സംസ്ഥാനത്ത് വരാനിരിക്കുന്നത് കൊടുംവരള്‍ച്ചയെന്ന് റിപ്പോര്‍ട്ട്




ശക്തമായ മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് വരാനിരിക്കുന്നത് കൊടുംവരള്‍ച്ചയെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ഗവേഷകരാണ് ആശങ്ക പരത്തുന്ന റിപ്പോർട്ട് പങ്കുവെച്ചത്. കേരളത്തിൽ ഈ മൺസൂണിൽ 14 ശതമാനം അധിക മഴ ലഭിച്ചു എന്ന വാർത്തയ്ക്കു പിന്നാലെയാണ് കൊടും വരൾച്ച എത്തുമെന്ന വാർത്തയും പുറത്തുവരുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ കൂടുതൽ മഴ ഒരുമിച്ച് ലഭിച്ചതാണ് വരൾച്ചയ്ക്ക് കാരണമാകുന്നത്.


സാധാരണ നിലയില്‍ കേരളത്തില്‍ ചെറിയ മഴകളാണ് ലഭിച്ചിരുന്നത്. ഇത് മണ്ണിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു. എന്നാല്‍ ഇപ്പോള്‍ അവസ്ഥ അതല്ല. ശക്തമായ മഴയാണ് കേരളത്തില്‍ ലഭിക്കുന്നത്. ഇത്തരത്തില്‍ പെയ്യുന്ന മഴയില്‍ മഴ തോരുന്നതോടെ വെള്ളം മണ്ണിന്റെ മുകളിലൂടെ ശക്തിയായി ഒഴുകി പോവുകയാണ് ചെയ്യുന്നത്.


ഇത് വരള്‍ച്ചക്ക് സാധ്യതകള്‍ കൂട്ടുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് വന്‍ തോതില്‍ കൃഷി കുറഞ്ഞതും മഴവെള്ളം മണ്ണിനടിയിലേക്ക് ആഴത്തില്‍ ഇറങ്ങാത്തതിന് കാരണമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ജൂൺ 1 മുതൽ സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് കിട്ടിയത് 215 സെന്റിമീറ്റർ മഴയാണ്. ഇക്കാലയളവിൽ പ്രതീക്ഷിച്ചത് 189സെന്‍റിമീറ്റര്‍ മഴയാണ്. നാല് ജില്ലകളിലാണ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മഴ കിട്ടിയത്. പാലക്കാട് ജില്ലയിൽ കിട്ടിയത് 42 ശതമാനത്തോളം കൂടുതൽ മഴ. ഏറ്റവും കൂടുതൽ മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്. 334.സെമി. കാസർകോട്, കണ്ണൂർ ജില്ലകളിലും മുന്നൂറ് സെന്‍റിമീറ്ററിലേറെ മഴ പെയ്തു


തനത് വിളകള്‍ ഒഴിവാക്കി പുതിയ ഇനം കൃഷികള്‍ ആരംഭിച്ചത് വന്‍ തോതില്‍ ഭൂഗര്‍ഭ ജലമൂറ്റലിന് കാരണമാകുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം പ്രകൃതിയെ അനിയന്ത്രിതമായ രീതിയില്‍ ചൂഷണം ചെയ്യുന്നതുമാണ് കേരളത്തിന് തിരിച്ചടിയാകുന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. 


ഒരു നിയന്ത്രണവുമില്ലാതെ പുഴകളില്‍ നിന്നുള്ള മണല്‍വാരലും പ്രകൃതിയുടെ ഘടനയെ തന്നെ തകര്‍ത്തുകൊണ്ടുള്ള കുന്നുകള്‍ ഇടിച്ചുനിരത്തലും, മരം വെട്ടലും, വനനശീകരണവും വന്‍ തോതിലുള്ള ക്വാറികളുമെന്നാം കേരളം നേരിടാന്‍ പോകുന്ന കൊടുംവരള്‍ച്ചയ്ക്കുള്ള കാരണങ്ങളില്‍ പെടുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment