കട്ടിപ്പാറ കൊളമലയിലെ ക്വാറിക്കും ക്രഷർ യൂണിറ്റിനുമെതിരെ പ്രതിഷേധം




കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിലെ കൊളമലയിൽ പ്രവർത്തിക്കുന്ന ക്വാറിക്കും ക്രഷർ യൂണിറ്റിനുമെതിരെ പ്രതിഷേധം ശക്തമാകുന്നു. ക്വാറിയിലെ സ്ഫോടനത്തിൽ പ്രദേശത്തെ വീടുകൾക്ക് വിള്ളലുണ്ടായതോടെ നാട്ടുകാർ സംഘടിച്ച് നാട്ടുകാർ ക്വാറിയിലെത്തി പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. മഴ കനക്കുന്നതോടെ ഉരുൾപൊട്ടൽ ഭീഷണി കൂടി നിലനിൽക്കുന്ന പ്രദേശമാണിത്.


കൊളമലയുടെ താഴ്‌വാരത്തുള്ള കേളൻമൂല, വെണ്ടേക്കുംചാൽ, പൂലോട്, വേനക്കാവ്, കൊളക്കാട്ടുകുഴി എന്നിവിടങ്ങളിലെ ആയിരത്തോളം കുടുംബങ്ങൾക്ക് ക്വാറി ഭീഷണിയാണെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഖനനം നടത്തുന്നത്. വർഷങ്ങൾക്ക് മുൻപ് ഇവിടെ ചെറിയ രീതിയിൽ ആരംഭിച്ച ക്വാറി കൂടുതൽ സ്ഥലമേറ്റെടുത്ത് പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു. 


സ്ഫോടനത്തിൽ വീടുകൾക്ക് കേടുപാടുകൾ പറ്റുന്നതോടൊപ്പം ക്വാറി മാലിന്യങ്ങൾ ഒലിച്ചിറങ്ങി ജലസ്രോതസ്സുകൾ മലിനമാകുന്നതായി പരിസരവാസികൾ ചൂണ്ടിക്കാട്ടി. ക്വാറിയിലെ നിരന്തര സ്ഫോടനങ്ങൾ മൂലം കരിഞ്ചോലമല ദുരന്തം ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് കൊളമലയുടെ താഴ്‌വാരത്തുള്ളവർ. ക്വാറിക്കെതിരെ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment