കോന്നി അരുവാപ്പുലത്ത് മലയിടിച്ചില്‍ അതിരൂക്ഷം; ഉരുള്‍പൊട്ടല്‍ സാധ്യതയെന്ന് പരാതി 




കോന്നി: കോന്നി അരുവാപ്പുലം മലയിടിച്ചിൽ ഭീഷണിയിൽ നാട്ടുകാർ. അരുവാപ്പുലം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ചെളിക്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ ഏക്കര്‍ കണക്കിനുവരുന്ന റബര്‍ തോട്ടത്തില്‍ മലയിടിച്ചില്‍ ഉണ്ടായത് ഇവരുടെ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. രണ്ടു ദിവസം മുന്‍പ് മഴയത്ത് ആണ് മല ഇടിഞ്ഞത്. എന്നാല്‍ ഇത് ചെറിയ ഉരുള്‍പൊട്ടല്‍ ആയിരുന്നു എന്നും വലിയ മഴ ഉണ്ടായാല്‍ വലിയ രീതിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്നുമാണ് നാട്ടുകാരുടെ ആശങ്ക.

മലയിടിഞ്ഞ സംഭവത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് താമരപ്പള്ളി ക്രഷര്‍ ക്വാറി വിരുദ്ധ സമിതി പരാതി നല്‍കും. കോന്നി തഹസീല്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.


ഇപ്പോള്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലം തൂക്കായ പ്രദേശമാണ്. ജനം അധിവസിക്കുന്ന സ്ഥലം താഴെ ഉണ്ട്. കല്ലേലി -ചെളിക്കുഴി -കുളത്തു മണ്ണ്‍ റോഡ് കടന്നു പോകുന്ന പ്രദേശമാണ്. മല മുകളില്‍ വലിയ രീതിയില്‍ പാറ ഖനനവും താഴെ മണ്ണിടിച്ചിലും രൂക്ഷമാകുമ്പോള്‍ നാട്ടുകാര്‍ നല്‍കിയ പരാതികള്‍ എല്ലാം തന്നെ അധികാരി വര്‍ഗ്ഗം ഫയലില്‍ അടവെച്ചിരിക്കുന്നു . 


പ്രദേശം അരുവാപ്പുലം വില്ലേജില്‍ നിന്നും ജീവനക്കാര്‍ സന്ദർശിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ മല ഇടിഞ്ഞ സ്ഥലത്തിന്‍റെ സമീപം വലിയ പാറമട പ്രവര്‍ത്തിക്കുന്നുണ്ട്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കെ ഈ മടയ്ക്ക് പഞ്ചായത്ത് സെക്രട്ടറി ദീര്‍ഘകാല പ്രവര്‍ത്തന അനുമതി നൽകുകയും ചെയ്‌തു. ഏറെ പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയ സ്ഥലമാണ് ഇത്.


അതിനിടെ, പുതിയ ഒരു ക്വാറി കൂടി താമരപ്പള്ളിയില്‍ കൊണ്ടുവരാന്‍ ഉള്ള നീക്കം നടക്കുന്നുണ്ട്. വീട് വെക്കാന്‍ ഉള്ള അനുമതി നേടി ഇവിടേയ്ക്ക് റോഡും വെട്ടിയിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ കഴിഞ്ഞ മഴക്കാലത്ത് ഉരുള്‍പൊട്ടി എങ്കിലും മണ്ണിടിച്ചില്‍ ഉണ്ടായി എന്ന റിപ്പോര്‍ട്ടാണ് വില്ലേജ് അധികാരികള്‍ റവന്യൂ വകുപ്പില്‍ നല്‍കിയത് എന്ന് നാട്ടുകാർ ആരോപണം ഉന്നയിക്കുന്നുണ്ട്. 


വന്‍ ഭൂമാഫിയ ഇവിടെ തോട്ടങ്ങള്‍ വാങ്ങി മുറിച്ച് വില്‍ക്കുകയാണ്. ഭൂമി തുരന്നുള്ള വലിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമീപ ഭാവിയില്‍ ഇവിടെ നടക്കുമെന്ന ആശങ്ക നാട്ടുകാർക്ക് ഉണ്ട്. പരിസ്ഥിതി ലോല പ്രദേശത്ത് ക്രഷര്‍, പാറമട എന്നിവ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ വിജിലന്‍സില്‍ പരാതി നല്‍കുവാന്‍ നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് വരികയാണ്. 


സമഗ്ര അന്വേഷണം ഉണ്ടായെങ്കില്‍ മാത്രമേ വന്‍ അഴിമതികള്‍ പുറത്തുവരൂ . ഇവിടെയുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും നിര്‍ത്തി വെക്കുകയും ദീര്‍ഘകാലം പാറ ഖനനത്തിന് അനുമതി നല്‍കിയ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് എതിരെ വിജിലന്‍സില്‍ രണ്ടു ദിവസത്തിനുള്ളില്‍ പരാതി സമര്‍പ്പിക്കും എന്നും പരിസ്ഥിതി നേതാക്കള്‍ അറിയിച്ചു . 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment