവ് സ്വദേശികളായ 113 പേർക്കും ഹൈക്കോടതി നോട്ടീസ് അയച്ചതോടെയാണിത്. 12-ന് കോടതിയിൽ ഹാജരായി വിവരങ്ങൾ നൽകാനാണ് നിർദേശം.


ആവാസമേഖലയിൽനിന്ന് നൂറുമീറ്ററായിരുന്ന സംസ്ഥാനത്തെ ക്വാറികളുടെ ദൂര പരിധി 2017-ൽ സർക്കാർ 50 മീറ്ററാക്കി കുറച്ചിരുന്നു. ഇതിനെതിരേ 113 പേർ ഒപ്പിട്ട് 2019 ഫെബ്രുവരി 13-നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‌ പരാതി നൽകിയത്. ഇതു പരിഗണിച്ച് ക്വാറികളുടെ ദൂര പരിധി 200 മീറ്ററാക്കി പുനർ നിർണയിച്ച് 2020 ജൂലായ് 21-ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കി.

 


സ്ഫോടനം നടത്തി ഖനനം നടത്തുന്ന  ക്വാറിയും ജന വാസമേഖലയും തമ്മിലുള്ള ദൂരം 200 മീറ്ററാക്കിയും അല്ലാത്ത ക്വാറിയും ജന വാസ മേഖലയും തമ്മിലുള്ള ദൂരം 100 മീറ്ററാക്കിയും നിജപ്പെടുത്തി. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ദൂര പരിധി കുറച്ച് നിലവിലെ വിധി ഒഴിവാക്കിക്കിട്ടുന്നതിനാണ് വ്യവസായ വകുപ്പ് ഹൈക്കോടതിയെ സമീപിച്ചത്.


സർക്കാർ നൽകിയ കേസ് പരിഗണിക്കുന്നതിനുമുമ്പ് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കിൽ അറിയിക്കാനാണ് എതിർകക്ഷികളോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. നേരിട്ടോ അഭിഭാഷകർ മുഖേനയോ നിർദേശങ്ങൾ സമർപ്പിക്കാം. കിഴക്കഞ്ചേരി കൊന്നയ്ക്കൽകടവ് സ്വദേശികളായ 113 പേർക്കുപുറമെ ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും മെമ്പർ സെക്രട്ടറിമാരും എതിർ കക്ഷികളാണ്. കേസിൽ 15-ന് ഹൈക്കോടതി വാദം കേൾക്കും.


കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊന്നയ്ക്കൽക്കടവ് മലയടിവാരങ്ങളിൽ പുതിയ ക്വാറികൾ വരുമെന്ന ആശങ്കയും ഹരിത ട്രൈബ്യൂണലിനെ സമീപിച്ചവർ പങ്കു വെച്ചിരുന്നു. കിഴക്കഞ്ചേരി പഞ്ചായത്തിലെ അമ്പിട്ടൻ തരിശ്, കൊന്നയ്ക്കൽക്കടവ് മേഖലകളിൽ നിലവിൽ രണ്ട് ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. 2018-ലെയും 2019-ലെയും പ്രളയകാലത്ത് ഈ മേഖലകളിൽ മണ്ണിടിച്ചിലുമുണ്ടായി. പുതിയ ക്വാറികൾ വന്നാൽ മേഖലയിൽ പാരിസ്ഥിതികമായും സാമൂഹികമായും ആഘാതമുണ്ടാകുമെന്ന ആശങ്കയാണ് പരാതിക്കിടയാക്കിയതെന്ന് ഹർജിക്കാർ പറയുന്നു.


ഘട്ടംഘട്ടമായി ഇവിടെയുള്ളവർ ഒഴിഞ്ഞുപോകേണ്ട സ്ഥിതിവരുമെന്ന്‌ ക്വാറികൾക്കെതിരെയുള്ള സമരത്തിന് നേതൃത്വം നൽകുന്ന എം. ഹരിദാസൻ പറഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് കിഴക്കഞ്ചേരി പഞ്ചായത്തിൽ പുതിയ ക്വാറികൾക്ക് അനുമതി നൽകേണ്ടെന്ന് ഒരുവർഷം മുമ്പ് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment