ലോക്ക് ഡൗണിന്റെ മറവിൽ കൊല്ലം തെക്കുംഭാഗത്ത് വ്യാപക കായൽ നികത്തൽ




കൊല്ലം: കരുനാഗപ്പള്ളി താലൂക്കിൽ അഷ്ടമുടി കായൽ തീര പ്രദേശങ്ങളിൽ  വ്യാപകമായി കായൽ നികത്തി എടുത്തു കൊണ്ടിരിക്കുന്നു.5-10 സെന്റ് മുതൽ ഏക്കർ കണക്ക് കായൽ കൈയ്യേറി കഴിഞ്ഞു. ചവറ തെക്കുംഭാഗം പഞ്ചായത്ത് / വില്ലേജിലെ വടക്ക്, പാവുമ്പാ, ലൂർഥ് പുരം, മാലി കിഴക്ക് പടിഞ്ഞാറ്, തെക്കും ഭാഗങ്ങൾ, ദളവാപുരം,നടുവത്തു ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപക കയ്യേറ്റം.


ചുമതലപ്പെട്ട പഞ്ചായത്ത്, റവന്യൂ, പോലീസ് സംവിധാനങ്ങൾക്ക് നാട്ടുകാർ പരാതി നൽകിയിട്ടും യഥാസമയം നടപടികൾ ഉണ്ടായിട്ടില്ല എന്നു നാട്ടുകാർ പറയുന്നു. പരാതിക്കാരെ കൈയേറ്റക്കാർ ഭീഷണിപ്പെടുത്തുവാനും  ശാരിരിക/മാനസീക പീഢനങ്ങൾ ഏല്പ്പിക്കുവാനും മടിക്കാറില്ല.പരാതിക്കാരെ വ്യാജ കേസ്സുകളിൽ പെടുത്തുവാൻ ശ്രമിക്കുന്ന അധികാരികളുടെയും രാഷ്ട്രീയ നേതൃത്വത്തിൻ്റെയും നിലപാടുകൾ കൊണ്ട്, പരാതിപെടാനോ , പ്രതികരിക്കാനോ സാധാരണക്കാർക്ക് കഴിയുന്നില്ല.

ത്രിതല പഞ്ചായത്തു ജന പ്രതിനിധികളുടെ സഹകരണത്തോടെ നടക്കുന്ന കൈയ്യേറ്റങ്ങൾ, അഷ്ടമുടിക്കായലിൻ്റെ ചരമഗാഥ എഴുതുകയാണ്. വികസനത്തിൻ്റെ പേരിൽ നിയമ വിരുധമായും അല്ലാതെയും നടക്കുന്ന കായൽ കൈയ്യേറ്റങ്ങൾ, കൊല്ലം ജില്ലയുടെ പടിഞ്ഞാറൻ തീരങ്ങളെ വാസ യോഗ്യ മല്ലാതാക്കി കൊണ്ടിരിക്കുന്നു.ഉൾനാടൻ മത്സ്യ ബണ്ഡന തൊഴിലാളികൾക്ക് തൊഴിൽ രംഗം ഉപേക്ഷിക്കേണ്ടി വന്നതിൽ കൈയ്യേറ്റങ്ങൾ മുഖ്യ പങ്കുവഹിച്ചു. 


വെള്ളത്തിൻ്റെ സ്വാഭാവിക ഒഴുക്കിന് തടസ്സമായി മാറിയ സാഹചര്യങ്ങൾ പ്രദേശത്തിൻ്റെ പരിസര സംതുലനത്തെ അട്ടിമറിക്കുകയാണ്. എന്നാൽ കൈയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കും വികസനത്തിൻ്റെ പേരു നൽകി, കൊല്ലം തീരപ്രദേശങ്ങളെ തകർത്തു കൊണ്ടിരിക്കുന്നു.അറിയേണ്ടവർ, ഇടപെടേണ്ടവർ, നിയമ ലംഘകരുടെ സഹായ സഹകരണ സംഘങ്ങളായി കൊറോണ കാലത്തും പ്രവർത്തിക്കുകയാണ് കൊല്ലം തീരത്ത്.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment