കേരളത്തിന്റെ അതിജീവനവും ഭരണകൂട നിലപാടുകളും - ഭാഗം 3




കേരളത്തിലെ തീരദേശങ്ങളിൽ ജനങ്ങൾ നടത്തി വരുന്ന അതിജീവന സമരങ്ങളിൽ ചിലത് മാത്രമാണ് മുൻഭാഗത്ത് സൂചിപ്പിച്ചത്. എറണാകുളം പുതുവയ്പിനിൽ ഐ ഓ സി യുടെ എൽ പി ജി സംഭരണ കേന്ദ്രത്തിനെതിരെ ജനങ്ങളുടെ സമരം മൂന്നുവർഷം പിന്നിട്ടു കഴിഞ്ഞിട്ടും തളർച്ചയില്ലാതെ തുടരുന്നു.


15 ലക്ഷം ടൺ സംഭരണശേഷിയുള്ള കൂറ്റൻ ടാങ്കുകൾ കടൽ തീരത്ത് 500ഓളം കുടുംബങ്ങളുടെ അധിവാസ കേന്ദ്രത്തിനു നടുവിൽ കൊണ്ടുവരുന്നതിനു സർക്കാർ സിആർ ഇസഡ് നിയമ പരിധി പോലും ലംഘിച്ചും ജനങ്ങളുടെ ഭയാശങ്കകൾക്ക് തെല്ല് പരിഗണന പോലും നൽകാതെയും എണ്ണക്കമ്പനിക്ക് എല്ലാ ഒത്താശയും നൽകുകയായിരുന്നു. ക്രൂരമായ പോലീസ് മർദ്ദനത്തെയും കോടതി വിധിയേയും അതിജീവിച്ച സമരത്തിന്റെ മുമ്പിൽ കമ്പനി ഭീമന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.


തീരദേശത്തെ പ്രശ്നങ്ങളിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ല മലയോര മേഖലയിലെ സ്ഥിതിയും .സ്വന്തം ജീവിതഭൂമികയിൽ നിന്നും പുറന്തള്ളപ്പെടുന്ന, കൃഷിഭൂമിയോ കിടപ്പാടമോ ഇല്ലാത്ത ആദിവാസികളും ദളിതരുമടങ്ങുന്ന പിന്നോക്ക ജനതയുടെ എണ്ണം അനുദിനം പെരുകുന്നു .സ്വന്തം വനഭൂമി അന്യമാക്കപ്പെട്ട്, ജീവിക്കാൻ
മറ്റു വഴികളില്ലാതായപ്പോൾ അവർ സംഘടിച്ച് സർക്കാർ പുറമ്പോക്ക് ഭൂമികളിൽ കുടിൽ കെട്ടി താമസിക്കാൻ തുടങ്ങി. ചെങ്ങറയിലും അരിപ്പയിലും തോവേരി മലയിലും  അവർ ജീവിക്കാനുള്ള സമരത്തിലാണ് .അവരെയൊന്നും സർക്കാർ ഈ രാജ്യത്തെ പൗരൻമാരായി അംഗീകരിച്ചിട്ടില്ല. റേഷൻ കാർഡില്ല, കറന്റില്ല, കുട്ടികൾക്ക് പഠിക്കാൻ സൗകര്യങ്ങളില്ല. ഈ നഗ്നമായ അവഗണനയെ അതിജീവിക്കുകയാണ് അവർ.


മലയോര മേഖലയെയാകെ തുരന്നെടുക്കുന്ന പതിനായിരക്കണ ക്വാറികൾ, ക്രഷറുകൾ ഇതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങളുടെ ഇരകളായ ജനങ്ങൾ - ഭൂമിയും കൃഷിയും നഷ്ടപ്പെട്ടവർ, കുടിവെള്ളം മുട്ടിയവർ ,വി വിധ രോഗങ്ങൾക്കു് അടിപ്പെട്ടവർ - ഇവർ പതിനായിരങ്ങൾ നൂറുകണക്കിന് സമരങ്ങ ളുടെ നടുവിലാണ്.


ഇനി ഈക്കാര്യങ്ങളിലെ ഭരണകൂട നിലപാടുകൾ  ഒന്നുകൂടി സൂക്ഷ്മമായി നോക്കാം .ഭരിക്കുന്ന സർക്കാരിന്റെ അവരുടെ രാഷ്ട്രീയ പ്രസ്ഥാനത്തീന്റെ നിലപാടുകളിലെ മലക്കം മറിച്ചിലാണു് ഏറ്റവും പ്രധാനം.ഇടത് പക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാന സിദ്ധാത്തത്തിൽ നിന്ന് പൂർണമായും വ്യതിചലിച്ച് വലത് പക്ഷ അധികാര രാഷ്ട്രീയത്തിന്റെ വിഭ്രാമക വലയത്തിൽ അകപ്പെട്ടിരിക്കുന്നു അവർ.സമ്പന്നർക്ക് വേണ്ടിയും കോർപ്പറേറ്റുകൾക്കു വേണ്ടിയും അധികാരം ദുരുപയോഗിക്കുന്നതിലേക്ക് എത്തിയിരിക്കുന്നു. അദാനിക്ക് വിഴിഞ്ഞത്ത് എല്ലാ സൗകര്യങ്ങളും നൽകി അവരുടെ പാദത്തിൽ കുനിഞ്ഞു നിൽക്കുന്നു. ഗുജറാത്തിൽ മോദിയും ഇവിടെ ഉമ്മൻ ചാണ്ടിയും പിന്തുടർന്ന വഴിയിൽ കുറെ കൂടീ കണിശത്തോടെ തന്നെ ഈ സർക്കാരും. പ്രളയത്തിന്റെ ദുരന്തഭൂമിയിൽ മരവിച്ചു നിൽക്കുന്ന, നിത്യപട്ടിണിയിലേക്ക് കൂപ്പുകുത്തുന്ന ജനങ്ങൾ അല്ല, പുതിയ ക്വാറികൾ അനുവദിച്ച് സർക്കാർ തന്നെ ആവശ്യമായ പാറനൽകി വിഴിഞ്ഞം  വീണ്ടും കടലിൽ മുക്കാനുള്ള അദാനി പദ്ധതിയാണ് സർക്കാരിനു പ്രിയം. തെരുവിലേക്ക് പുറം തള്ളപ്പെടുന്ന ആദിവാസികൾക്കല്ല, കെ പി. യോഹന്നാനും ഹാരിസൺ പ്ലാന്റേഷനും അനധികൃതമായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമിക്ക് നമ്മുടെ നികുതിപ്പണം വിലയായി നൽകി വനഭൂമിയും അതുവഴി കേരളത്തെയും പാരിസ്ഥിതികമായി തകർത്ത് ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതിയിലൂടെ സമ്പന്ന പ്രീണനത്തിനാണു് സർക്കാർ മുൻഗണന.
നിരന്തരമായ സമരത്തിലൂടെ വളർന്ന് അധികാരത്തിലെത്തിയ സർക്കാർ സമരങ്ങളെ ,എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള വഴി തേടുന്നു.കൃഷി ഭൂമി കൃഷിക്കാരനു എന്ന മുദ്രാവാക്യമുയർത്തി ഏ കെ ജി നയിച്ച പട്ടിണി ജാഥ മുതൽ എത്ര എത്ര സമരങ്ങൾ? കൃഷി ചെയ്യുന്ന കർഷകരുടേയും, പിന്നാക്ക വിഭാഗങ്ങളുടേയും, തീരദേശ ജനതയുടേയും ഭൂമി പിടിച്ചെടുത്ത് കോർപ്പറേറ്റുകൾക്ക് നൽകി അവരെ ലൈഫ് പദ്ധതി എന്ന ഓമനപേരു നൽകി ഫ്ലാറ്റുകളിലെത്തിക്കുന്ന തലതിരിഞ്ഞ വികസനത്തിന്റെ വാക്താക്കളാവുകയാണ് സർക്കാർ.മാത്രമല്ല, രണ്ടും മൂന്നും വർഷങ്ങളായി ജീവിക്കാനായി ,കൃഷി ഭൂമിക്കായി നടന്നു വരുന്ന എത്ര എത്ര സമരങ്ങൾ. സമരങ്ങളെ അവഗണിക്കുക മാത്രമല്ല, മാഫിയകളും അവരുടെ ഗുണ്ടകളും  സമരങ്ങളെ മർദ്ദിച്ചൊതുക്കുകയും പോലീസ് ഭീഷണി, കള്ളകേസ് എന്നിവ വഴി തളർത്തുകയും ചെയ്യുന്ന ജനവിരുദ്ധ. നിലപാടിലാണ് സർക്കാർ.


ഈ സർക്കാർ ഒന്നു മനസ്സിലാക്കണം.വളരെ ഗൗരവമുള്ള അതിജീവന പ്രശ്നങ്ങളൂമായി അല്ലെങ്കിൽ ഈ പാവം വോട്ടർമാർ ഈ പൊരിവെയിലത്തും തോരാമഴയത്തും നിങ്ങൾ വാഴുന്ന ശീതീകരിച്ച മണി സൗധങ്ങൾക്ക് മുന്നിൽ എല്ലാം ഉപേക്ഷിച്ചു വന്നു എന്തിന് പട്ടിണി കിടക്കുന്നു എന്നെങ്കിലും | സമരങ്ങളുടെ വില മറന്നു പോയിരിക്കുന്നു, നിങ്ങൾ.


ഒന്നുകൂടി പറഞ്ഞാൽ ഭരണകൂട ഭീകരതയിലേക്ക് സാക്ഷാൽ എൽ ഡി എഫ് ഭരണം എത്തിയിരിക്കുന്നു. മാവോയിസ്റ്റ് എന്ന മുദ്രകുത്തി ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന ,സ്വന്തമായി ,സ്വതന്ത്രമായി കുറച്ചു വായനയും ചിന്തയും ഉള്ള ആരേയും  നീതിരഹിതമായി പിടികൂടാമെന്നും വേണമെങ്കിൽ വെടിവച്ചു കൊല്ലാമെന്നും വരെ എത്തിയിരിക്കുന്നു നമ്മുടെ സർക്കാർ.
ഈ തല തിരിഞ്ഞ സർക്കാർ നിലപാടുകൾക്കെതിരെ ഒരു ജനകീയ രാഷ്ട്രീയത്തിനായി രംഗത്തിറങ്ങുകയാണു് ഏത് ജനാധിപത്യ വിശ്വാസിയുടേയും ഇന്നത്തെ ദൗത്യം.

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment