കിഴക്കഞ്ചേരി ക്വാറി: പരാതിക്കാരുടെ പ്രതിനിധി ഹൈക്കോടതിയിലേക്ക്‌




കിഴക്കഞ്ചേരി: ക്വാറികളും ആവാസമേഖലയും തമ്മിലുള്ള ദൂരം 200 മീറ്ററാക്കിയ ഹരിതട്രൈബ്യൂണലിന്റെ വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പരാതിക്കാരായ 113 പേർക്കുവേണ്ടി ഇവരുടെ പ്രതിനിധി ഹാജരാകും. എല്ലാവർക്കും കോടതിയിലെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെത്തുടർന്നാണിത്.


കിഴക്കഞ്ചേരി കൊന്നയ്ക്കൽക്കടവ് മലയോരമേഖലയിലുള്ള പരാതിക്കാരായ 113 പേരും കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരുമാണ് സംസ്ഥാനസർക്കാർ നൽകിയ ഹർജിയിലെ എതിർകക്ഷികൾ. 12-ന് മുമ്പ് വിവരങ്ങൾ നൽകണമെന്നാണ് ഹൈക്കോടതിയുടെ നോട്ടീസ്. പരിസ്ഥിതിപ്രവർത്തകരും പരിസ്ഥിതിസംഘടനകളും കേസിൽ കക്ഷി ചേർന്നേക്കുമെന്നും സൂചനയുണ്ട്.


ക്വാറികളും ജനവാസമേഖലയും തമ്മിലുള്ള ദൂരപരിധി 2017-ൽ സംസ്ഥാനസർക്കാർ 50 മീറ്ററാക്കി കുറച്ചിരുന്നു. ഇതേത്തുടർന്ന് കിഴക്കഞ്ചേരി കൊന്നയ്ക്കൽകടവ് മേഖലയിൽ പുതിയ ക്വാറികൾ തുടങ്ങാനുള്ള ശ്രമം തുടങ്ങിയതോടെ പ്രദേശവാസികളായ 113 പേർ ഒപ്പിട്ട് 2019 ഫെബ്രുവരി 13-ന് ഹരിതട്രൈബ്യൂണലിൽ പരാതി നൽകി. നിലവിൽ രണ്ട് ക്വാറികൾ കിഴക്കഞ്ചേരിയിൽ പ്രവർത്തിക്കുന്നുണ്ട്. ദൂരപരിധി 50 മീറ്ററായാൽ കൂടുതൽ ക്വാറികൾ തുടങ്ങുമെന്നും പ്രദേശം വിട്ടൊഴിഞ്ഞുപോകേണ്ടിവരുമെന്നുമായിരുന്നു പരാതി. 


ഇത് പരിഗണിച്ച് ഖനനം നടക്കുന്ന ക്വാറികളും ജനവാസമേഖലയും തമ്മിലുള്ള ദൂരം 200 മീറ്ററാക്കി പുനർനിർണയിച്ച് 2020 ജൂലായ് 21-ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കി. ഇതിനെതിരെ കോഴിക്കോടുള്ള ക്വാറിയുടമ നൽകിയ പരാതിയെത്തുടർന്ന് ഹൈക്കോടതി, ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് 2020 ഓഗസ്റ്റ് ആറിന് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സർക്കാർ ഓഗസ്റ്റ് 10-നാണ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതിനുശേഷം കാസർകോട്ടുള്ള ക്വാറിയുടമ ട്രൈബ്യൂണൽ വിധിക്കെതിരെ നൽകിയ ഹർജിയിൽ കേസ് തീരുന്നതുവരെ തത്‌സ്ഥിതി തുടരാൻ ഓഗസ്റ്റ് 18-ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ വാദം 15-ന് കേട്ടേക്കും .


തിരുവനന്തപുരം കിളിമാനൂരിൽ ക്വാറിയും ജനവാസമേഖലയും തമ്മിൽ 135 മീറ്റർ ദൂരമുള്ള പ്രദേശത്ത് ക്വാറിയുടെ പ്രവർത്തനം കൊണ്ടുള്ള പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി പശ്ചിമഘട്ടസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സമാനമായ കേസായതിനാൽ ഇതും ഇതോടൊപ്പം പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment