സംസ്ഥാനത്ത് വ്യാപക മഴ, നിസര്‍ഗ അതിതീവ്ര ചുഴലിക്കാറ്റായി മാറും 




സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. കോഴിക്കോട് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. നിസര്‍ഗ ചുഴലിക്കാറ്റിനെ പ്രതിരോധിക്കാനുള്ള ഒരുക്കങ്ങളുമായി മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. 


ഉംപുന് ശേഷം ഭീഷണിയുയര്‍ത്തി നിസര്‍ഗ ചുഴലിക്കാറ്റ്. തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതിതീവ്ര ന്യൂനമര്‍ദ്ദം 'നിസര്‍ഗ' എന്നു പേരുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. 'നിസര്‍ഗ' ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിലും ശക്തമായ മഴ ലഭിക്കും.


'നിസര്‍ഗ' ചുഴലിക്കാറ്റ് ഇന്ന് 11.30 ഓടെ രൂപം കൊള്ളുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെയാകും അപ്പോള്‍ വേഗം. അര്‍ധരാത്രിയോടെ 'നിസ‍ര്‍ഗ' തീവ്ര ചുഴലിയായി ശക്തി പ്രാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ റായ്‌ഗഡിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ കാറ്റ് തീരം തൊടും. തീരംതൊടുന്ന സമയത്ത് 125 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.


ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നതോടെയാണ് 'നിസര്‍ഗ' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങുക. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിനു പേരിട്ടിരിക്കുന്നത്. നേരത്തെ ഇന്ത്യയില്‍ ആഞ്ഞടിച്ച ഉംപുന്‍ ചുഴലിക്കാറ്റിനു പേരിട്ടത് തായ്‌ലന്‍ഡ് ആണ്. ലോക കാലാവസ്ഥാ സംഘടനയാണ് ചുഴലിക്കാറ്റുകള്‍ക്ക് പേര് തീരുമാനിക്കുന്നതിനായി രാജ്യങ്ങള്‍ക്ക് ചുമതല നല്‍കുന്നത്. വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന രാജ്യങ്ങള്‍ 2004 ല്‍ ഇങ്ങനെ തയ്യാറാക്കിയ പട്ടികയിലെ അവസാന പേരായിരുന്നു 'ഉംപുന്‍'. അടുത്ത ചുഴലിക്കാറ്റിനു ഇന്ത്യ നല്‍കിയ 'ഗതി' എന്ന പേരാണ് നല്‍കുക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment