KPMG എന്ന മറ്റൊരു ലാവ്‌ലിൻ കേരള രക്ഷകനാകാൻ യോഗ്യത നേടിയിരിക്കുന്നു (?)




സംസ്ഥാന ചരിത്രത്തിലെ വൻ ദുരന്തമായ 2018  വെള്ള പൊക്കം, മനുഷ്യ ജീവനുകള്‍ക്കും (488 മരണം +) സാമ്പത്തിക രംഗത്തിനും (30000 കോടി) ഉണ്ടാക്കിയ നഷ്ടം സമാനതകള്‍ ഇല്ലാത്തതാണ് (ആയിരിക്കട്ടെ). 2019 ലെ വെള്ളപൊക്കം സാമ്പത്തിക കണക്കില്‍ മോശമാണെങ്കിലും (മോശമായ ദുരന്തം എന്ന പരാമര്‍ശത്തിലെ ബുദ്ധി ശൂന്യതയോട് പൊറുക്കുമല്ലോ), അത് ഇടതുപക്ഷ സര്‍ക്കാരില്‍ മാറ്റങ്ങളൊന്നും  ഉണ്ടാക്കിയിട്ടില്ല എന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിക്കുന്നു.


സംരക്ഷിത വന അതിര്‍ത്തിയില്‍ നിന്നുള്ള ഖനനത്തിനുള്ള ദൂരം ഒന്നു മുതല്‍ 10 km നുള്ളില്‍ ആകാം എന്ന ദേശീയ നിര്‍ദ്ദേശത്തെ കേരള സര്‍ക്കാര്‍ കൈകാര്യം ചെയ്തത് എങ്ങനെ എന്നന്വേഷിക്കുമ്പോള്‍, നമ്മുടെ അധികാരികളുടെ നിലപാടുകൾ ബോധ്യപെടും. ലോകത്തെ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കേണ്ട, എന്നാല്‍ ശോഷണം നേരിടുന്ന (Hot spot), പശ്ചിമഘട്ടം സ്ഥിതി ചെയ്യുന്ന നാട്ടില്‍, വനത്തില്‍ നിന്നും ഒരു കിലോ മീറ്റര്‍ അടുത്തു വരെ ഖനനമാകാം എന്ന തീരുമാനം തന്നെ നമ്മുടെ ഭരണ കര്‍ത്താക്കളുടെ പ്രകൃതി സ്നേഹത്തെ ഓര്‍മ്മിപ്പിക്കുന്നു. അതിരപ്പിള്ളി പദ്ധതിയും സിപിഎം സ്വപ്നവും മരട് പൊളിക്കലില്‍ സര്‍ക്കാര്‍ കാട്ടിയ വേവലാതിയും പോളിക്കുവാനുള്ള 12000 കെട്ടിടങ്ങളെ പറ്റി തീരുമാനമെടുക്കുവാന്‍ മടിച്ചു നില്‍ക്കുന്നതും എന്ത് സന്ദേശമാണ് കേരളത്തിനു നല്‍കുന്നത്? 20000 ച.മീറ്റര്‍ (2.15 ലക്ഷം ച.അടി)കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് വരെ (മുന്‍പ് 3230 ച.അടി)അനുവാദം വാങ്ങാതെ ഖനനം നടത്താം എന്ന പുതിയ നിലപാട്  എത്ര വലിയ ആഘതമാകും നാട്ടില്‍ ഉണ്ടാക്കുക? 


വെള്ളപൊക്ക കെടുതി ശക്തമായിരുന്ന 2018  ആഗസ്റ്റ്  30 ലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള പുനര്‍ നിര്‍മ്മാണത്തില്‍ കണ്‍സള്‍ട്ടന്റ് പാര്‍ട്ടണറാകാന്‍ കെ.പി.എം.ജി തയ്യാറാണെന്ന് പറഞ്ഞത്. സൗജന്യമായി സേവനം നല്‍കാന്‍ കെ.പി.എം.ജി സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി വിവരിച്ചു. അവര്‍ അന്ന് ദുരിതാശ്വാസ സാഹയമായി (CMDRFലേക്ക്) 2 കോടി നല്‍കി. കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ KPMG നെതര്‍ലാന്‍ഡ് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. 

 
ഉന്നത ഉദ്യോഗസ്ഥരായ നിരവധി പേരുടെ മക്കള്‍ക്ക് കെ.പി.എം.ജിയില്‍ ജോലി കൊടുത്തതായി കാരവന്‍ ആഴ്ച്ച പതിപ്പ് പ്രധാനമന്ത്രിയെ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറിയിച്ചിരുന്നു. അര്‍ബന്‍ ഡവലപ്‌മെന്റ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കാണ് ജോലി കൊടുത്തത്. രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍, ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ ജോയിന്റ് സെക്രട്ടറി എന്നിങ്ങനെ നിരവധി ബ്യൂറോക്രാറ്റുകളുടെ മക്കള്‍ കെ.പി.എം.ജിയുടെ പ്രധാന പദവികളില്‍ ഉദ്യോഗസ്ഥരാണന്നും കാരവന്‍ അറിയിച്ചു. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകള്‍ വഴി പട്ടിക നീണ്ടു. സ്വച്ഛ് ഭാരത് പദ്ധതിയുടേയും പൈതൃക നഗര വികസന പദ്ധതിയുടേയും എക്‌സിക്യൂട്ട് ഏജന്‍സി കെ.പി.എം.ജിയാണ്.കേന്ദ്ര സര്‍ക്കാരിന്‍റെ Make In India, Smart India programme മുതലായ പദ്ധതികളുമായി കെ.പി.എം.ജി സഹകരിക്കുന്നു.അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച ചരിത്രം ഇവര്‍ക്കുണ്ട്.
 

ബ്രിട്ടനിലെ കാരിലിയോണ്‍ എന്ന നിര്‍മ്മാണ കമ്പനിക്ക് അനുകൂലമായ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയതു വഴിയുള്ള തട്ടിപ്പുകള്‍ വിവാദമായിരുന്നു. കമ്പനിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറച്ചു വെച്ചുകൊണ്ട് സ്ഥാപനത്തിന് അനുകൂലമായ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട നടന്ന പാര്‍ലമെന്ററി അന്വേഷണ റിപ്പോര്‍ട്ടില്‍ നിശിതമായ വിമര്‍ശനമാണ് KPMGക്കെതിരെ ഉന്നയിച്ചത്. 19 വര്‍ഷമാണ് ഇവർ ഈ കമ്പനിയുടെ ഓഡിറ്റിങ് നടത്തിയത്..


ദക്ഷിണാഫ്രിക്കയിലെ ബിസിനസ് പ്രമുഖൻ, ഗുപ്ത കുടുംബത്തിന്‍റെ കമ്പനികളുടെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ടാണ് KPMG അന്വേഷണം നേരിട്ടത്. നിരവധി അഴിമതി ആക്ഷേപങ്ങള്‍ നേരിടുന്ന ബിസിനസ് കുടുംബമാണ് ഗുപ്തയുടേത്. ആക്ഷേപങ്ങളെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ ചില സ്ഥാപനങ്ങള്‍ KPMGയുമായുള്ള സഹകരണം അവസാനിപ്പിച്ചു. അബ്രാജ് എന്ന കമ്പനിയുടെ ഓഡിറ്റുമായി ബന്ധപ്പെട്ടും അന്വേഷണം നേരിടുന്നുവെന്ന് ഇക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


2003ല്‍ കെ.പി.എം.ജിയുടെ അമേരിക്കന്‍ സ്ഥാപനമായ കെ.പി.എം.ജി എല്‍എല്‍പിയെ ഡിപ്പാര്‍ട്മെന്റ് ഓഫ് ജസ്റ്റീസ് നികുതി വെട്ടിപ്പിന് കൂട്ടു നിന്നതിന്റെ പേരില്‍ കുറ്റം ചുമത്തിയിരുന്നു. കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് നികുതി വെട്ടിപ്പിന് അവസരം നല്‍കിയെന്നായിരുന്നു കേസ്. ഇതേതുടര്‍ന്ന് 45കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി കേസ് കെ.പി.എം.ജി അവസാനിപ്പിക്കുകയായിരുന്നു. 2017ല്‍ KPMG ക്ക് യുഎസ്  സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്‍ 62 ലക്ഷം ഡോളര്‍ പിഴ ചുമത്തി. മില്ലര്‍ എനര്‍ജി റിസോഴ്സസ് എന്ന കമ്പനിയുടെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട നടത്തിയ ക്രക്കേടുകളാണ് പിഴ ചുമത്താന്‍ ഇടയാക്കിയത്.


നിരവധി ക്രിമിനല്‍ ഇടപാടിനാല്‍ വാര്‍ത്തകളില്‍ ഇടം നേടിയ KPMG, സൗജന്യ സേവനം നല്‍കുവാന്‍ തയ്യാറാണ് എന്ന് പറഞ്ഞ അവസരത്തില്‍ അവരുടെ സഹായം കേരളത്തിന് വേണ്ടതില്ല എന്ന അഭിപ്രായം ശ്രീ VS അച്യുതാനന്ദനും മുന്‍ പ്ലാനിംഗ് ബോര്‍ഡ്‌ വൈസ്സ് ചെയര്‍മാന്‍ ശ്രീ. പ്രഭാത് പട്നായിക്കും  കൈകൊണ്ടിരുന്നു. ലാവ്‌ലിന്‍ കമ്പനി കേരളത്തില്‍ ഉണ്ടാക്കിയ (Sprinkler ഉം സൗജന്യ സേവനവും) വാര്‍ത്തകളില്‍ നിന്ന് ഒന്നും ഉള്‍ കൊള്ളുവാന്‍ (അന്നും പാര്‍ട്ടി നേതാവിന്‍റെ പഠന റിപ്പോര്‍ട്ട്‌ ലാവ്‌ലിന് എതിരായിരുന്നു.)ഭരണ കക്ഷി തയ്യാറല്ല എന്ന് തെളിയിക്കുകയാണ് ഇവിടെ.


ഒരിക്കല്‍ സൗജന്യം  എന്ന് പറഞ്ഞെത്തിയ  സ്ഥാപനം Rebuild kerala ക്കായി അടുത്ത രണ്ടു വര്‍ഷം പ്രവര്‍ത്തിക്കുമ്പോള്‍ (KPMG for project management support services)നല്‍കേണ്ട 6.82 കോടി രൂപ,ലോക ബാങ്കിന്‍റെ 20 ലക്ഷം ഡോളര്‍ Kerala state transport project (KSTP)-2 ല്‍ നിന്നും ലഭ്യമാക്കാനാണ് തീരുമാനം.


കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രണ്ടു ഡസ്സന്‍ സ്ഥാപനങ്ങള്‍ നാടിന്‍റെ വികസനത്തെ പറ്റി ലോക നില വാരത്തിലുള്ള പഠനവും ബദലുകളും (കഴിഞ്ഞ അര നൂറ്റാണ്ടായി) അവതരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിന്‍റെ സമസ്ത രംഗത്തെയും അറിയാവുന്ന ഇത്തരം സ്ഥാപനങ്ങളെ അവഗണിച്ചു കൊണ്ട്, കുപ്രസിദ്ധി നേടിയ, അമേരിക്കന്‍ താല്‍പര്യത്തെ വല്ലാതെ തൃപ്തി പെടുത്തുന്ന, KPMG യെ  കേരള വികസനത്തിന്‍റെ തലവര വരക്കുവാന്‍ ഏല്‍പ്പിച്ചു കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ആരോടാണ് കടപെട്ടിരിക്കുന്നത്?  

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment