കൊച്ചിയിൽ തീരദേശ പരിപാലന നിയമം ലംഘിച്ചതായി സംശയിക്കുന്ന 4,239 കെട്ടിടങ്ങൾ; പട്ടിക കളക്ടർക്ക് സമർപ്പിച്ചു




എറണാകുളം ജില്ലയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടങ്ങള്‍ പണിതവരെ കണ്ടെത്താനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. നിയമ ലംഘനം നടത്തിയതായി സംശയിക്കുന്ന 4,239 കെട്ടിടങ്ങളുടെ പട്ടിക ജില്ലാ കളക്ടര്‍ക്ക് സമർപ്പിച്ചു. മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടർന്ന് ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ തീരദേശ പരിപാലന നിയമ ലംഘനങ്ങൾ അന്വേഷിച്ച് കണ്ടെത്തുന്നത്.


നിയമ ലംഘനം നടത്തിയ കെട്ടിടങ്ങൾ കണ്ടെത്താൻ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയോടെയായിരുന്നു പരിശോധന. നിയമം ലംഘിച്ചെന്ന് സംശയിക്കുന്ന 4239 കെടങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.  


ഏറ്റവും കൂടുതല്‍ കെട്ടിടങ്ങൾ ചെല്ലാനം പഞ്ചായത്തിലാണ്. 1653 കെട്ടിടങ്ങളാണ് നിയമലംഘനം നടത്തിയതായി പട്ടികയിൽ ഉള്ളത്. രണ്ടാമതയി ഉള്ള പള്ളിപ്പുറം പഞ്ചായത്തില്‍ 677 കെട്ടിടങ്ങളാണ് നിയമം ലംഘിച്ചതായി കണ്ടെത്തിയത്. ഇവയെ സംബന്ധിച്ച് ഉടമസ്ഥര്‍ക്ക് ആക്ഷേപമോ നാട്ടുകാര്‍ക്ക് പരാതിയോ ഉണ്ടെങ്കില്‍ അടുത്ത ചൊവ്വാഴ്ച വരെ കളക്ടറെ അറിയിക്കാം. തുടര്‍ന്ന് വിശദമായ പരിശോധന നടത്തും.


തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നത് ഈ ഘട്ടത്തിലാണ്. അതിന് ശേഷം അടുത്തമാസം 12ആം തീയതിയോടെ ജില്ലാ കളക്ടര്‍, സംസ്ഥാന സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍ക്കാറിന്റെ തീരുമാനത്തിന് അനുസരിച്ചാകും നിയമം ലംഘിച്ചവർക്കെതിരെയുള്ള നടപടികൾ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment