പട്ടയ ഭൂമിയിലെ മരങ്ങളെ ടിമ്പർ മാഫിയക്ക് തീറെഴുതി പിണറായി സർക്കാർ - ഭാഗം - 2




മുമ്പൊരിക്കലുമില്ലാത്തവിധം കാലാവസ്ഥ വ്യതിയാനവും, പ്രകൃതി ദുരന്തങ്ങളും, മഹാമാരികളും  ഒരു ഇടവേളപോലുമില്ലാതെ  ഒരുമിച്ച് ഉച്ചസ്ഥായിൽ നിന്ന് താണ്ഡവമാടിക്കൊണ്ടിരിക്കുമ്പോഴാണ് 'ഉന്തിന്റെയിടക്ക് തള്ളും കൂടെ' എന്നപോലെ  മഹാമാരികൾക്കും പ്രകൃതി ദുരന്തങ്ങൾക്കും  ഒന്നു കൂടി ആക്കം കൂട്ടുന്ന ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്!    റോമാ നഗരം കത്തുമ്പോൾ വീണ വായിക്കുന്ന നീറോ ചക്രവർത്തിയുടെ വംശ പരമ്പര കുറ്റിയറ്റു പോയിട്ടില്ല എന്നതാണ് ഇത് കാണിക്കുന്നത്. 


തല്ക്കാലം അതവിടെ നിൽക്കട്ടെ. അതിന് പകരം  ഇപ്പോൾ ഈ നിയമത്തിന്റെ അവസ്ഥയെന്തെന്ന് കൂടി  പരിശോധിക്കാം. 


2005ൽ ഈ നിയമം പ്രബല്യത്തിൽ വന്നതിന് ശേഷം 2007ൽ തന്നെ ഇത്  ഭേദഗതി ചെയ്ത് മാവ്, പ്ലാവ്, പുളി, ആഞ്ഞിലി, പാല, വട്ട, അരണമരം തുടങ്ങി 28 ഇനം മരങ്ങൾ ആരുടെയും അനുമതിയില്ലാതെ  മുറിക്കാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു. പിന്നെ ഈ നിയമത്തിൻ കീഴിൽ ബാക്കിയുണ്ടായിരുന്നത് തേക്ക്, വീട്ടീ, ഇരുൾ, തേമ്പാവ്, കമ്പകം, ചടച്ചി, ചന്ദനം, ചന്ദന വെമ്പ്, വെള്ളകിൽ എന്നീ 9 ഇനങ്ങൾ മരങ്ങൾ മാത്രമാണ്. ഈ 9 ഇനങ്ങളാവട്ടെ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നതും, നാമാവശേഷമായിക്കൊണ്ടിരിക്കുന്നതും, (Endemic and Endangared  Species ), അത്യധികം പരിസ്ഥിതി പ്രാധാന്യമുള്ളവയുമാണ്. എന്നാൽ  2017ൽ അതിൽ ചന്ദനമൊഴികെ ബാക്കി 8 ഇനം  കൂടി മുറിക്കാൻ അനുമതി നൽകി വീണ്ടും നിയമം ഭേദഗതി ചെയ്തു. എന്നാൽ ആ ഭേദഗതി ഉത്തരവിൽ ചില അവ്യക്തതകൾ നിലനിന്നതിനെ തുടർന്ന് വനം റവന്യൂ വകുപ്പുകളുടെ ഇടപെടൽ പഴയപോലെ തുടരുന്നതിനാൽ മുറിക്കൽ നടന്നില്ല. ആ അവ്യക്ത നീക്കി കൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ റവന്യൂ വകുപ്പ് സെക്രട്ടറി ഡോ. വി .  വേണു ഇറക്കിയിരിക്കുന്നത്. 


ഇതോടെ "വനേതര പ്രദേശത്ത് വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമം 2005 "എന്ന ഈ നിയമത്തിൻ കീഴിൽ ഒരൊറ്റ മരം മാത്രമാണ് ഇനി അവശേഷിക്കുന്നത്- ചന്ദനം ! അതുകൊണ്ട് തന്നെ ഈ നിയമത്തിന് "വനേതര പ്രദേശത്ത് വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമം 2005 " എന്നല്ല ശരിക്കും പറഞ്ഞാൽ ചേരുന്നത്. പകരം "വനേതര പ്രദേശത്ത് വൃക്ഷം 'മുറിക്കൽ' പ്രോത്സാഹന നിയമം " എന്ന ശീർഷകമാണ്  എന്തുകൊണ്ടും അനുയോജ്യം.


പ്രത്യാഘാതങ്ങൾ : 


1.കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ (Total geographical area) ¼  വരുന്ന പട്ടയ ഭൂമികളിലെ ആകാശം മുട്ടെ ഉയരത്തിലും അതിവിസ്തൃതമായ വ്യാപ്തിയിലും പന്തലിച്ചു നിൽക്കുന്ന  50 ലക്ഷത്തോളം വന്മരങ്ങൾ ഇരുട്ടി വെളുക്കുമ്പഴേക്കും കൂട്ടത്തോടെ കൊന്നൊടുക്കപ്പെടും.  ഇവയത്രയും 100 മുതൽ 300 കൊല്ലം വരെ പ്രായമുള്ള പടുകൂറ്റൻ മുത്തശ്ശി മരങ്ങളാണെന്നതാണ് പ്രത്യേകം കാണേണ്ടത് !ഇവയുടെ വിപണി മൂല്യമാവട്ടെ 10,000 കോടി രൂപക്ക് മുകളിൽ വരും. വിപണി മൂല്യം ഇവിടെ എടുത്ത് പറഞ്ഞത് മഹാമാരി താണ്ഡവമാടുന്ന പഴുത് നോക്കി ഉറപ്പിച്ചത്   ചില്ലറ ഡീലല്ല എന്ന് മനസ്സിലാക്കിയിരിക്കാനാണ്.  
 

ഇതിനോട് ചേർത്ത് വായിക്കേണ്ട മറ്റൊന്ന് സമീപ കാലത്ത്  മുംബൈ Aarey കോളനിയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി അവിടെ നിലനിന്നിരുന്ന മരങ്ങൾ മുറിക്കാൻ സർക്കാർ നടത്തിയ നീക്കം രാത്രിക്ക് രാത്രി പരിസ്ഥിതി  പ്രവർത്തകരും വിദ്യാർത്ഥികളും സംഘടിതമായി തടയുകയും അതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായ  ആ പാതിരാ മരം മുറിക്കെതിരെ നടന്ന പാതിരാ പ്രക്ഷോഭത്തിനെ  തുടർന്ന് ശിവസേനയടക്കം രാഷ്ട്രീയ കക്ഷികളും പിന്തുണയുമായെത്തി. പിന്നീട് ശിവസേന -NCP -കോൺഗ്രസ്‌ സഖ്യ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ പ്രസ്തുത മരം മുറി നിർത്തി വെക്കാനും ഉത്തരവായി. വെറും 2, 200 മരങ്ങൾ നിലനിർത്തുന്നതനുവേണ്ടിയാണ് ആ പ്രക്ഷോഭം നടന്നതെന്ന് കൂടി പ്രതേകം ശ്രദ്ദിക്കേണ്ടതാണ്. എന്നാൽ ഇവിടെ കോടാലി വീഴാൻ പോവുന്നതാവട്ടെ ദശലക്ഷക്കണക്കിന് മരങ്ങളുടെ കടവേരിലേക്കാണ് ! എന്നിട്ടും പ്രബുദ്ധ -സാക്ഷര കേരളത്തിൽ നിന്നും  ഫേസ് ബുക്ക്‌ പോസ്റ്റുകളിട്ട് വഴിപാടുകഴിക്കുന്നതിനപ്പുറം അതീവ ഗൗരവ മർഹിക്കുന്ന ഈ വിഷയത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകരുടെ ഭാഗത്തുനിന്നൊ, തൃശൂരിലെ "ശാന്തിവനം"സംരക്ഷിക്കാൻ ഇറങ്ങിയ ആവേശകമ്മറ്റിക്കാരിൽ നിന്നോ ആരിൽ നിന്നും  ദുർബലമായ ഒരു പ്രതികരണം പോലും ഉണ്ടായിട്ടില്ലെന്നത് അത്ഭുതതിനപ്പുറം അങ്ങേയറ്റം നിരാശയുളവാക്കുന്നു?


2. ദശലക്ഷക്കണക്കിനായ ഈ  വന്മരങ്ങൾ ഇല്ലാതാവുന്നത് വഴി ആവാസ വ്യവസ്ഥ നഷ്ടമാവുന്ന വവ്വാൽ, കുരങ്ങ്, മലയണ്ണാൻ, വെരുക്, മരപ്പട്ടി, മൂങ്ങ  തുടങ്ങിയ സസ്തനികളും സൂഷ്മ ജീവികളും ജനവാസ സ്ഥലങ്ങളിലേക്ക് നീങ്ങുമെന്നത്  തീർച്ച. തന്മൂലം   നിപ, കുരങ്ങു പനി,കൊറോണ തുടങ്ങിയ മാരക പകർച്ച വ്യാദികളുടെ സാധ്യതയും നിലവിലുള്ളതിനും പല മടങ്ങ് ഇരട്ടിക്കും.


മൃഗങ്ങളിൽ നിന്നാണ് മനുഷ്യനിലേക്ക് ഓരോ സമയത്തും വൈറസ് പകരുന്നതെന്ന് കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്തിയ ചെന്നൈ സ്വാദേശിയായ ഡോ  പവിത്ര വെങ്കിട്ടരാമൻ പറയുന്നു(മാധ്യമം 28.3.20). വനനശീകരണവും കാവ് നശീകരണവുമാണ് അവിടങ്ങളിൽ ഒതുങ്ങിയിയുന്ന നിപ്പ വൈറസ് വാഹകരായ (carriyers) വവ്വാലുകളെ  നാട്ടിലേക്കിറങ്ങാൻ പ്രേരിപ്പിച്ചതും  അതുവഴി കഴിഞ്ഞ വർഷം നിപ വൈറസ്  ഇവിടെ റിപോർട്ട് ചെയ്യപ്പെട്ടതുമെന്ന അന്നത്തെ വിദഗ്ദാഭിപ്രായങ്ങളും  നമ്മൾ ഓർക്കേണ്ടതുണ്ട് . അതുപോലെ ഈ കോറോണകാലത്തും മൂന്ന് കൊറോണ കേസുകൾ മാത്രമാണ് വയനാട്ടിൽ റിപ്പോർട്ട് ചെയ്തത്. ഒരാൾ പോലും മരിച്ചിട്ടുമില്ല. അതേ സമയം കുരങ്ങു പനി ബാധിച്ച് ഈ മൂന്ന് മാസത്തിനിടെ മാത്രം 3 പേരാണ് വയനാട്ടിൽ മരിച്ചത്. 37 പേർ ചികിത്സയിൽ ഇപ്പോഴും ആശുപത്രിയിൽ കഴിയുന്നു. കുരങ്ങുപനി വാഹകരായ കുരങ്ങുകളിൽ നിന്നാണ് ഈ മാരക പകർച്ച വ്യാധിയും പടരുന്നത്. അതിനും കരണമാവട്ടെ " 2005ലെ  വനേതര പ്രദേശങ്ങളിൽ വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമത്തിൽ  നിന്ന് 28ഇനം മരങ്ങളെ   2007ൽ ഒഴിവാക്കിയതിനെ തുടർന്ന് നടന്ന കൂട്ട മരംമുറിയുടെ ഫലമായി    കുരങ്ങുകളുടെ ആവാസ സ്ഥലങ്ങളായ വന്മരങ്ങളും അവയ്ക്ക് ഭക്ഷണം നല്കികൊണ്ടിരുന്ന ഞാവൽ, അത്തി, അയിനി…തുടങ്ങിയ ഫലവൃക്ഷങ്ങളും ഒന്നൊഴിയാത്ത വൻകിട -ചെറുകിട തോട്ടങ്ങളിൽ നിന്നും തുടച്ചു നീക്കപ്പെട്ടതാണ്. തൽഫലമായി ആവാസസ്ഥലങ്ങൾ നഷ്ടപ്പെട്ട  കൂട്ടത്തോടെ അവ  ജനവാസകേന്ദ്രങ്ങളിലേക്കും വീടുകളുടെയും കടകളുടെയും അകത്തു  വരെ ഭക്ഷണത്തിന് വേണ്ടി കടന്നെത്തിക്കൊണ്ടിരിക്കുന്നു. അവശേഷിക്കുന്ന പട്ടയ ഭൂമിയിലെ മരങ്ങൾ കൂടി ഇല്ലാതായാൽ ഈ അവസ്ഥ ചിന്തിക്കാവുന്നതിലുമപ്പുറം,രൂക്ഷമാകും.   കുരങ്ങു ശല്യം കൊണ്ട് മനുഷ്യന് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാവും.  അതിലുപരി  അവയിൽ  നിന്ന് പടരുന്ന രോഗങ്ങളും പതിൻ മടങ്ങ് വർദ്ദിക്കും.
അതുപോലെ തന്നെ സാർസ് ചൈനയിൽ ഉടലെടുത്തതും വന്യജീവികൾ വഴിയാണെന്ന കണ്ടെത്തലുകളും ഒടുവിൽ   വുഹാനിലെ വന്യ ജീവി മാർക്കറ്റിൽ നിന്നുള്ള വവ്വാൽ, ഈനാംപേച്ചി എന്നിവയിൽ നിന്നാണ് ഇപ്പോൾ ലോകത്തെയാകെ ലോക് ടൗണിലാക്കിയിരിക്കുന്ന കോറോണയുടെ ഉൽഭവമെന്ന കണ്ടെത്തലുകളും നമ്മൾ ഓർക്കേണ്ടതുണ്ട്. വൃക്ഷ ആവാസവ്യവസ്ത്ഥിതിയുടെ നാശം കൊറോണയെക്കാൾ മാരകമായ മഹാമാരി ഇനിയും വരാനിരിക്കുന്നതേയുള്ളൂയെന്ന് പ്രമുഖ എപിഡമോളജിസ്റ്റ് ഡേവിഡ് ലിപ്മാൻ വ്യക്തമാക്കിയിട്ടുണ്ട്. 
പകർച്ചവ്യാധികളും വന്യ ജീവി ആവാസ വ്യവസ്ഥ നഷ്ടം  ,അതുമൂലം  ജനവാസ കേന്ദ്രങ്ങളിലേക്കുള്ള അവയുടെ കടന്നു കയറ്റം  എന്നിവയും  തമ്മിൽ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് ഇതൊക്കെ തന്നെ ധാരാളം.  എന്നാൽ ഇക്കാര്യങ്ങളെ കുറിച്ച് കേരള സർക്കാർ സംവിധാനങ്ങൾക്ക് വിശേഷിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി(SDMA)ക്ക് പോലും  ബോധമില്ലെന്ന് വന്നിരിക്കെ ഇതിൽപരം  ദുരന്തം വേറെയെന്തുണ്ട്? സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എത്രത്തോളം വലിയ ദുരന്തമാണ്  എന്നതിന് ഏറ്റവും   മറ്റൊരു തെളിവാണ് കൂടിയാണ്  റവന്യു വകുപ്പിന്റെ കീഴിലുള്ള ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി കൂടിയായ  വി വേണു പുറപ്പെടുവിച്ച  സ്വകാര്യ ഭൂമിയിൽ അവശേഷിക്കുന്ന വന്യജീവി ആവാസവ്യവസ്ഥ കൂടി നശിപ്പിക്കാനും, കേരളത്തെ സമ്പൂർണ ഹരിത മുക്തമാക്കാനും പകരം നിരന്തര ദുരന്ത  ഭൂമിയാക്കാനും വഴിവെക്കുന്ന പ്രസ്തുത ഉത്തരവ്. 


3. ചരിത്രത്തിലൊരിക്കലും കേരളം ദർശിച്ചിട്ടില്ലാത്ത മഹാമാരികളുടെയും ഭയാനക പ്രകൃതി ദുരന്തങ്ങളുടെയും ഇടയിലൂടെയാണ് കഴിഞ്ഞ രണ്ട് വർഷമായി കേരളം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഒരേ സമയം  ഇവ രണ്ടിനും മഹാമാരികൾക്കും പ്രകൃതി ദുരഹതങ്ങൾക്കും  വർദിച്ച തോതിൽ  ആക്കം കൂട്ടുന്നതാണ്  ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി കൂടിയായ റവന്യൂ സെക്രട്ടറിയുടെ   ഈ  ഉത്തരവ്. ദുരന്ത നിവാരണ വകുപ്പിന്റെ ചുമതലയിലിരുന്നുകൊണ്ട് ദൂരവ്യാപകമായ നിരവധി നിരന്തര ദുരന്തങ്ങൾക്ക് വഴിവെക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചതിലൂടെ രക്ഷകരെന്ന പേരും വഹിച്ച് അന്തകരുടെ പ്രവർത്തിയാണ് റവന്യൂ വകുപ്പ് ഏറ്റെടുത്തു ചെയ്തുകൊണ്ടിരിക്കുന്നത് എന്നതാണ് തിരിച്ചറിയേണ്ട മറ്റൊരു സുപ്രധാന വസ്തുത. 


4. ഒരു ഭാഗത്ത് വനം വകുപ്പ് കോടിക്കണക്കിനു രൂപ ചിലവഴിച്ച് പരിസ്ഥിതി ദിനത്തിന് ദശലക്ഷക്കണക്കിന് വൃക്ഷതൈകൾ വിതരണചെയ്യുന്നു. അതിനു പുറമെ വയനാടിനെ 2020 ഓടെ  കാർബൺ ന്യൂട്രൽ ജില്ലയാക്കുകയും പിന്നീടത് സംസ്ഥാനമൊട്ടുക്ക് അത് വ്യാപിപ്പിക്കുകയും ചെയ്യുക  എന്ന ലക്ഷ്യത്തോടെ ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്വത്തിൽ കർഷർക്ക് ധനസഹായവും മറ്റും നൽകി കൃഷിയിടത്തിൽ  മരത്തൈകൾ വെച്ചുപിടിപ്പിക്കാൻ ബജറ്റിൽ 10കോടി രൂപ മാറ്റിവെച്ച് 2016മുതൽ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നു. ഇങ്ങിനെയിരിക്കെതന്നെയാണ് ഇതിനെയെല്ലാം ഒറ്റയടിക്ക്  തകിടം മറിക്കുന്ന വിധത്തിലുള്ള റവന്യൂ വകുപ്പിന്റെ പ്രസ്തുത ഉത്തരവിറങ്ങിയിരിക്കുന്നത്. ഇതിനെ തുടർന്ന് തോമസ് ഐസക്കിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് തുരങ്കം വെക്കുന്നതും നേർവിരുദ്ധ ഫലമുളവാക്കുന്നതുമായി തീരും ഈ ഉത്തരവ്! അതായത് ഈ ഉത്തരവിൻ ഫലമായി  2020 ഡിസംബർ അവമ്പോഴേക്കും ഇന്നുള്ളതിന്റെ  1000(ആയിരം ) ഇരട്ടിയായിരിക്കും വയനാടിന്റെ കാര്യം മാത്രമെടുത്താൽ അന്തരീക്ഷത്തിലെ  കാർബൺന്റെ അളവ്  എന്നതിൽ യാതൊരു തർക്കവുമില്ല.


തുടരും 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment