സുപ്രീം കോടതിയിലെ കേരള സർക്കാർ/ക്വാറി മുതലാളി ബാന്ധവങ്ങളോടു പ്രതിഷേധിക്കുക




കേരളത്തിൻ്റെ നിയമംഗങ്ങളെ അടിമുടി വെല്ലുവിളിച്ച് നടക്കുന്ന ഖനന പ്രവർത്തനത്തെ സഹായിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ സുപ്രീം കോടതിയിലെ നിലപാട് പ്രതിഷേധ സൂചകമാണ്. ദേശിയ ഹരിത ട്രൈബ്യൂണലിൻ്റെ (200 മീറ്റർ ദൂരത്തിലെ) ഖനന നിലപാട് അംഗീകരിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറല്ല എന്നതാണ് വസ്തുത. കഴിഞ്ഞ നിയമസഭയുടെ അവസാന കാലത്ത് അവതരിപ്പിച്ച പത്തൊൻപതാം പരിസ്ഥിതി പoന റിപ്പോർട്ട് (പാറ ഖനനത്തെ പറ്റിയുള്ള) വിശദമാക്കിയ കാര്യങ്ങൾ മേഖലയുടെ അപകടങ്ങളെ വ്യക്തമാക്കിയിരുന്നു. നിയമസഭക്കായി വിദക്തരുടെ സഹകരണത്തോടെ തയ്യാറാക്കിയ പഠനവും നിർദ്ദേശങ്ങളും മുൻ നിർത്തി പ്രവർത്തിക്കേണ്ട സർക്കാർ, ഈ വെെകിയ വേളയിലും നിർദ്ദേശങ്ങളെ മറച്ചു വെക്കാൻ ശ്രമിക്കുകയാണ്. സുപ്രീം കോടതിയിൽ ഖനന സ്ഥാപനത്തിൻ്റെ വാദങ്ങൾക്കൊപ്പം ചേർന്നുള്ള സർക്കാർ നിലപാടുകൾ അതിനുള്ള തെളിവായി കാണാം. 


വാസ സ്ഥലത്തു നിന്നും കുറഞ്ഞത് 200 മീറ്റർ എങ്കിലും ദൂരം വിട്ടു കൊണ്ടെ പാറ ഖനനം അനുവദിക്കാവൂ എന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കർണ്ണാടകയും മഹാരാഷ്ട്രയും ഒക്കെ 200 മീറ്റർ ദൂരം വിട്ടാണ് ഖനനങ്ങൾ അനുവദിച്ചിട്ടുള്ളത്. ജമ്മു കാശ്മീരിൽ 500 മീറ്ററാണ് ദൂരപരിധി. എന്നാൽ കേരളത്തിൽ 15 മീറ്റർ അകലം മുതൽ നടക്കുന്ന സ്ഫോടനം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ തുടരുവാൻ അനുവദിക്കണമെന്ന ഖനന കരാറുകാരുടെ വാദത്തിനൊപ്പമാണ് നമ്മുടെ സർക്കാർ.


2020 ജൂലൈ 21 ലെ ദേശീയ ഹരിത ട്രൈബ്യൂൺ വിധി നടപ്പിലാക്കുവാൻ ശ്രമിക്കുന്നതിനു പകരം മുപ്പതിലധികം ക്വാറി കരാറുകാരുടെ വാദങ്ങളെ സാധൂകരിക്കുവാൻ സംസ്ഥാന അഡീഷണൽ ഏ.ജി. കേരള സർക്കാരിനായി ഹൈക്കോടതിയിൽ ഹാജരായിരുന്നു. അതിൻ്റെ കൂടി സാഹചര്യത്തിൽ നിലവിലെ ലൈസൻസികൾക്ക് 50 മീറ്റർ ദൂരം വിട്ട് ഖനനം തുടരാം എന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഡിസംബർ മാസം 21 ന് വിധിച്ചു.


സുപ്രീം കോടതിയിൽ ജസ്റ്റിസ് കാൺവിൾക്കറുടെ നേതൃത്വത്തിലെ ബഞ്ചിനു മുൻപിലെത്തിയ കേസ്സിൽ നിലവിലെ ഖനനം തുടരുവാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാർ വാദം കേരളത്തെ മറന്നു കൊണ്ടുള്ളതാണ്. ഡിവിഷിനൽ ബഞ്ചിൻ്റെ അടുത്ത സിറ്റിംഗ് രണ്ടാഴ്ച്ച കഴിഞ്ഞുണ്ടാകും. ഖനനത്തിനെതിരെ കക്ഷി ചേർന്നിട്ടുള്ള വ്യക്തികളും സംഘടനകളും ഉയർത്തുന്ന വാദങ്ങൾ ശാസ്ത്രീയവും കേരളത്തിൻ്റെ പൊതു സുരക്ഷക്കു സഹായകരവുമാണ്. കേരള സർക്കാർ ഈ നിലപാടിലേക്ക് എത്തിച്ചേരുമോ ?


പഞ്ചായത്ത് സമിതികളെ വക വെക്കാതെ10000 ത്തിലധികം ഖനനങ്ങൾ മാഫിയ ബന്ധങ്ങളെ ഓർമ്മിപ്പിക്കും വിധം നടക്കുന്നു. മലിനീകരണ വകുപ്പും, മൈനിംഗ് & ജിയോളജി വകുപ്പും, പോലീസ്സും, റവന്യൂ വകുപ്പും കണ്ണടച്ചു കൊടുക്കുന്നതിനാൽ നാടിന് ഭീഷണിയായി നടക്കുന്ന പാറ, ചെങ്കൽ, മണ്ണു ഖനനവും കടത്തലുകളും വലിയ അപകടങ്ങൾ ഉണ്ടാക്കുകയാണ്. അര ലക്ഷം കോടി രൂപയുടെ എങ്കിലും വാർഷിക വിറ്റു വരവുള്ള രംഗത്തു നിന്നും സർക്കാരിന് പരമാവധി വരുമാനം 200 കോടി രൂപക്കു താഴെയാണ്. ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നതിന്  സർക്കാർ തന്നെ കൂട്ടു നിൽക്കുന്നതിൽ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ടതുണ്ട്.


ഖനനം സ്വകാര്യ മേഖലയിൽ നിന്ന് ഒഴിവാക്കി, പൊതു മേഖലയിൽ മാത്രം നടത്തുമെന്ന് 2016ൽ കേരളത്തിനുറപ്പു നൽകിയ ഇടതുപക്ഷ മുന്നണിയുടെ സർക്കാർ ആറാം വർഷവും ഭരണം തുടരുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ കൊള്ളയും അഴിമതിയും സർക്കാരിനെ ബാധിക്കുന്നില്ല. ഖനന രംഗത്തെ അഴിമതി കൂടുതൽ സജ്ജീവമാകുന്നു. പ്രകൃതി ദുരന്തങ്ങൾ വൻതോതിൽ തിരിച്ചടി ഉണ്ടാക്കിയിട്ടും, പ്രകൃതി വിഭവങ്ങളുടെ കൊള്ളക്ക് കൂട്ടുനിൽക്കുന്ന സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്ന് ജനകീയ സർക്കാർ തിരിച്ചറിയണം. സുപ്രീം കോടതിയിൽ ഖനന കരാറുകാരുടെ താൽപ്പര്യങ്ങൾക്ക് കൂട്ടുനിൽക്കുവാൻ ഇനി എങ്കിലും ഇടതു മുന്നണി സർക്കാർ തയ്യാറാകരുത് എന്നാണ് കേരളം ആഗ്രഹിക്കുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment