പട്ടയ ഭൂമിയിലെ മരങ്ങൾ ടിമ്പർ മാഫിയക്ക് തീറെഴുതി പിണറായി സർക്കാർ - ഭാഗം 3




5. പ്രളയനാന്തരം  സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച കേരള നിയമ സഭ പരിസ്ഥിതി കമ്മറ്റിയുടെ 16 ആം റിപ്പോർട്ട്‌ 38 ആം പേജിൽ "ഉരുൾപൊട്ടലിന്  സാധ്യതയുള്ളതായി തോന്നുന്ന സ്ഥലങ്ങളിൽ  മണ്ണൊലിപ്പ് തടയാൻ വിദഗ്ധരുടെ അഭിപ്പ്രായത്തിനനുസരിച്ച് അനുയോജ്യമായ മരങ്ങൾ നട്ട് വന വൽക്കരണം നടത്തണ" മെന്നും, അപ്രകാരം തന്നെ സംസ്ഥാന ജൈവ വൈവിദ്യ ബോർഡ്‌ നടത്തിയ പ്രളയനാന്തര പഠന റിപ്പോർട്ടിലും  ഇത്തരം പ്രദേശങ്ങളിൽ "വൃക്ഷാവരണങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാവണ"മെന്നും  (* Efforts should be taken to increase the canopy cover in this area.”) നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഈ ശുപാർശകളെയും നിർദേശകളെയും പുല്ലിന്റെ വില പോലും നൽകാതെ അവഗണിച്ചാണ് ഉരുൾപൊട്ടൽ ദുരന്തത്തിന് കൂടുതൽ സാധ്യതയൊരുക്കുന്നതും അതിന് പുറമെ  കാലാവസ്ഥ വ്യതിയാനം, വരൾച്ച, പകർച്ച വ്യാധികൾ തുടങ്ങി ദൂരവ്യാപകമായ  ഒട്ടവധി പ്രത്യാഘാതങ്ങൾ സൃഷിക്കുന്നതുമായ അത്യന്തം വിനാശകരമായ ഈ ഉത്തരവ് മേൽസൂചിപ്പിച്ചപോലെ ദുരന്ത നിവാരണ-റവന്യൂ വകുപ്പ്  ഇറക്കിയിരിക്കുന്നത് !


6. പരിസ്ഥിതി നശീകരണം ഇപ്പോൾ തന്നെ ദൈവത്തിന്റെ നാടിനെ ലാത്തൂരിന് സമാനായ വരൾച്ച വ്യാപനത്തിലെത്തിച്ചിരിക്കുകയാണ് വേനലിൽ. കേരളത്തിൽ മഴപ്പെയ്ത്തിൽ ഒന്നാം സ്ഥാനത്തുണ്ടയിരുന്ന വയനാട്നെ സംബന്ധിച്ചാണെങ്കിൽ  കഴിഞ്ഞ രണ്ട് വർഷമൊഴികെ 2009 മുതൽ 2017 വരെയുള്ള 9 കൊല്ലത്തെ rain fall ഡാറ്റായെടുത്ത് പരിശോദിച്ചാൽ 14 ആം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഞെട്ടിക്കുന്ന മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാണാം. അതോടൊപ്പം   temperature ഡാറ്റയും കൂടി നോക്കിയാൽ  ലോകത്തിൽ തന്നെ ഒരു പക്ഷേ കാലാവസ്ഥ വ്യതിയാനത്തിന്റെ പരീക്ഷണ ശാലയാണെന്ന് തന്നെ വയനാടിനെ പറയാം ! ഈ സാഹചര്യത്തിൽ അവശേഷിക്കുന്ന വന്മരങ്ങൾ കൂടി മുറിച്ചു നീക്കപെട്ടാൽ അട്ടപ്പാടിക്കും ലാത്തൂരിനുമപ്പുറം പ്രവചനാതീതവും അപരിഹാര്യവുമായ കൊടിയ   കാലാവസ്ഥ വ്യതിയാന-വരൾച്ച ദുരന്തങ്ങളിലേക്കായിരുക്കും ദുരന്ത നിവാരണ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന റവന്യൂ വകുപ്പിന്റെ ഈ ഉത്തരവ്  പാരിസ്ഥിതിക ദുർബലമായ വയനാട് അടക്കം പശ്ചിമ ഘട്ട പ്രദേശങ്ങളെ  അത് കൊണ്ടുചെന്നെത്തിക്കുക . 


7. ഉരുൾപൊട്ടൽ ദുരന്ത വ്യാപ്തികൂടും:  വൃക്ഷ മേലാപ്പുകളുടെ അഭാവമുള്ളിടങ്ങളിൽ  വിശേഷിച്ച് 20 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ളിടത്ത് കനത്ത മഴയിൽ  ശക്തമായി കുത്തി വീഴുന്ന  മഴവെള്ളം വലിയ തോതിലുള്ള മണ്ണൊലിപ്പിനുകാരണമാവുന്നു. അതിനെ തടയാൻ വൃക്ഷങ്ങളുടെ വേരുകളുമില്ലെന്ന് വരുമ്പോൾ ആ മണ്ണൊലിപ്പിന് പതിന്മടങ്ങ് ആക്കം കൂടുകയോ സുഗമമാവുകയോ ചെയ്യുന്നു., അപ്രകാരമുള്ള സമ്മർദ്ദത്തിൽ പിടിച്ചുനിൽക്കാനാവാതെ അത്രയും പ്രദേശത്തെ മേൽഭൂമി പാറയുമായുള്ള പിടുത്തം വിട്ട് ഒറ്റയടിക്ക് ഊർന്ന് താഴേക്ക് പതിക്കുന്നു. മലയിടിച്ചലെന്നും ഉരുൾ പൊട്ടലെന്നും പറയുന്ന മാരക ദുരന്ത പ്രതിഭാസം ഇങ്ങനെയാണുണ്ടാവുന്നത്. കഴിഞ്ഞ വർഷം  17 പേരുടെ ജീവനെടുത്ത വയനാട് മേപ്പാടിയിലെ പുതുമല ഉരുൾപൊട്ടലിന്റെയും 50 ലധികം  പേരുടെ ജീവനെടുത്ത നിലമ്പുർ കവളപ്പാറ ഉരുൾപൊട്ടലിന്റെയും പ്രഭവ സ്ഥാനങ്ങൾ വരെ ചെന്നെത്തി നോക്കിയാൽ ഇക്കാര്യം സംശയ രഹിതമാം വിധം വ്യക്തമാവും. തുടർച്ചയായ   രണ്ട് വർഷങ്ങളിലായി  പശ്ചിമ ഘട്ടത്തിലെ  1000 ലധികം ഉരുൾപൊട്ടൽ -മലയിടിച്ചൽ  ദുരന്ത പശ്ചാത്തലത്തിൽ ചെരിഞ്ഞ പ്രദേശങ്ങളിൽ ആവുന്നത്ര മരങ്ങൾ വെച്ചുപിടിപ്പിക്കണമെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ടുകളും ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങളും  നിലനിൽക്കെയാണ് അതിനെല്ലാം വിരുദ്ധമായി ടിമ്പർ export ബിസിനസ്‌ ലോബിയുടെ ലാഭകൊതിക്കു വേണ്ടി  പശ്ചിമ ഘട്ട ജനത്തെ കൂടുതൽ ദുരന്തനത്തിലേക്കും സർവ്വനാശത്തിലേക്കും തള്ളയിടുന്ന ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.  രണ്ട് മഹാ  പ്രകൃതി ദുരന്തത്ങ്ങളേയും അതിലേക്ക് നയിച്ചതും, വീണ്ടുമത്   അവർത്തിക്കാതിരിക്കാനുമായി സർക്കാർ നിർദേശിച്ചതനുസരിച്ച് പഠനം നടത്തി സമർപ്പിക്കപ്പെട്ട ഒന്നും രണ്ടുമല്ല ഡസൻ കണക്കിന് വിദഗ്ദ സമിതി റിപ്പോർട്ടുകളെയും പ്രളയം സംബന്ധിച നിയമസഭ പരിസ്ഥിതി സമിതി റിപ്പോർട്ടിനെയും മരട് ഫ്ലാറ്റുകൾ പൊളിക്കൽ കേസിൽ പ്രളയത്തിൽ നിന്നും പാഠം പഠിക്കാത്തത് സംബന്ധിച്ച സുപ്രീം കോടതിയുടെ നിശിത വിമര്ശത്തെയുമൊക്കെ    ഒരു വെയിലുദിക്കുമ്പോഴേക്കും  മറന്ന  സർക്കാർ, ഇത്രയും വലിയ ആവർത്തിച്ചുള്ള ദുരന്ത പാഠങ്ങളിൽ നിന്നും ഒരു മാർക്കിന് വേണ്ട പാഠം പോലും പഠിക്കാത്ത സംസ്ഥാന ദുരന്ത നിവാരണ വകുപ്പും റവന്യൂ വകുപ്പും ,   തീർച്ചയായും  ജനങ്ങളോട് ഉത്തരവാദിത്തമുള്ള സർക്കാരോ സംവിധങ്ങളോ അല്ല. മറിച്ച്  അവനവനോടും മാഫിയകളോടും മാത്രം കൂറും ഉത്തരവാദിത്തവും  പുലർത്തുന്ന ജനവിരുദ്ധ സർക്കാരും സംവിധാനങ്ങളുമാണ്. . 


# പരിഹാരം :  കാലാവസ്ഥ വ്യതിയാനം വരൾച്ച, പ്രളയം, ഉരുൾപൊട്ടൽ എന്നി പ്രകൃതി ദുരന്തങ്ങളും നിപ, കുരങ്ങുപനി, കൊറോണ തുടങ്ങിയ മഹാമാരികളും തടയുന്നതിലും കാർബൺ ഫൂട്ട് പ്രിന്റിനെ വൻതോതിൽ നിയന്ത്രിക്കുന്നതിലും പ്രാധാന പങ്കു വഹിക്കുന്നവയാണ് പട്ടയ ഭൂമികളിൽ  അവശേഷിക്കുന്നതായ റിസേർവ് ചെയ്ത  ഈ  പടുകൂറ്റൻ മുത്തശ്ശി മരങ്ങൾ എന്നതിനാൽ മേൽസൂചിപ്പിച്ച രണ്ട് അവർത്തിത പ്രളയങ്ങളുടെയും അവർത്തിത മാരക പകർച്ച വ്യാധി ദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ എന്തുവിലകൊടുത്തും ഇവ സംരക്ഷിക്കേണ്ടതാണ്. 


എന്ത് വിലകൊടുത്തും എന്നിവിടെ ചേർത്തത് കേവലം ഭംഗി വാക്കായോ, കനത്തിനു വേണ്ടിയോ അല്ല. മറിച്ച് ഇത്രയും നിരവധിയായ പാരിസ്ഥിതിക ധർമ്മങ്ങളും സാമൂഹിക ധർമങ്ങളും നിറവേററുന്ന ഈ മുത്തശ്ശി മരങ്ങളെ    അതുനിൽക്കുന്ന ഭൂ ഉടമകളായ കർഷകർക്ക് കൃത്യമായും വിലനൽകി തന്നെ സംരക്ഷിക്കണം എന്നു തന്നെയാണ് ഉദ്ദേശിച്ചത്.   
  

കർഷകർക്ക് യാതൊരു ഗുണവുമില്ലാതെ വലിയ തോതിൽ കൃഷി സ്ഥലം അപഹരിച്ച് പടർന്ന് പന്തലിച്ചു നിൽക്കുന്ന ഈ മരമുത്തശ്ശികളെക്കൊണ്ട്  കർഷകർ നേരിടുന്ന നഷ്ടത്തിന്  പരിഹാരമായി പ്രതിവർഷം ഒരു മരത്തിന് 5000/- രൂപ വീതം നൽകണമെന്ന് പറഞ്ഞാൽ അത് വലിയ സംഖ്യയൊന്നുമല്ല. അപ്രകാരം  ഇപ്പറഞ്ഞ 50ലക്ഷം മരങ്ങൾ സംരക്ഷിക്കുന്നതിന് കൊല്ലത്തിൽ സർക്കാരിന് വരുന്ന ചിലവ് 2,500/- കോടി രൂപ മാത്രമാണ്. ഇതിന്റെ രണ്ടിരട്ടി ക്വാറിമാഫിയക്ക് വേണ്ടി കല്ലിന്റെ വിലക്കാനുപാതികമായോ,  കലാനാസൃതമായോ  റോയൽറ്റി വർധിപ്പിക്കാതെ കൊല്ലന്തോറും സർക്കാർ സൗജന്യം നൽകുന്നുണ്ട്. ( ടണ്ണിന്  1000രൂപ ക്കും അതിന് മുകളിലും ക്വാറിക്കാർ വിൽക്കുന്ന സർക്കാർ പുറമ്പോക്ക് /റവന്യൂ ഭൂമിയിൽ നിന്ന് ഖനനം ചെയ്‌തെടുക്കുന്ന  കല്ലിന് തുച്ഛമായ 74/-രൂപയാണ് ക്വാറിക്കാർ സർക്കാരിലേക്കടക്കുന്നതെന്നോർക്കണം ). ആ സ്ഥിതിക്ക് ക്വാറിക്കാരെക്കാളും മറ്റാരെക്കളും സൗജന്യത്തിന് ഏറ്റവും അർഹരായ കർഷകർക്ക് അത് നൽകുന്നതിൽ മാത്രം അത്ര ദണ്ഡം വിചാരിക്കേണ്ട കാര്യമൊന്നുമില്ല. അഥവാ ദണ്ഡമുണ്ടെന്ന് തോന്നിയാൽ തന്നെ കല്ലിന് നിലവിലുള്ള റോയൽറ്റി ഒരേ ഒരു  മടങ്ങ്,  അതായത് ടണ്ണിന് 74 രൂപ  കൂടി അങ്ങ് കൂട്ടിയാൽ തീരുന്നതേയുള്ളൂ ഈ ദണ്ഡം!  


കാസർഗോഡ് നിന്നും 4 മണിക്കൂർ കൊണ്ട് തിരുവനന്താപുരത്തെത്താൻ സെമി ഹൈസ്പീഡ് റെയിൽ റെയിൽവേ ക്ക് വേണ്ടി  63, 000  കോടി രൂപ യാണ് സംസ്ഥാന സർക്കാർ ചിലവഴിക്കുന്നത്. അതിന്റെ പലിശയുടെ പകുതി മതി ഇതിനുവേണ്ടി കർഷകർക്ക് നല്കാൻ. അതിവേഗ റെയിൽവേ ഇല്ലെങ്കിലും ഇവിടൊന്നും സംഭവിക്കാൻ പോവുന്നില്ല. (പ്രളയ കാലത്താവട്ടെ, കൊറോണ കാലത്താവട്ടെ ഏറ്റവും അനിവാര്യമായ അടിയന്തിര ഘട്ടങ്ങളിലെല്ലാം ആയിരക്കണക്കിന് കോടികൾ മുടക്കിയുണ്ടാക്കിയ  മെട്രോ റെയിലും വിമാനത്താവളങ്ങളും തുടങ്ങിയവ അടഞ്ഞുകിടക്കുകയായിരുന്നു
എന്നതുമോർമ്മവേണം) എന്നാൽ 50ലക്ഷത്തിലധികം വന്മരങ്ങൾ ഒറ്റയടിക്ക് ഇല്ലാതാവുന്ന പക്ഷം  തൽഫലമായി  മേൽപ്പറഞ്ഞ വിധത്തിലുള്ള നിരവധിയായ ദുരന്തങ്ങളുറപ്പാണെന്നു മാത്രമല്ല  ആ ദുരന്തങ്ങൾ നേരിടുന്നതിന് ഇതിനും വലിയ വിലയും സർക്കാർ ഓരോ കൊല്ലവും നൽകേണ്ടതായും വരും -2018, 2019 രണ്ട് കൊല്ലങ്ങളിലെ പ്രളയത്തിൽ മാത്രം സർക്കാരിന്  വന്ന നഷ്ടം അഥവാ സർക്കർ നൽകേണ്ടി വന്ന വില എത്രയാണെന്നറിയാമല്ലോ? -50, 000കോടി രൂപ!!


2.കർഷർക്ക് വിവാഹം, ചികിത്സ….തുടങ്ങി വലിയ ചിലവും അതിന് വലിയ സംഖ്യ ഒരുമിച്ചും വേണ്ടാതായി വരുന്ന അവസരങ്ങളിൽ ഈ മരങ്ങളുടെ ഈടിന്മേൽ അവയുടെ വിപണി വിലയുടെ 70 ശതമാനം ദീർഘകാല വായ്പ സഹകരണ ബാങ്കുകളിലൂടെ നൽകാനുള്ള പദ്ധതിയും ആവിഷ്കരിക്കേണ്ടതാണ്. മീനങ്ങാടി സർവീസ് സഹകരണ ബാങ്ക് 2018ൽ അത്തരമൊരു  വായ്പ പദ്ധതി തുടങ്ങിയതായുള്ള വാർത്തയും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. 


(അവസാനിച്ചു) 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment