കേരളത്തിന്റെ അതിജീവനവും ഭരണകൂട നിലപാടുകളും




2019 ജൂലായിൽ വീണ്ടുമൊരു പ്രളയ ഭീഷണിയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും അനുഭവമായതോടെ സാധാരണ മലയാളിക്ക് അതു വരെയുണ്ടായിരുന്ന അതിജീവന പ്രതീക്ഷയും ഏതാണ്ട് അസ്ഥാനത്താണെന്ന് ബോധ്യമായി. പശ്ചിമഘട്ടം അതീവ ദുർബലമെന്നു മാധവ ഗാഡ്ഗിലും സംഘവും ഉറപ്പായി പറഞ്ഞത് ഇന്ന് കേരളമാകെ ആയി ദുർബല മേഖലയായി മാറ്റം ചെയ്യപ്പെട്ടു എന്ന ആശങ്കയാണ് ഇവിടെ പങ്കുവക്കപ്പെടുന്നത്.


2018ലെ പ്രളയം ഉഴുതുമറിച്ച് താറുമാറാക്കിയ മലയോരത്തിലെ മേൽ മണ്ണിളകി എപ്പോൾ വേണമെങ്കിലും പൊട്ടിയൊഴുകാൻ  സാധ്യതയേറിയ മേഖലകളിൽ പോലും ഒരു സംരക്ഷണ പ്രവർത്തനങ്ങളും ഈ ഒരു വർഷമായി നടന്നില്ല. അടുത്ത പ്രളയം 100 വർഷത്തിനുശേഷം മാത്രമെ ഉള്ളു എന്ന ആശ്വാസത്തിലായിരുന്നല്ലോ, നമ്മളും നമ്മുടെ ഉദ്യോഗസ്ഥ - ഭരണകൂട വൃന്ദങ്ങളും. എല്ലാറ്റിനും സാവകാശം പ്രതീക്ഷിച്ചു! മുകൾ മലനിരകൾ താഴേക്ക് ഒഴുകിയപ്പോൾ വലിയ ഭാഗം മണ്ണും താഴെ വനതോട്ടം മേഖലകളിൽ വന്നടിയുകയായിരുന്നു. അതെല്ലാം പുതിയ ഉരുൾപൊട്ടലിന് കാരണമായിട്ടുണ്ട്. മുൻവർഷം പ്രളയം സംഹാരം വിതച്ച ഭൂഭാഗങ്ങളിലല്ല ഇത്തവണ ആഘാതം കൂടുതലുണ്ടായത് എന്നത് ഓർക്കുക (കാസർകോട്, കണ്ണുർ, വയനാട്, മലപ്പുറം).


ജൂലായിൽ ആരംഭിച്ച്‌ കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്ക് കടന്ന കാലാവസ്ഥ ചിലപ്പോൾ തീവ്രാവസ്ഥയിൽ എത്തി പലവട്ടം പ്രളയ ഭീഷണിയുണ്ടാക്കി ഇപ്പോഴും തുടരുന്നു. പണിയില്ലാതെ, പണമില്ലാതെ ലക്ഷങ്ങൾ, പ്രത്യേകിച്ച് മീൻപിടിച്ച് ഉപജീവനത്തിനു കഴിയാതെ കടൽ അന്യമായി, നരകിക്കുന്ന മത്സ്യമേഖലയിലെ കുടുംബങ്ങൾ, കൃഷിയെല്ലാം വെള്ളത്തിൽ മുങ്ങി കാർഷിക മേഖല, തൊഴിലില്ലാതെ അസംഘടിത തൊഴിൽ മേഖല ഇതെല്ലാം ഒരു പ്രതിഷേധവുമില്ലാതെ കൈ നീട്ടി വാങ്ങുകയാണു് മലയാളികൾ. പലരും ആശങ്ക പങ്കു വക്കുന്നു, 'ഇനി ഇതിൽ നിന്നു ഒരു മാറ്റം നമുക്കുണ്ടാവുമോ? '


അറിയില്ലാ, ആർക്കുമറിയില്ല.


അപ്പോഴും ഒരാശ്വാസത്തിന് പഴുതുകൾ കാണാനില്ല. കാലാവസ്ഥാ വ്യതിയാനം അപായകരമാംവിധം ദുരന്തമാകുകയാണ്.30 വർഷത്തിനകം മധ്യകേരളത്തിലെ വലിയ ഒരു ഭാഗം കടലിൽ മുങ്ങുമെന്ന് വിവിധ പഠനങ്ങൾ! അപ്പോഴും നമ്മുടെ നാട്ടിൽ എന്താണ് സംഭവിക്കുന്നത്.


1. വനമേഖലയിൽ നിബിഡ വനമേഖലയിലും, വന്യ ജീവസങ്കേതത്തിലും 10 കി.മീ. അകലം വരെ ഖനനങ്ങൾ നിരോധിച്ചിരുന്നത് കേരളത്തിൽ 1 Km ആയി മാറ്റി. ഇത് പുതിയ എത്ര ക്വാറികൾക്ക് വഴി തുറക്കും. എത്ര ജലസ്റോതസുകൾ ഇല്ലാതാകും. ദുർബല മേഖലകൾ വീണ്ടും അതിദുർബലമാക്കി, എത്രയധികം ഭാവി ഉരുൾപൊട്ടലിന് വഴിയൊരുക്കും?


2. തീരദേശത്തിന്റെ നേരവകാശികളായ മത്സ്യ മേഖലയെ ആകെ അവിടെ നിന്നും പുറത്താക്കി ഫ്ലാറ്റുകളിൽ കുടിയിരുത്താനും തീരസംരക്ഷണമെന്ന പേരിൽ അത് ഖനനത്തിനും ടൂറിസത്തിനുമായി വൻ കുത്തകകൾക്ക് വിൽക്കാനും  പദ്ധതികൾ!


3. ജനങ്ങളോട് ഒപ്പം നിൽക്കുകയും നീതിയ്ക്കു വേണ്ടി പൊരുതുകയും ചെയ്യുന്നവരെ ഖനന മാഫിയകൾ ഭീഷണിപ്പെടുത്തുന്നു.സർക്കാർ അവരെ തീവ്രവാദികളാക്കുന്നു .


4. റിയൽ എസ്റ്റേറ്റ്, ക്വാറി മാഫിയകൾ മുൻപില്ലാത്ത വിധം സംഘടിക്കുന്നു, കൂടുതൽ ശക്തരാകുന്നു .


ഇവിടെ സർക്കാർ നിലപാടിലെ രാഷട്രീയം നിശിത പരിശോധനക്ക് വിധേയമാക്കേണ്ടതാണു് 

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment