കേരളത്തിന്റെ അതിജീവനവും ഭരണകൂടനിലപാടുകളും - രണ്ടാം ഭാഗം




കഴിഞ്ഞ രണ്ടു പ്രളയവും അതിന്റെ തുടർച്ചയായി ഉണ്ടായ ഉരുൾപൊട്ടലും മണ്ണിടിയലും ഉണ്ടാക്കിയ ആഘാതങ്ങളും കാലാവസ്ഥ യിലെ ഭീഷണമാറ്റവും അത് വരുത്തി വക്കാവുന്ന വിവിധങ്ങളായ അതിജീവന പ്രശ്നങ്ങളും നമ്മൾ തെരഞ്ഞെടുത്ത ജനാധിപത്യ ഭരണകൂടം വളരെ ഗൗരവമായി കാണുമെന്നും സത്വരവും ദീർഘവീക്ഷണവുമുള്ള പദ്ധതികളും നടപടികളും ഉണ്ടാവുമെന്നും സാധാരണ ജനങ്ങൾ പോലും പ്രതീക്ഷിച്ചെങ്കിലും അത് അസ്ഥാനത്തായി എന്ന് പറയാതെ വയ്യ.


പുനർനിർമ്മാണം ഉടൻ ആരംഭിക്കുമെന്നും അത് പഴയതിന്റെ തുടർച്ചയാവില്ലെന്നും ഒക്കെ വാചകമടി ഉണ്ടായത് മാത്രം മിച്ചം.എല്ലാം എത്ര പെട്ടെന്നാണ് സർക്കാർ വിഴുങ്ങിയത്.ചില വിശദീകരണങ്ങൾ ഇതാ.


വളരെ ബോധപൂർവം തന്നെ സർക്കാർ തികച്ചും പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമായ നിലപാട് സ്വീകരിക്കുന്നു . അതിനു പിന്നിൽ താത്ക്കാലികമായ രാഷട്രീയ ലാഭവും സാമ്പത്തിക ലാഭവും ചില ഘടകങ്ങളെങ്കിലും ലക്ഷ്യമിട്ടുണ്ടാകാം. സമീപ ഭാവിയിലും വിദൂര കാലത്തിലും വരാൻ സാധ്യതയുള്ള പരിസ്ഥിതി ആഘാതങ്ങളെ സൂക്ഷ്മമായി വിലയിരുത്തി ദൂരന്ത നിവാരണ സംവിധാനങ്ങളെ കുറ്റമറ്റതും കാര്യക്ഷമവും ആക്കുന്നതിൽ സർക്കാർ തീർത്തും അലംഭാവമാണ് കാണിക്കുന്നത്.നിലവിലെ നിയമങ്ങളും ചട്ടങ്ങളും പഴുതടച്ചു നടപ്പിലാക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല അവയെ മാറ്റിമറിക്കാനും ദുരന്തങ്ങൾ ക്ഷണിച്ചു വരുത്താനും ആരുടെയൊക്കെയോ അജണ്ടകൾ പ്രവർത്തിക്കുന്നുവെന്നും കാണാനാവും‌.


നൂറ് വർഷങ്ങൾക്കപ്പുറം, അതും രാജഭരണകാലത്ത് 1924ൽ ഉണ്ടായപേമാരിക്കും രൂക്ഷമായ പ്രളയത്തിനും ശേഷം നദികളിൽ ഉയർന്നു പൊങ്ങിയ വെളളത്തിന്റെ അളവു കണക്കാക്കി നദീതീരങ്ങളിൽ കൽ തൂണുകൾ സ്ഥാപിച്ച് അതിൽ ഈ അളവ് 1924 എന്ന് അsയാളപ്പെടുത്തി.ഈ അളവിൽ വരെ വെള്ളം വീണ്ടും ഉണ്ടാവാൻ സാധ്യതയുള്ള പ്രളയത്തിൽ  ഉയരാൻ സാധ്യതയുണ്ടെന്നും അതിനാൽ ആ പ്രദേശങ്ങളിൽ നിർമ്മാണങ്ങൾ പാടില്ല എന്നുമായിരുന്നു രാജശാസനം.പിൽക്കാലത്ത് വികസനം പെരുകി പരന്നതോടെ മേൽ പറഞ്ഞ അടയാളങ്ങൾ നദികളിലേക്ക് വലിച്ചെറിഞ്ഞ് അവിടങ്ങൾ കോൺക്രീറ്റ് സൗധങ്ങളായി മാറി
കഴിഞ്ഞ വർഷം പ്രളയത്തിനു ശേഷം പ്രളയബാധിത മേഖലകളിൽ ഫ്ലഡ് മാപ്പിങ്ങിന് സർക്കാർ സർവേ നടത്തി, മാപ്പ് തയ്യാറാക്കിയെങ്കിലും അത് വെളിച്ചം കണ്ടില്ല. റിയൽ എസ്റ്റേറ്റ് മാഫിയകൾക്കു വേണ്ടി അത് പൂഴ്ത്തുകയാണുണ്ടായത്.


വ്യവസായവകുപ്പിന്റെ വികസന അജണ്ടകൾ പ്രളയത്തിനു ശേഷമുള്ള സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് നേർ വിപരീതമാണ്.ഏകജാലക സംവിധാനം വഴി ക്രഷറുകൾക്കും അവയുടെ അനുബന്ധ വ്യവസായമായി ക്വാറികൾക്കും ഗ്രീൻ ചാനലിലുടെ ലൈസൻസ് നൽകാൻ തീരുമാനിച്ചത് വലിയ പ്രതിഷേധത്തിനും കോടതി ഇടപെടലിനും വഴിയൊരുക്കി.


ക്വാറി മാഫിയ ശക്തമാകുന്നതിനും സംഘടിക്കുന്നതിനും സർക്കാർ നയം സഹായകമായി. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുക തന്നെയാണു്. 3. 4 കി.മി, പുലിമുട്ട് വേണ്ടതിൽ 650 മീറ്റർ ആയപ്പോൾ തന്നെ എത്ര വലിയ ആഘാതങ്ങൾ ദൃശ്യമായി. വീടുകൾ കടലെടുത്ത് തെരുവിലായ മൽസ്യതൊഴിലാളികുടുംബങ്ങൾ, മാസങ്ങളോളം പണിയില്ലാതെ കടലിലേക്ക് കണ്ണുംനട്ടിരിക്കുന്ന പട്ടിണിയുടെ ഉടമകൾ, മറു വശത്ത് എന്തു ചെയ്തും എവിടെയെല്ലാം പൊട്ടിച്ചും അദാനിക്കു് പാറനൽകുമെന്ന് വാശി പിടിക്കുന്ന സർക്കാർ,ഹാർബർ വന്നാലും ഇല്ലെങ്കിലും കടൽ തീരത്ത് തങ്ങളുടെ കയ്യിൽ വന്നു ചേരാൻ പോകുന്ന 105 ഏക്കറും അതിലെ നിർമ്മാണ സമുച്ചയങ്ങളൂം സ്വപ്നം കാണുന്ന അദാനിയും സംഘവും, ഒരിക്കലും ലാഭകരമാവുകയോ കപ്പൽ ചരക്ക് ഗതാഗതം വഴി ഒരു വികസനവും വരാൻ പോകുന്നില്ലെന്നും തങ്ങളുടെ നികുതിപ്പണം അനർത്ഥമായി ഒഴുകിപ്പോവുകയാണെന്ന യാഥാർത്ഥ്യത്തെ നേരിൽ കണ്ടിട്ടും മിണ്ടാതെ ഇരിക്കുന്ന പാവം ജനങ്ങൾ.


ആലപ്പാട്ട് കരിമണൽ ഖനനത്തിനെരെ ,ജനങ്ങളുടെ അതിജീവന സമരത്തിനു് വർഷങ്ങളുടെ ചൂടും ചൂരുമുണ്ടു്. കിലോമീറ്ററുകൾ കടൽകയറി തീരം നഷ്ടപ്പെട്ട് ജീവിതം അസാധ്യമായ നൂറുകണക്കണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങളൂടെ കണ്ണുനീരിന്റയും ആസിഡ് കലർന്നു് മലിനമായ, മാറാരോഗങ്ങൾ ക്ഷണിച്ചു വരുത്തുന്ന വെള്ളക്കെട്ടുകളുടെ നടുവിൽ അകപ്പെട്ട നൂറുകണക്കിനു കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളുടേയും വിലയേക്കാൾ എന്ത് ലാഭമാണ് കരിമണൽ ഒരു നിയമവും നിയന്ത്രണവും ഇല്ലാതെ വാരി വിറ്റത് വഴി ലഭിക്കുന്നത്. തൊഴിലും വളർച്ചയും ഉണ്ടാവണമെന്ന് പറയുമ്പോൾ ,അത് എത്ര വരെയാകാമെന്നും അതിന്റെ വിപരീത ഫലം എത്ര മാരകമാണെന്നും തിരിച്ചറിയാനും തിരുത്താനും മാറി മാറി വരുന്ന സർക്കാരിനു കഴിയുന്നില്ല .


 - തുടരും -

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment