ഗ്രീൻ ട്രൈബ്യൂണൽ തങ്ങളുടെ ഭാഗം കേട്ടില്ല എന്ന് ഹൈക്കോടതിയെ  തെറ്റിധരിപ്പിക്കുവാൻ കേരള സർക്കാർ ശ്രമം




പാറ ഖനനത്തെ പറ്റി ശ്രീ ഹരിദാസ് (ആലത്തൂർ) ഹരിത ട്രൈബ്യൂണലിനു നൽകിയ പരാതിയിൽ സംസ്ഥാന സർക്കാരിനെ പരിഗണിക്കാതെ തീരുമാനമെടുത്തു എന്ന വാദം പാറ ഖനന മുതലാളിമാരെ മാത്രം സംരക്ഷിക്കുവാൻ ലക്ഷ്യം വെച്ചുള്ളതാണ്. വാദം നടക്കുമ്പോൾ സർക്കാരിൻ്റെ നേരിട്ടുള്ള അഭിപ്രായമാരാഞ്ഞില്ല എന്ന വസ്തുത അംഗീകരിക്കുന്നു. കേരള സർക്കാരിനെ കക്ഷി ചേർത്തില്ല എന്നത് ശരിയാവാം. പക്ഷേ സർക്കാരിൻ്റെ ഭാഗമായ സംസ്ഥാന മലിനീകരണ ബോർഡിനാേട്  ഹരിത ട്രിബ്യൂണൽ വിശദീകരണം ചോദിച്ചിരുന്നു. റോഡ്, പൊതു സ്ഥാപനം, ജന വാസ കേന്ദ്രങ്ങൾ എന്നിവയിൽ നിന്നും പാറ പൊട്ടിക്കുവാൻ 50 മീറ്റർ ദൂരം വിട്ടാൽ മതി എന്ന തീരുമാനത്തിലേക്കെത്തിയ ശാസ്ത്രീയ കാരണങ്ങൾ അവർക്കു വിശദീകരിക്കുവാൻ കഴിഞ്ഞില്ല.


സർക്കാരിൻ്റെ ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായം കേട്ട ശേഷമാണ് ട്രിബ്യൂണൽ ഉത്തരവ് ഇറക്കിയത്. മൈനിങ്ങ്‌ & ജിയോളജി, ഭൂ ജല വകുപ്പ്, മലിനീകരണ  കൺട്രോൾ ബോഡ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മുതലായവർ ചേർന്ന് സംയുക്ത പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോർട്ട് പരിശോദിച്ചതിനു ശേഷമാണ് ട്രിബ്യൂണൽ തീരുമാനത്തിലേക്ക് എത്തിയത്.


പരാതിക്കാരൻ്റെ നാട്ടിലെ ഖനനം നേരിൽ കണ്ട ശേഷം ബന്ധപ്പെട്ട വകുപ്പുകൾ റിപ്പോർട്ട് കൊടുത്തു. ട്രിബ്യൂണലിൽ ഹരജി നൽകിയവർ തന്നെ വിവരങ്ങൾ സൂചിപ്പിക്കുന്ന സമാനമായ പരാതികൾ ജില്ലാ കലക്ടർ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി തുടങ്ങിയവർക്കും അതേ തീയ്യതിയിൽ നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറിക്ക് നൽകിയ ഹരജിയുടെ നടപടി ക്രമമായി കിഴക്കഞ്ചേരി പഞ്ചായത്ത് BMC (ജൈവ വൈവിധ്യ പരിപാലന സമിതി) യോഗം 29/10/2019 ന് ചേർന്ന് അഭിപ്രായം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ G190305595 എന്ന നമ്പറിലായിരുന്നു ഹരജി നൽകിയത്.


കേരള സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ അനുഭവങ്ങൾ സ്വീകരിച്ച ശേഷം, ദേശീയ മലിനീകരണ ബോർഡ് ജൂലൈ 9ന് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാന ത്തിൽ അതേ മാസം 21 ന് ദേശീയ ഹരിത ട്രിബ്യൂണലെടുത്ത  തീരുമാനത്തെ  എന്തിനാണ് സംസ്ഥാനം ഭയക്കുന്നത് ? 


ജനവാസ കേന്ദ്രത്തിൽ നിന്നും 200 മീറ്റർ അകലം പാലിച്ചേ പാറ ഖനനം നടത്താവൂ എന്ന തീരുമാനം മറ്റു സംസ്ഥാനങ്ങൾ പാലിച്ചു വരുന്നു.മഹാരാഷ്ട്രയും കർണ്ണാടക യും മറ്റും 250 മീറ്റർ അകലം പാലിക്കുമ്പോൾ ജമ്മു കാശ്മീരിൽ 500 മീറ്റർ  ദൂരം വിട്ടേ ഖനനം സാധ്യതമാക്കിയിട്ടുള്ളൂ. ജന സാന്ദ്രതയും അധികം ചരിഞ്ഞ ഭൂ ഘടനയുമുള്ള കേരളത്തിൽ പാറ പൊട്ടിക്കുവാൻ 50 മീറ്റർ സുരക്ഷാ ഇടങ്ങൾ മതി എന്ന വാദത്തിനു പിന്നിൽ കേരളത്തിൻ്റെ പ്രകൃതി സുരക്ഷയെ വെല്ലുവിളിക്കുകയാണ് എന്നു മനസ്സിലാക്കണം.


പശ്ചിമ ഘട്ടമെന്ന പരിസ്ഥിതി ലോല പ്രദേശത്തെ (തിരിച്ചടികൾ നേരിട്ടു വരുന്ന ഇടം എന്നർത്ഥം വരുന്ന Hot spot) ഖനനങ്ങൾ പരിശോധിച്ചാൽ, കേരളത്തെ ഉരുൾ പൊട്ടലിനും മലയിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കുരുതി കൊടുക്കുകയാണ് സർക്കാർ എന്നു തിരിച്ചറിയാം. ഗാഡ്ഗിൽ കമ്മീഷൻ കണ്ടെത്തൽ പ്രകാരം Ecological Sensitive Zone 1ൽ (ഏറ്റവും പ്രധാന ഭാഗം) 1486 ഖനന യൂണിറ്റുകൾ, Ecological Sensitive Zone 2 ൽ 169 , Ecological Sensitive Zone 3 ൽ 1665 പാറ പൊട്ടിക്കൽ കേന്ദ്രങ്ങളുണ്ട്. Zone 1 ലെ ഏതു തരം ഖനനവും അപകടകരമാണ്. Zone 2 ലും (നിയന്ത്രിത ഖനനം) 3 ലും നിയമപരമായ ഖനനങ്ങളെ പാടുള്ളൂ. കസ്തൂരി രംഗൻ പഠന ഗ്രൂപ്പ് പറയുന്നത് 655 ഖനന കേന്ദ്രങ്ങൾ നിർത്തി വെക്കണമെന്നാണ്. ഇവ ഒന്നും അംഗീകരിക്കുവാൻ സർക്കാർ തയ്യാറായില്ല. മാത്രവുമല്ല 2018ലെ വെള്ളപ്പൊക്കത്തിനു ശേഷം 115 ക്വാറികൾക്ക് പുതുതായി അനുവാദവും  നൽകി. 


2014ലെ നിയമ സഭാ റിപ്പോർട്ട് ക്വാറികൾ നടത്തുന്ന നിയമ ലംഘനത്തെ പറ്റി വിശദീകരിച്ചിരുന്നു. അവരുടെ മാഫിയ ബന്ധങ്ങൾ, രംഗത്തെ കുത്തഴിഞ്ഞ അവസ്ഥ വിവരിച്ചു. 2018ലെ വെള്ളപ്പൊക്കത്തിനു ശേഷം വന്ന നിയമസഭാ സമിതി, ബാണാ സുര ഡാം പരിസരം മുതൽ നടക്കുന്ന നിയമ വെല്ലുവിളികൾ റിപ്പോർട്ടു ചെയ്തു. സർക്കാർ എല്ലാ നിയമ ലംഘനങ്ങളെയും അഴിമതിയെയും വെള്ള പൂശി. സംരക്ഷിത വന അതിർത്തിയുടെ 1Km വരെ ക്വാറികൾ അനുവദിച്ച ഈ സർക്കാർ, ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയെ ഹൈക്കോടതിയിൽ എതിർക്കുമ്പോൾ, ഇവരുടെ കേരളീയരോടുള്ള സാമൂഹിക ഉത്തരവാദിത്തം ആയിരം ഖനന മുതലാളിമാരായ നിയമ ലംഘകർക്കായി പണയപ്പെടുത്തുകയാണ്.


അദാനിയിൽ തുടങ്ങി പാറ മുതലാളി സംഘടനയുടെ നേതാക്കളുടെ താൽപ്പര്യത്തെ മാത്രം മുന്നിൽ കണ്ട് , ഹൈക്കോടതിയെ തെറ്റിധരിപ്പിക്കുവാൻ പോലും കേരള സർക്കാർ മടിക്കുന്നില്ല എന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ തീരുമാനത്തോടുള്ള അവരുടെ നിലപാട് വ്യക്തമാക്കുകയാണ് .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment