കിള്ളിയാറിൽ നിന്ന് നീക്കം ചെയ്‌ത മാലിന്യങ്ങൾ കടലിൽ




കിള്ളിയാർ മെഗാ ശുചീകരണത്തിന് ഭാഗമായി പുഴയിൽ നിന്നും നീക്കം ചെയ്‌ത മാലിന്യങ്ങളുടെ ഒരു ഭാഗം കടലിൽ എത്തിയിരിക്കുന്നു. കോവളം ഭാഗത്തെ കടലിലാണ് മാലിന്യങ്ങൾ അടിഞ്ഞ കൂടിയത്. കേരളത്തിലെ ഏറ്റവും വലിയ തീരദേശ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ കോവളത്ത് മാലിന്യം അടഞ്ഞ് കൂടുന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്. ദീര്ഘവീക്ഷണത്തോടെയല്ലാതെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ വരുത്തി വെക്കുന്ന വിനയാണ് ഇത്തരം സംഭവങ്ങൾ വിളിച്ചോതുന്നത്.


പനത്തുറ വഴിയാണ് കിള്ളിയാർ ഒഴുകി കടലിലെത്തുന്നത്. ഇതിന് സമീപമാണ് കോവളം. പ്രദേശത്ത് മാലിന്യം എത്തിയതോടെ വിദേശികളിൽ പലരും കടലിൽ ഇറങ്ങാൻ മടിക്കുന്നുണ്ട്. അതേസമയം ചില വിദേശികൾ മാലിന്യം നീക്കം ചെയ്യാൻ മുൻകൈയെടുത്തു. ഇത് ശ്രദ്ധയിൽപെട്ട ഫ്രണ്ട് ഓഫ് മറൈൻ ലൈഫ് പ്രവർത്തകരും മാലിന്യം നീക്കം ചെയ്യാൻ മുന്നിട്ടിറങ്ങി. അര മണിക്കൂർ ശുദീകരിച്ചപ്പോൾ തന്നെ കിട്ടിയത് മൂന്ന് ചാക്കോളം മാലിന്യം. അതേസമയം, കിള്ളിയാറിന്റെ തീരശുചീകരണം ഉടൻ തുടങ്ങുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചിട്ടുണ്ട്.


ശുചീകരണം എന്നത് ഒരു സ്ഥലത്തെ മാലിന്യങ്ങൾ എടുത്ത് മറ്റു സ്ഥലത്ത് കൊണ്ടുപോയി ഉപേക്ഷിക്കലാണ് എന്ന രീതിയാണ് പലയിടത്തും നടന്ന് വരുന്നത്. പല പുഴകളും, തോടുകളും, കുളങ്ങളും ഈ അടുത്ത കാലത്തായി ശുചീകരിച്ച് വരുന്നുണ്ട്. എന്നാൽ ശുചീകരണത്തിന്റെ ഭാഗമായി പലപ്പോഴും നടക്കുന്നത് ഇവിടങ്ങളിലെ മാലിന്യങ്ങൾ എടുത്ത് കരയ്ക്ക് എടുത്ത് വെക്കുകയാണ്. ഇത് അടുത്തൊരു മഴക്ക് വീണ്ടും ഇവിടേക്ക് തന്നെ ഒലിച്ച് ഇറങ്ങുകയോ അല്ലെങ്കിൽ ഇത്തരം പ്രദേശങ്ങളിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്നുണ്ട്.


ശുചീകരണം നടത്തിയ കിള്ളിയാർ ഇപ്പോൾ സുഗമമായി ഒഴുകുന്നുണ്ട്. എന്നാൽ ശുചീകരണം നടത്തിയ ദിവസങ്ങളിലെ മാലിന്യങ്ങളിൽ നല്ലൊരു പങ്കും ഒഴുകി കടലിൽ എത്തിയിട്ടുണ്ട്. പുഴ ശുദ്ധീകരിച്ചതിന് ശേഷം വീണ്ടും മലിനമാകാതിരിക്കാനുള്ള ശ്രമങ്ങൾ  നടന്ന് വരുന്നതേയുള്ളു. ഇതിന് ജനങ്ങളുടെ സഹകരണവും അധികൃതരുടെ കരുതലും ആവശ്യമാണ്. ഒപ്പം കടലയിലെത്തിയ മാലിന്യങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ വലത് കാലിലെ മന്ത് ഇടത് കാലിലേക്ക് മാറ്റി വെച്ചതിന് തുല്യമാകും. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment