മണ്ണിന്റെയും പാറയുടെയും അധികാരിയായ ജിയോളജിസ്റ്റിനെ കുറിച്ച് തോമാസേട്ടന് പറയാനുള്ളത്
കേരളത്തിലെ ധാതുക്കളുടെ പരിപാലനം, അവയുടെ ശാസ്ത്രീയമായ പര്യവേഷണം,ഖനനം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന സർക്കാർ വകുപ്പാണ് ഖനന ഭൂവിജ്ഞാന വകുപ്പ്. എന്നാൽ പാറ മണ്ണ് മാഫിയയ്ക്ക് ആവശ്യ സൗകര്യങ്ങൾ ഒരുക്കുന്ന ഏജൻസിയായി ഈ വകുപ്പും അതിന്റെ ഉദ്യോഗസ്ഥരും മാറുന്നു എന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്. അനിയന്ത്രിതവും അശാസ്ത്രീയവുമായ ഖനനം കേരളം നേരിട്ട പ്രളയത്തിന്റെ കെടുതിയെ വർദ്ധിപ്പിച്ചു എന്നത് പൊതുവിൽ അംഗീകരിക്കപ്പെടുന്ന യാഥാർഥ്യമാണ്. മഹാപ്രളയത്തിന് ശേഷം കേരളം പുനർനിർമ്മാണത്തെ കുറിച്ച് സംസാരിക്കുന്ന ഈ ഘട്ടത്തിൽ അടിമുടി അഴിമതിയിൽ ആണ്ടുമുങ്ങിയ ഈ സംവിധാനത്തെ കുറിച്ച് കൂടി പുനരാലോചനകൾ നടക്കേണ്ടതുണ്ട്. കേരളത്തിന്റെ മണ്ണും പാറയും സംരക്ഷിക്കാൻ ചുമതലപ്പെട്ട ഈ വകുപ്പ് എന്താണ് കേരളത്തിന്റെ പ്രകൃതിയോട് ചെയ്യുന്നതെന്ന ഗൗരവമായ ചോദ്യം നാം ഉയർത്തേണ്ട സമയമാണിത്. ഈ സാഹചര്യത്തിൽ കേരളത്തിലെ വിവിധ പരിസ്ഥിതി ജനകീയ സമര പ്രവർത്തകർക്ക് ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട അവരുടെ അനുഭവങ്ങൾ  ഗ്രീൻ റിപ്പോർട്ടർ തുടർച്ചയായി പ്രസിദ്ധീകരിക്കുകയാണ്. 

 

പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ജില്ലകളിൽ ഒന്നാണ് പത്തനംതിട്ട. ആറന്മുള പ്രളയജലത്തിൽ മുങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപ്, 2018 ആഗസ്റ്റ് 4 ന് പശ്ചിമഘട്ട സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ ജിയോളജി ഓഫീസിലേക്ക് ഒരു മാർച്ച് നടത്തി. അതിനും കുറച്ച് ദിവസങ്ങൾക്ക് മുൻപ് രണ്ടു ലക്ഷത്തിലധികം രൂപ കൈക്കൂലിയുമായി പത്തനംതിട്ടയിലെ ആഡംബര ഹോട്ടലിൽ നിന്ന് വിജിലൻസ് പിടിയിലായ ജിയോളജിസ്റ്റ് എം.എം വഹാബ് നൽകിയ എല്ലാ അനുമതികളും റദ്ധാക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ആ മാർച്ചിൽ ക്വാറികളാൽ ജീവിതം അസാധ്യമായി തീർന്ന പത്തനംതിട്ട വി. കോട്ടയം ഗ്രാമരക്ഷാ സമിതിയുടെ ചെയർമാൻ കെ.എസ് തോമസ് നടത്തിയ പ്രസംഗം പ്രളയം തകർത്ത പത്തനംതിട്ടയിൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എന്താണ് ചെയ്തു കൊണ്ടിരുന്നത് എന്നതിന്റെ നേർസാക്ഷ്യമാണ്. 

ഈ കഴിഞ്ഞ നാലു വർഷങ്ങൾ കൊണ്ട് വി കോട്ടയം ഗ്രാമ രക്ഷാ സമിതി എന്നൊരു സംഘടന കയറിയിറങ്ങുവാ. വി കോട്ടയത്ത് അമ്പാടി ഗ്രാനൈറ്റ്സ് എന്ന് പറയുന്നൊരു മഹാപ്രസ്ഥാനം, വലിയ പ്രസ്ഥാനം, തങ്കു സാറ് ഉൾപ്പെടെ, ഇവിടിരുന്നു ഇന്നദ്ദേഹം തിരുവനന്തപുരത്ത് വലിയ ഉദ്യോഗസ്ഥനായി ഇരിക്കുവാ, അദ്ദേഹമുള്ളകാലത്തും ഞങ്ങൾ അനവധി ആളുകൾ അദ്ദേഹത്തെ കണ്ട് സംസാരിച്ചിട്ടുള്ളതാ. അപ്പോ,അദ്ദേഹം മുതൽ ഉള്ളവരൊക്കെ കാര്യങ്ങൾ കേൾക്കാൻ ഒരു മനസ്സെങ്കിലുമുണ്ടായിരുന്നു, ജോലി ചെയ്യുന്നതൊക്കെ വേറെ കാര്യം. 

 

ഒരു തവണ ഞങ്ങൾ വരുമ്പോ  ഈ മഹാപ്രസ്ഥാനക്കാരന്റെ കലണ്ടറും അയാൾടെ ഡയറികളും ഒക്കെ ഈ ആപ്പീസിലാ. ഞങ്ങള് ചോതിച്ചു, ഇതെന്താ സർക്കാരിനിവിടെ കലണ്ടറൊന്നുമില്ലേ ഇയാളുടെ കലണ്ടറേ ഉള്ളോ. ഇയാളുടെ കലണ്ടർ എന്തിനാ ഇവിടെ തൂക്കിയിട്ടിരിക്കുന്നത്. ഒരാഴ്ച കഴിഞ്ഞ് വരേണ്ട ആവശ്യം ഉണ്ടായിരുന്നു, അന്ന് വന്നപ്പൊ എന്തായാലും ശുദ്ധികലശം ചെയ്തു. അയാളുടെ കലണ്ടറോ അമ്പാടീടെ മറ്റ് സാധനങ്ങളൊ ഒന്നും അവിടില്ലായിരുന്നു. അപ്പോൾ ഇങ്ങനാണീ ആപ്പീസിൻറെ പോക്ക്.

 


അത് കഴിഞ്ഞ് ഒരു മാഡം അവിടിരുന്നു, അത് കഴിഞ്ഞ് കൃഷ്ണേന്ദു സാറ്. ഇവരൊക്കെ ഉള്ളപ്പോഴും ഞങ്ങളെ കേട്ടിട്ടുണ്ട്. ഇദ്ദേഹത്തെ പിടിക്കുന്നതിന് ഒരാഴ്ച മുൻപും ഞാനീ ആപ്പീസിൽ വന്നു. ഞങ്ങൾക്ക്  ആക്ഷേപമുള്ള ഒരു പ്രമാണവും കൊണ്ടൊക്കെ ചെന്നതാ. ഞങ്ങടെ മുഖത്തു പോലും നോക്കാതെ, ആ പേപ്പറിന്റെ മണ്ടയ്ക്കാട് അടിച്ചിട്ട്  പരിശോധിക്കാമെന്ന് . എന്നാ പരിശോധിക്കാനാ ? ഒരു ഭാഗ്യമെനിക്ക് ഭാഗ്യമെനിക്ക് കിട്ടി, ഈ പരിശോധിച്ചതിന്റെ പിറ്റേ ആഴ്ച, പത്തനംതിട്ടയിൽ ഒരു വലിയ ആഡംബര ഹോട്ടലിനകത്ത് 408ആം റൂമില്, 214000 രൂപ പിടിച്ചു മേശപ്പുറത്ത് വെച്ചിട്ട് അത് കാണാനും ഒരു ഭാഗ്യം എനിക്ക് കിട്ടി. പോയി നേരിട്ട് കണ്ടു.

 

408 നമ്പർ റൂമിൽ എത്തിയിട്ട് അവിടത്തെ ഉദ്യോഗസ്ഥന്മാരും ആയിട്ട് ഞങ്ങള് സംസാരിച്ചു. അപ്പോ ഞങ്ങടെ അഡ്രസ്സ് വാങ്ങിച്ചു. നിങ്ങളെ വിളിക്കും നിങ്ങൾക്ക് പറയാനുള്ളത് പറയണം, പറയാം സാറേന്ന് പറഞ്ഞു. ഇതുവരെ വിളിച്ചിട്ടില്ല, ഇപ്പോൾ അദ്ദേഹത്തെ ഇവിടുന്ന് സ്ഥലംമാറ്റുവാണെന്ന്, നല്ലൊരുദ്യോഗസ്ഥൻ വിജിലൻസിന്റെ. വളരെ കാര്യമായിട്ട് ഞങ്ങൾ അദ്ദേഹവുമായിട്ട് സംസാരിച്ചു. പിറ്റേദിവസവും ഞങ്ങൾ ആളിനെ വിട്ടു, അതിൻറെ പിറ്റേന്നും. അന്ന് പറഞ്ഞത് കൃത്യമായ കണക്കിവിടെ കാണിക്കാമെന്നാ. ഞങ്ങടെ ഒരാൾ ഇവിടെ വന്നത് കൊണ്ട് കൃത്യമായ കണക്കൊന്നും കാണിക്കാൻ പറ്റിയില്ല. കുറെ ഫയലും ഒക്കെ തപ്പി കൊണ്ട് അവരങ്ങ് പോയി. ഇപ്പോൾ സ്ഥിതി എങ്ങനാന്നറിയത്തില്ല. ഇനിയിപ്പോ ഇതൊക്കെ ഒന്ന് കെട്ടടങ്ങി കഴിയുമ്പോ, ഇവർക്കാവശ്യമുള്ള മറ്റേതെങ്കിലും ജില്ലയിലേക്ക് അങ്ങ് പോകും.ഇതാണ് നമ്മടെ ഇവിടുത്തെ രാഷ്ട്രീയക്കാരും ജാതി സംഘടനക്കാരും എല്ലാം ചെയ്യുന്നത് . മുന്നിരുന്ന ഗവൺമെൻറ് ആയിരുന്നപ്പോൾ ഭേദമാണെന്ന് വിചാരിച്ചു, അങ്ങനെ അവരുടെ പുറകെ ഒത്തിരി നടന്നു. ഈ വരുന്ന ഗവൺമെൻറ്  അതിനെക്കാളൊക്കെ ഒത്തിരി ഭേദമാണെന്ന് വിചാരിച്ചതാ, തഥൈവ. അതിനെക്കാളും ഭയങ്കരമായിരിക്കുകയാ.

 

ഞങ്ങളെന്ത് ചെയ്യും? ഞങ്ങൾക്ക് ജീവിക്കാൻ വയ്യാത്തൊരു അവസ്ഥ കൊണ്ടാ ഇങ്ങനെ സമരപരിപാടീം കൊണ്ട് നടക്കുന്നത്. ഞങ്ങക്ക് ജീവിക്കാൻ വയ്യ. സങ്കടാവസ്ഥയിലാണ് ഞങ്ങടെ സ്ഥിതി. ഇപ്പോഴാണെങ്കിലും ഞങ്ങൾ ഇങ്ങോട്ട് പോരുന്നെന് മുന്നേ തന്നെ അവിടെ റോഡിലെങ്ങും നില്ക്കാൻ ഒക്കത്തില്ല. അതെ കണക്കുള്ള വൈബ്രേഷനാ, ഖനനം നടന്നോണ്ടിരിക്കുവാ, ഒരു അനുമതിയും ഇല്ലാത്തിടത്ത് കേറി പൊട്ടിക്കുവാ. എന്തിന് പറയുന്നു ഹൈക്കോടതി വിധിച്ച നാലരക്കോടി രൂപ പിഴ, ഒറ്റ രൂപ അടച്ചിട്ടില്ല. അതേ സമയം, ഈ നാലരക്കോടി അടപ്പിക്കാനുള്ള സമരപരിപാടികൾ ഞങ്ങള് ചെയ്തേന്റെ പേരിൽ, പോലീസ് എടുത്തിട്ടുള്ള പല പല പെറ്റി കേസുകളിൽ - റോഡ് തടഞ്ഞിട്ടുണ്ട്, അങ്ങനെ പല സമരങ്ങൾ ചെയ്തെന്റെ പേരിൽ എടുത്ത കേസുകളിൽ പെറ്റി ഇപ്പൊ  48000 രൂപ അടച്ച് കഴിഞ്ഞു. മൂന്ന് കേസുകളിൽ. ഇനീം കിടക്കുവാ, ഇന്നലേം ഒണ്ടാരുന്നു കേസ്, ഇങ്ങനെ നിരന്തരം കേസാ. ഞങ്ങൾ പാവങ്ങൾ ജോലി ചെയ്യുന്നവരൊക്കെയാ, അവരുടെയൊക്കെ ഡെയ്‌ലി വേജസ് കൊണ്ടൊക്കെയാണ് ഞങ്ങളീ പരിപാടിയൊക്കെ നടത്തിക്കൊണ്ട് പോകുന്നത്. 

 

പറഞ്ഞു വന്നത്, ജിയോളജി ഓഫീസിന്റെ കാര്യമാണ്. ഈ ഓഫീസ്, ഈ ജിയോളജി ഓഫീസ് തന്നെ 95 ലക്ഷം പിഴയിട്ടു. അയാള് കൈക്കൂലി മേടിച്ച് പോക്കറ്റി വെച്ചിട്ട് കൊറച്ച് എഴുതിയതാ, എന്നിട്ട് 95 ലക്ഷമുണ്ട്. ഒറ്റ അണ അടച്ചിട്ടില്ല,ഇത് വരെ. 50 പൈസ അടക്കാതെ ഇപ്പോഴും ആ ക്വാറിക്ക് എല്ലാ സപ്പോർട്ടും ചെയ്തു കൊടുക്കുവാ. ഈ വന്ന ഉദ്യോഗസ്ഥനാണ് ഞങ്ങടവിടുത്തെ ആമ്പാടി ക്രഷറിന് വേണ്ടി ഏറ്റവും കൂടുതൽ ഒത്താശ ചെയ്തു കൊടുക്കുന്നത്. അവിടെങ്ങും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. 

 

ഈ ജില്ലയിലെ കല്ലും മണ്ണും പാറയും ഇതൊക്കെ അദ്ദേഹത്തിന്റെ വകയാ കേട്ടോ. ഈ ജിയോളജിസ്റ്റിന്റെ വകയാ. എന്ന് പറഞ്ഞാ അത് സംരക്ഷിക്കാനുള്ള ഉദ്യോഗസ്ഥനാണ്. അല്ലാതെ അത് ഇയാക്ക് വേറെ ആരെങ്കിലും ഒന്നോ രണ്ടോ വ്യക്തികൾക്ക് കൊറച്ച് പൈസ വാങ്ങിച്ചോണ്ട് ചമ്മാളിക്കാൻ ഒള്ളതല്ല. ഡെയിലി1400 രൂപ വാടക കൊടുക്കുന്ന സ്യൂട്ടിലാരുന്നു, 480 നമ്പർ റൂമിൽ, പത്തനംതിട്ടേൽ. അവിടാരുന്നു പൊറുത്തോണ്ടിരുന്നത്. അവിടെ വന്നെറങ്ങിയത് എങ്ങനാന്നറിയാവോ? അവിടെ വന്നെറങ്ങിയത് ഒരു മണ്ണ് മാഫിയേടെ വണ്ടിയേലാ. ഇങ്ങോട്ടെറങ്ങി അങ്ങോട്ട് കേറി, അവര് കൂടെയങ്ങു കേറി, അങ്ങനെ ചെന്നപ്പം ബെഡിന്റടിയിൽ ഇരിക്കുന്നു രൂപാ. രണ്ടായിരത്തിന്റെ നോട്ടായിരുന്നു രണ്ടു ലക്ഷം. ബാക്കി അഞ്ഞൂറും നൂറും ആയിരുന്നു. 

 

അതിന്റെ കണക്ക് കാണിക്കാൻ രാവിലെ ഈ ആപ്പീസിൽ വന്നു. ഇവിടേം ഞങ്ങള് ആളെ വിട്ടു. എന്തുവാ ചെയ്യുന്നെന്ന് അറിയാൻ. ഇവിടൊക്കെ തപ്പി പറക്കിയപ്പോ ഇവിടൊന്നും ഇല്ല, കണക്കൊന്നും കാണിക്കാനില്ല.തലേന്നത്തെ എങ്ങാണ്ട് കൊറച്ച് പൈസയാണ് ഒള്ളത്. അതും ഇയാള് രണ്ടു മണിക്ക് കൊണ്ട് അടക്കേണ്ടതാ ട്രഷറീല്. ഇയാടെ പോക്കറ്റി വെച്ചോണ്ട് പോകാനൊള്ളതാണോ? 

 

അപ്പൊ, ഈ പരിപാടി ഒന്നും നടക്കത്തില്ല, ബാക്കിയുള്ളവര് കൂടി കേട്ടോണം. നിങ്ങക്ക് ഞങ്ങളെ പരിചയമൊണ്ടാരിക്കും, നാല് കൊല്ലമായിട്ട് ഈ ആഫീസിൽ കേറി എറങ്ങുവാ. അതുകൊണ്ട് ഇനിയെങ്കിലും ഞങ്ങള് വരുമ്പോ ഞങ്ങടെ കാര്യങ്ങൾക്ക് ഒരു പരിഗണന,  നിയമപരമായി മതി, അന്യായമായിട്ടൊന്നും വേണ്ട. ഞങ്ങടെ കയ്യിലൊന്നും അഞ്ച് പൈസ തരാനില്ല. തരത്തുമില്ല, അഥവാ തരുവാണെങ്കി ഞങ്ങള് വിജിലൻസിനേം കൂടെ കൊണ്ട് വന്ന് പിടിപ്പിക്കും. അതുംകൂടെ പറഞ്ഞേക്കാം. അതുകൊണ്ട് കാര്യം ന്യായമായി ചെയ്തു തരണമെന്ന് അഭ്യർത്ഥിക്കുന്നു, അതല്ല അപേക്ഷിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment