കുരീപ്പുഴയില്‍ മലിനജല സംസ്കരണ പ്ലാന്റ് നിർമ്മാണം തുടങ്ങുന്നു




കൊല്ലം: കുരീപ്പുഴയില്‍ മലിനജല സംസ്കരണ പ്ലാന്റ് നിര്‍മ്മാണത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്ഥലം അളന്നുതിരിക്കലും മണ്ണ് പരിശോധനയും പൂര്‍ത്തിയായി. വൃക്ഷങ്ങള്‍ മുറിച്ചുമാറ്റുന്നതിനെ സംബന്ധിച്ച കാര്യത്തില്‍ നഗരസഭ അടുത്തയാഴ്ച തീരുമാനമെടുക്കും.


2018ല്‍ അംഗീകാരം ലഭിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടന്ന പദ്ധതിക്കാണ് ഇപ്പോള്‍ ജീവന്‍ വച്ചിരിക്കുന്നത്. നവംബറോടെ പണികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 31.91 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതില്‍ അഞ്ച് കോടിയോളം രൂപ വൈദ്യുതീകരണത്തിനും അതുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കും.


കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ 1.45 ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് സജ്ജമാക്കുന്നത്. പ്ലാന്റിന്റെ പ്രവര്‍ത്തനം പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ ജൈവചുറ്റുമതിലും നിര്‍മ്മിക്കും. ഒക്ടോബര്‍ 28നാണ് കരാറൊപ്പിട്ടത്. ഹൈഡ്രോടെക്, എ.ബി.എം സിവില്‍ വെഞ്ച്വേഴ്‌സ് എന്നീ കമ്പനികള്‍ സംയുക്തമായാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ച്‌ കഴിഞ്ഞുള്ള പത്ത് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയും കരാറുകാരുടെ ഉത്തരവാദിത്വത്തിലായിരിക്കും.


പ്ലാന്റ് പരിസ്ഥിതി സൗഹൃദമാണെന്നാണ് അവകാശവാദം. നഗരത്തിലെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന മലിനജലത്തിലെ ഖരമാലിന്യം നീക്കം ചെയ്ത് അഞ്ച് ഘട്ടങ്ങളിലായി ശുദ്ധീകരിച്ച്‌ അഷ്ടമുടി കായലിലേക്ക് ഒഴുക്കുന്നതാണ് പദ്ധതി. ഖരമാലിന്യം സംസ്കരിച്ച്‌ വളമാക്കി കൃഷിക്കായി നല്‍കും. പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന മാലിന്യമൊന്നും ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്.


റോഡ് - മഴ ഡ്രയിനേജ്, ക്ലോറിന്‍ റൂം, മാലിന്യം വേര്‍തിരിക്കല്‍ പ്ലാന്റുകള്‍, ജലശുദ്ധീകരണ പ്ലാന്റ്, അഡ്മിനിസ്ട്രേഷന്‍, കണ്‍ട്രോള്‍, ഇലക്‌ട്രിക്കല്‍ മുറികള്‍, പ്ലാന്റിലേക്കും കായലിലേക്കുമുള്ള ഡ്രെയിനേജ് പൈപ്പുകള്‍ എന്നിങ്ങനെയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment