ഡൽഹിയെ ചുവപ്പിച്ച് തൊഴിലാളി - കർഷക ശക്തി




തലസ്ഥാനനഗരിയെ ചുവപ്പിച്ച്  തൊഴിലാളി - കർഷക ശക്തി. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ തൊഴിലാളികളും കര്‍ഷകരും നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനാളുകളാണ് പാർലമെന്റ് സ്ട്രീറ്റിലേക്ക് എത്തിയിരിക്കുന്നത്. ‘ഒന്നുകില്‍ നയംമാറ്റം അല്ലെങ്കില്‍ സര്‍ക്കാര്‍ മാറ്റം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി സംഘടിപ്പിക്കുന്നത്. രാവിലെ രാംലീല മൈതാനിയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് മൂന്ന് ലക്ഷത്തോളം കർഷകരും തൊഴിലാളികളുമാണ് അണി നിരന്നത്. അഖിലേന്ത്യാ കിസാൻ സഭ, സിഐടിയു എന്നിവയുടെ നേതൃത്വത്തിലാണ് റാലി. 

 

മിനിമം നേതനം 18,000 രൂപയാക്കുക, കാര്‍ഷിക കടം എഴുതിത്തള്ളുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുക, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, നിർബന്ധിത ഭൂമി ഏറ്റെടുക്കൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ട് വെക്കുന്നത്. നവംബറില്‍ രാജ്യത്തെ ഒമ്പത്‌കേന്ദ്രങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്തുന്ന ലോംഗ് മാര്‍ച്ചിന് മുന്നോടിയായാണ് ഇന്നത്തെ മാര്‍ച്ച്. ഇക്കഴിഞ്ഞ മാർച്ചിൽ മഹാരാഷ്ട്രയിൽ കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്തിയ കിസാൻ ലോംഗ് മാർച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. കേന്ദ്ര സർക്കാർ പിന്തുടരുന്ന തൊഴിലാളി - കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദേശവ്യാപകമായി പ്രക്ഷോഭങ്ങൾ ഉയർന്നു വരികയാണ്. 

 

കിസാൻ മസ്ദൂർ സംഘർഷ് റാലി മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ 

  • കാര്‍ഷിക കടം എഴുതി തള്ളണം, താങ്ങുവില നിശ്ചയിക്കണം, മിനിമം വേതനം 18,000 ആക്കണം; 
  • വിലക്കയറ്റം തടഞ്ഞുനിര്‍ത്തുക, പൊതുവിതരണസംവിധാനം വ്യാപിപ്പിക്കുക
  • തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഫലപ്രദമായ നടപടികള്‍
  • എല്ലാ തൊഴിലാളികള്‍ക്കും കുറഞ്ഞത് 18,000 രൂപ പ്രതിമാസവേതനം
  • തൊഴിലാളി വിരുദ്ധ നിയമഭേദഗതികള്‍ അവസാനിപ്പിക്കുക
  • എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും ഉല്‍പാദനചെലവിന്റെ ഒന്നരമടങ്ങ് ആദായവിലയും പൊതുസംഭരണവും
  • കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും വായ്പകള്‍ എഴുതിത്തള്ളുക
  • കര്‍ഷകതൊഴിലാളികള്‍ക്ക് വേണ്ടി സമഗ്രമായ നിയമനിര്‍മാണം
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എല്ലാ ഉള്‍നാടന്‍ മേഖലകളിലും നഗരങ്ങളിലും നടപ്പിലാക്കുക
  • എല്ലാവര്‍ക്കും ഭഷ്യ സുരക്ഷ, ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസ സുരക്ഷ, സാമൂഹിക സുരക്ഷ, പാര്‍പ്പിടം
  • കരാര്‍വല്‍ക്കരണം പാടില്ല
  • പുനര്‍വിതരണത്തിന് ഉതകുന്ന വിധം ഭൂപരിഷ്‌കരണം
  • വനാവകാശനിയമം നടപ്പിലാക്കുക
  • ബലംപ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കല്‍ അവസാനിപ്പിക്കുക
  • പ്രകൃതിക്ഷോഭത്തിന്റെ ഇരകള്‍ക്ക് പുനരധിവാസവും ദുരിതാശ്വാസവും
  • നവഉദാരവല്‍ക്കരണനയങ്ങള്‍ പിന്‍വലിക്കുക
Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment