കൊച്ചി-ധനുഷ് കോടി ദേശീയ പാതയിൽ  മൃഗ പാതകൾ നിർമ്മിക്കുന്നത് ആശ്വാസകരമാണ്




കൊച്ചി-ധനുഷ് കോടി ദേശീയ പാത നിർമ്മാണത്തിൽ ഏറെ പാരിസ്ഥിതികമായ ആഘാതങ്ങൾ വരുത്തിവെച്ച പ്രവർത്തനങ്ങൾ ആയിരുന്നു നടന്നു വന്നത്. അതിലെ മൂന്നാർ മുതൽ ബോഡി വരെയുള്ള പാതയിൽ മൃഗങ്ങളുടെ സഞ്ചാരത്തിന് പാലങ്ങൾ ഒരുക്കുകയാണ്. 42 കിലോമീറ്റർ നീളം വരുന്ന മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള റോഡിൻ്റെ നിർമ്മാണത്തിന് ദേശീയ പാത അതോറിറ്റി മാറ്റിവച്ചത് 268.2 കോടി രൂപയാണ്. അടിമാലി മുതൽ ബോഡിമെട്ട് വരെ ഒട്ടേറെ വിമർശനങ്ങൾ വിളിച്ചു വരുത്തി കൊണ്ടിരുന്ന വീതി കൂട്ടൽ, ഗ്യാപ് റോഡ് ഭാഗത്ത് വൻ തോതിൽ ഭൂമിയിടിച്ചിൽ ഉണ്ടാക്കി. അശാസ്ത്രീയമായി  പാറ പൊട്ടിച്ചത് വൻ മലയിടിച്ചിലിനു കാരണമായി. പാറ കച്ചവടത്തെ മാത്രം ലക്ഷ്യം വെച്ച നിർമ്മാണം ഏറ്റവും ദുഷ്കരമായ സാഹചര്യമൊരുക്കി. നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.


ഗ്യാപ് ഭാഗത്തെ ആഘാതങ്ങൾ പഠിക്കുവാൻ മദ്രാസ് ഐ.ഐ.റ്റിയിൽ നിന്നും വിദഗ്ധർ എത്തിയിരുന്നു. നാഷണൽ ഹൈവേ ഉദ്യോഗസ്ഥന്മാരും നിർമ്മാണ കമ്പനിയും ചേർന്നു നടത്തിയ അട്ടിമറിക്ക് സംസ്ഥാന സർക്കാർ നോക്കു കുത്തിയായത് അഴിമതിയുടെ നിരവധി കഥകളിലൂടെയാണ്. 


പൂപ്പാറ മുതൽ ബോഡിമെട്ട് വരെ മതികെട്ടാൻ മല നിരകളുടെ ഭാഗത്ത് കൂടി ആണ് ഹൈവേ കടന്നു പോകുന്നത്. അവിടെയും ആന താരകളുടെ സാനിധ്യമുണ്ട്. മൂന്നാർ മുതൽ ബോഡി വരെയുള്ള പ്രദേശങ്ങളിൽ നിരവധി വരയാടും ആനയും മറ്റും ജീവിക്കുന്നു. ജീവികൾ യഥേഷ്ടം കടന്നുപോകുന്ന ഈ പ്രദേശത്തെ റോഡ് നിർമ്മാണം അവയുടെ യാത്രയ്ക്ക് തടസ്സം നിൽക്കുന്നുവെന്ന് ഒട്ടേറെ പഠനങ്ങൾ തെളിയിച്ചു. ഇതിൻ്റെ പശ്ചാത്തലത്തിൽ വന്യ ജീവികളുടെ സാന്നിധ്യം ഏറെയുള്ള ദേവികുളം / പൂപ്പാറ റോഡിൽ അവക്കു കടന്നു പോകുവാൻ 10 ഇടനാഴികൾ നിർമ്മിക്കുന്ന തീരുമാനം വന്യ ജീവികൾക്ക് ഏറെ സഹായകരമായിരിക്കും. ഗ്യാപ്പ് റോഡ് ഭാഗത്ത് 5.5 മീറ്റർ ഉയരത്തിലാണ് മൃഗ പാതകൾ  നിർമ്മിക്കുന്നത്. 


പ്രസ്തുത റൂട്ടിൽ 10  ആനത്താരകൾ ഉണ്ട് എന്നത് നാഷണൽ ഹൈവേ അതോറിറ്റി തിരിച്ചറിഞ്ഞിത് ആശ്വാസകരമാണ്. ചിന്നാർ /മറയൂർ പ്രദേശത്ത് ഏറെ കാണപ്പെടുന്ന മലയണ്ണാനുകളുടെ സംരക്ഷണ ത്തിനായി 19 വന്യ ജീവി പാതകൾ നിർമ്മിച്ചിരുന്നു. വന്യ ജീവികളുടെ റോഡു മുറിച്ചു കടക്കൽ പ്രശ്നം പരിഹരിക്കുവാൻ അത് സഹായകരമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment