2022 ൽ പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ ; ഇലക്ട്രിക് വാഹന നയം മന്ത്രിസഭ അംഗീകരിച്ചു




സംസ്ഥാനത്തിന്‍റെ ഇലക്ട്രിക് വാഹന നയം മന്ത്രിസഭ അംഗീകരിച്ചു. മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധനം ലാഭിക്കുന്നതിനും പടിപടിയായി ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തുകയാണ് നയത്തിന്‍റെ ലക്ഷ്യം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് മാത്രം പെർമിറ്റ് നൽകാനും, ഇ ആട്ടോകൾക്ക് 25 ശതമാനം ഇൻസെന്റീവ് നൽകാനും നയത്തിൽ ശുപാർശയുണ്ട്. വാഹന നികുതിയിൽ ഇളവ്, സൗജന്യ പെർമിറ്റുകളും, സൗജന്യ പാർക്കിംഗും അനുവദിക്കൽ, ചാർജിംഗിന് സബ്‌സിഡി നിരക്കിൽ വൈദ്യുതി തുടങ്ങിയവയും നയത്തിൽ ശുപാർശ ചെയ്യുന്നു. 

 

വാഹനഗതാഗതം വലിയ പരിധിവരെ ഇപ്പോള്‍ ഫോസില്‍ ഇന്ധനം ആശ്രയിച്ചുളളതാണ്. അത് മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണവും ആരോഗ്യവിപത്തും കണക്കിലെടുത്താണ് പുതിയ നയം അംഗീകരിച്ചത്. ആറായിരത്തിലധികം ബസ്സുകളുളള കെ.എസ്.ആര്‍.ടി.സി പടിപടിയായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുമ്പോള്‍ കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കാന്‍ കഴിയും. ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളും ഉള്‍പ്പെടെയുളള ഭാഗങ്ങള്‍ സംസ്ഥാനത്തു തന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഓട്ടോറിക്ഷ പോലുളള വാഹനങ്ങള്‍ ഇലക്ട്രിക് മോട്ടോറുകളിലേക്ക് മാറുമ്പോള്‍ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങളിൽ പറയുന്നു. 

 

സർക്കാർ ആവശ്യങ്ങൾക്കായി ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുക, പരിസ്ഥിതി സൗഹൃദ ടാക്സി കാറുകൾ, സൗരോർജ്ജ ബോട്ടുകളുടെ മാതൃകയിൽ ഇലക്ട്രിക് ബോട്ട് സർവ്വീസ് എന്നിവയും പരിഗണിക്കണമെന്ന് നയത്തിൽ പറയുന്നു. 120 വോൾട്ടിൽ താഴെ ബാറ്ററിയുള്ള വാഹനങ്ങളെ ലൈറ്റ് ഇലക്ട്രിക് വാഹനങ്ങളായും, 500 വോൾട്ടിൽ കൂടുതൽ ഉള്ളവയെ ഹെവിൽ ഇലക്ട്രിക് വാഹനങ്ങളായും കണക്കാക്കും. 2022 ഓടെ പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ആലോചിക്കുന്നത്. 2020 ഓടെ രണ്ടു ലക്ഷം ഇരുചക്ര വാഹനങ്ങൾ, 50000 ഓട്ടോറിക്ഷകൾ, 1000 ചരക്ക് വാഹനങ്ങൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവയാണ് ലക്‌ഷ്യം വെക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment