കനോലി കനാൽ ശുചീകരണത്തിനൊരുങ്ങുന്നു; നോട്ടീസ് നൽകിയിട്ടും മലിനമൊഴുക്കൽ തുടർന്ന് നൂറോളം സ്ഥാപനങ്ങൾ




മാലിന്യ കൂമ്പാരങ്ങളുടെ അഴുക്ക് ചാലായി മാറിയ കോഴിക്കോട് കനോലി കനാലിനെ ശുചീകരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. വിവിധ ഗ്രീൻ പാർട്ണർമാരും സംഘടനകളുമാണ് ശുചീകരണത്തിന് മുന്നിട്ട് വന്നിരിക്കുന്നത്. ജില്ലാ ഭരണകൂടമാണ് ശുചീകരണത്തിന് നേതൃത്വം നൽകുന്നത്. നേരത്തെ ജനുവരിയോടെ പൂർത്തിയാക്കാനിരുന്ന ശുചീകരണം ഫെബ്രുവരിയിലേക്ക് നീട്ടി.


അതേസമയം, ഏറെ ചിന്തിക്കേണ്ട വിഷയം കോരപ്പുഴ മുതൽ കല്ലായി പുഴ വരെയുള്ള 11.4  കിലോ മീറ്റർ നീളമുള്ള കനോലി കനാലിലേക്ക് 120 ൽ കൂടുതൽ സ്ഥാപനങ്ങളാണ് മാലിന്യമൊഴുക്കി വിടുന്നത്. ഇതുകൂടാതെ നിരവധി വീടുകളിൽ നിന്നുള്ള മലിന ജലവും മറ്റു മലിന വസ്തുക്കളും ഒഴുക്കുന്നും ഉണ്ട്. ഇതെല്ലാം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. പലരും വർഷങ്ങളായി തുടരുന്നതാണ് ഈ മലിനമൊഴുക്കൽ. ഇതുമൂലം കല്ലായി പുഴ പൂർണ്ണമായും നശിച്ചിട്ടുണ്ട്.   


പല സ്ഥാപനങ്ങളും വർഷങ്ങളായി തുടരുന്നതാണ് മലിനമൊഴുക്കൽ. നിരവധി തവണ ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ല. അക്കാരണത്താൽ തന്നെ മലിനമൊഴുക്കൽ തുടർന്ന് വരികയായിരുന്നു. ഹോട്ടലുകൾ, പാർപ്പിടങ്ങൾ, ആശുപത്രികൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങളാണ് മാലിന്യമൊഴുക്കുന്നത്. സ്വന്തമായി സംസ്‌കരണ പ്ലാന്റുകൾ ആവശ്യമായ സ്ഥാപനങ്ങൾ പോലും അതില്ലാതെയാണ് പ്രദേശത്ത് പ്രവർത്തിക്കുന്നത്.


120 സ്ഥാപനങ്ങൾക്കാണ് കനോലി കനാൽ ശുചീകരണത്തിന്റെ ഭാഗമായി കനാലിലേക്ക് മലിനമൊഴുക്കുന്നത് അവസാനിപ്പിക്കാൻ ജിലാ ഭരണകൂടം നോട്ടീസ് നൽകിയത്. ഇവയെല്ലാം ഏറെ കാലമായി ഗുരുതരമായ നാശം കനാലിന് നൽകി മലിനജലം ഒഴുക്കുന്നവരാണ്. എന്നാൽ ഇതുവരെ 20 സ്ഥാപനങ്ങൾ മാത്രമാണ് മലിനമൊഴുക്കുന്നത് നിർത്തിയിട്ടുള്ളത്. ബാക്കി 100 സ്ഥാപനങ്ങൾ നോട്ടീസിനെ അവഗണിച്ച്  മലിനമൊഴുക്കുന്നത് തുടരുകയാണ്. കൃത്യമായ കാരണം ബോധിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകും. എന്നിട്ടും മലിനമൊഴുക്കുന്നത് തുടർന്നാൽ സ്ഥാപനങ്ങൾ പൂട്ടുന്നതിലേക്ക് നീങ്ങാനാണ് തീരുമാനം. ജനുവരി 28 ന് കനാൽ ശുചീകരണത്തിന്റെ പുരോഗതി കളക്ടർ വിലയിരുത്തുന്നതിന് ശേഷം സ്ഥാപനങ്ങൾ പൂട്ടുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ. 


അതുപോലെതന്നെ, കനാലിലേക്ക് മലിനമൊഴുക്കുന്ന വീടുകളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് മാലിന്യ സംസ്കരണം ഒരുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. കനാലിലേക്ക് തുറക്കുന്ന ഓവുചാലുകളിൽ പ്രത്യേക ട്രാപ് ഇടാനുള്ള സംവിധാനം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരുക്കും. കനാൽ ശുചീകരണത്തിന് സ്ഥിരം സംവിധാനമെന്ന നിലയിൽ സോളാർ ബോട്ട് വാങ്ങി ഉപയോഗിക്കാനുള്ള തീരുമാനം നേരത്തെ തന്നെ കോർപറേഷൻ  എടുത്തിരുന്നു. കല്ലായി പുഴയോട് ചേരുന്ന ഭാഗത്തെ ഒഴുക്ക് സുഗമമായി നടക്കാൻ പ്രദേശത്തെ ചെളി നീക്കാനും തീരുമാനമായിട്ടുണ്ട്.


അതേസമയം, കേവലം ശുചീകരണമല്ല പുഴ/കായൽ /കനാൽ സംരക്ഷണം. അതിലെ ജൈവ ആവാസ വ്യവസ്ഥയും ജീവികളെയും എല്ലാം സംരക്ഷിച്ച് അതിന്റെ പൂർവ സ്ഥിതിയിലേക്ക് കൊണ്ട് വന്ന് ഭൂമിയുടെ നിലനിൽപ്പിന് ആവശ്യമായ രീതിയിൽ സുഗമമായി അവയെ നിലനിർത്താനും വേണ്ട നടപടികൾ ഉണ്ടാകേണ്ടതുണ്ട്. പുഴയും കായലും കനാലും കടലുമെല്ലാം കച്ചവടക്കണ്ണുകളോടെ മാത്രം കാണുന്ന രീതി അവസാനിപ്പിക്കേണ്ടതുണ്ട്. ജല സ്രോതസുകളുടെ സംരക്ഷണം നിലനിപ്പിന് അത്യന്താപേക്ഷികമാകയാൽ അവയുടെ സംരക്ഷണയും സൂക്ഷിപ്പും നമ്മുടെ ജീവിതചര്യയുടെ കൂടി ഭാഗമാകേണ്ടതുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment