കൃഷിയിലൂടെ പരിസ്ഥിതി പുനഃസ്ഥാപനം; കുട്ടനാടിനൊരു കാർഷിക കലണ്ടർ




ആലപ്പുഴ: ആസൂത്രിതമായ കൃഷി രീതിയിലൂടെ കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനവും കാര്‍ഷിക മുന്നേറ്റവും ലക്ഷ്യമിടുന്നതാണ് കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന് കീഴിലുള്ള കുട്ടനാട് അന്തര്‍ദേശീയ കായല്‍ കൃഷി ഗവേഷണ പരിശീലന കേന്ദ്രം തയ്യാറാക്കിയ കുട്ടനാടിന്റെ പുതിയ കാര്‍ഷിക കലണ്ടര്‍. കുട്ടനാട് രണ്ടാം പാക്കേജിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കലണ്ടര്‍ പ്രകാശനം ചെയ്തിരുന്നു. കുട്ടനാടിന്റെ കൃഷിയും പരിസ്ഥിതിയും തണ്ണീര്‍മുക്കം ബണ്ടും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് പഠനത്തില്‍ കൃത്യമായി പറയുന്നു.


തണ്ണീര്‍മുക്കം ബണ്ട് തുറക്കുന്നതും അടയ്ക്കുന്നതും കുട്ടനാടിന്റെ പരിസ്ഥിതിയെയും കൃഷിയേയും വളരെയധികം സ്വാധീനിക്കുന്നു. അശാസ്ത്രീയമായ കൃഷി രീതികള്‍ മൂലം തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രവര്‍ത്തനം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് കാര്‍ഷിക കലണ്ടര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പരിസ്ഥിതി വകുപ്പിന്റെ സഹായത്തോടെ കുട്ടനാട് അന്തര്‍ദേശീയ കായല്‍ ഗവേഷണകേന്ദ്രം നടത്തിയ 'തണ്ണീര്‍മുക്കം ബണ്ടും കാര്‍ഷിക കലണ്ടറും കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനവും' എന്ന വിഷയത്തിലെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക കലണ്ടര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കായല്‍ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ. ജി പദ്മകുമാറിന്റെ നേതൃത്വത്തില്‍ പ്രിയ. കെ. നായര്‍, പി. ആര്‍. രമ്യ, എം. എസ്. ശ്രീജ, കെ. എ. സ്റ്റെഫി എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.


തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മ്മാണ ലക്ഷ്യം കുട്ടനാടിന്റെ കാര്‍ഷിക തീവ്രത വര്‍ധിപ്പിക്കുക എന്നതായിരുന്നു. എന്നാല്‍ അച്ചടക്കമില്ലാത്ത കൃഷി രീതി അശാസ്ത്രീയമായ നിലയില്‍ നീണ്ടുപോവുകയും ബണ്ട് കൂടുതല്‍ കാലം അടഞ്ഞുകിടക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത് വലിയ രീതിയിലുള്ള ആഘാതങ്ങള്‍ ആണ് കുട്ടനാടിന്റെ പരിസ്ഥിതിക്ക് സൃഷ്ടിച്ചിട്ടുള്ളത്.കാര്‍ഷിക കലണ്ടര്‍ വഴി ആസൂത്രിതമായ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ബണ്ട് കൂടുതല്‍ കാലം തുറന്നിടാന്‍ സാധിക്കും. വര്‍ഷകാലത്തെ കൃഷി മൊത്തം ഭൂവിസ്തൃതിയുടെ 30 ശതമാനത്തിലധികം ആകുന്നത് പലപ്പോഴും പ്രളയ ഭീഷണിക്ക് വഴിയൊരുക്കാറുണ്ട്. കാര്‍ഷിക കലണ്ടര്‍ പ്രാവര്‍ത്തികമാകുന്നതോടെ വര്‍ഷകാല കൃഷി വിസ്തൃതിയില്‍ കൃത്യമായ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.


കുട്ടനാടിനെ കായല്‍ ഭൂമി, ലോവര്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട്, നോര്‍ത്തേണ്‍ കുട്ടനാട്, വൈക്കം കരി, പുറക്കാട് കരി എന്നിങ്ങനെ 6 മേഖലകളായി തിരിച്ച്‌ അതാത് പ്രദേശങ്ങളിലെ ഭൂപ്രകൃതിക്ക് അനുസരിച്ചാണ് കാര്‍ഷിക കലണ്ടര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. രണ്ടു കൃഷി ചെയ്യുന്ന ലോവര്‍ കുട്ടനാട്, ഉത്തര കുട്ടനാട് പ്രദേശങ്ങളിലും കായല്‍ നിലങ്ങളിലും പുഞ്ചകൃഷി ഒക്ടോബറില്‍ ആരംഭിച്ച്‌ ഫെബ്രുവരി, മാര്‍ച്ച്‌ മാസത്തില്‍ വിളവെടുക്കാവുന്ന രീതിയിലാണ് കലണ്ടറില്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. തണ്ണീര്‍മുക്കം ബണ്ട് അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാനും ഇതിന്റെ കാലയളവ് കുറയ്ക്കാനും കഴിയുന്ന വിധം നിശ്ചിതസമയത്ത് കൃഷി ആരംഭിക്കാനും പൂര്‍ത്തിയാക്കാനും കാര്‍ഷിക കലണ്ടറനുസരിച്ച്‌ സാധിക്കും. രണ്ട് കൃഷിയുള്ള പാടശേഖരങ്ങളില്‍ ഒരു വിളക്ക് ഹ്രസ്വകാല മൂപ്പുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നത് വഴി സമയബന്ധിതമായ വിളവെടുപ്പ് സാധ്യമാകും.


ആദ്യകാലങ്ങളില്‍ രണ്ടു വര്‍ഷത്തില്‍ ഒരുകൃഷിയെന്ന നിലയില്‍ ആരംഭിച്ച 'പഴനില കൃഷി' പിന്‍കാലത്ത് വര്‍ഷത്തിലൊരു കൃഷിയായും ക്രമേണ രണ്ട് കൃഷിയായുംമാറി. 105 ദിവസം മൂപ്പുള്ള പാരമ്ബര്യ നെല്ലിനങ്ങള്‍ക്ക് പകരം 120 ദിനത്തില്‍ അധികമുള്ള നെല്ലിനങ്ങള്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതോടുകൂടി കൃഷിയുടെ കാലദൈര്‍ഘ്യം വര്‍ദ്ധിക്കുകയും ബണ്ട് കൂടുതല്‍ കാലം അടച്ചിടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തുുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


നെല്‍കൃഷി പോലെ തന്നെ കുട്ടനാടിന്റെ സമ്ബത്ത് വ്യവസ്ഥയില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ജലസമൃദ്ധമായ ഈ പ്രദേശത്തെ മത്സ്യോത്പാദനം. ബണ്ടിന്റെ പ്രവര്‍ത്തനം വഴി കായലില്‍ ഉണ്ടായിരുന്ന മാറ്റം ഏറ്റവും പ്രതികൂലമായി പ്രതിഫലിച്ചത് മത്സ്യ സാമ്ബത്തിലാണ്. കീടനാശിനികളും രാസവളങ്ങളും വിസര്‍ജ്യ വസ്തുക്കളും ചേര്‍ന്നുണ്ടാകുന്ന ജലമലിനീകരണം കായലിലെ പ്രധാന വിഭവമായ കക്കയുടെ വംശനാശം, ആറ്റുകൊഞ്ചിന്റെ തകര്‍ച്ച, കണ്ടല്‍ കാടുകളുടെ തിരോധാനം, അനിയന്ത്രിതമായി പെരുകുന്ന ജല കളകള്‍, കുളവാഴകള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍, മത്സ്യരോഗം പോലുള്ള ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു.


ആസൂത്രിതമല്ലാത്ത കൃഷി രീതി തണ്ണീര്‍മുക്കം ബണ്ട് കൂടുതല്‍ കാലം അടച്ചിടുന്നത് കാരണമാകുമ്ബോള്‍ കുട്ടനാടിന്റെ കായലില്‍ മത്സ്യസമ്ബത്തും ജൈവവൈവിധ്യങ്ങളിലും വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ നാല് പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനം വിലയിരുത്തിയതില്‍ ബണ്ട് അടച്ചിടുന്ന കാലയളവ് ശരാശരി 122 ദിവസമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേവലം 90 ദിവസം മാത്രം അടച്ചിടാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. കായലിന്റെ ജൈവവൈവിദ്ധ്യ സംരക്ഷണത്തിനും ഉയര്‍ന്ന ജൈവ മലിനീകരണം നിയന്ത്രിക്കുന്നതിനും കൂടുതല്‍ കാലം ബണ്ട് തുറന്നിടുന്നത് അനിവാര്യമാണ്. കായലിലെ മത്സ്യബന്ധനം കുറഞ്ഞിട്ടുണ്ട് എന്നാണ് എല്ലാ പഠനങ്ങളും കാണിക്കുന്നത്. കായലിന്റെ മൊത്തം വിസ്തൃതിയുടെ പകുതിയോളം വരുന്ന കുട്ടനാട് ഭാഗത്ത് മത്സ്യസമ്ബത്ത് കുറഞ്ഞതുവഴി മത്സ്യബന്ധനം ജീവിതമാര്‍ഗമാക്കിയവരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്.


കുട്ടനാടിന്റെ വിവിധ മേഖലകളില്‍ നെല്‍കൃഷിക്ക് ശാസ്ത്രീയവും അനുയോജ്യവുമായ സമയക്രമം പാലിച്ച്‌ കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപിക്കുന്നതിനും കാര്‍ഷിക കലണ്ടര്‍ വഴിയൊരുക്കും. ജലസമൃദ്ധി കുട്ടനാടിന്റെ അനുഗ്രഹമാണ്. എന്നാല്‍ പ്രകൃതിയുടെ താളക്രമത്തിന് വിരുദ്ധമായ ഭൂവിനിയോഗവും കൃഷി രീതിയും ജലസമൃദ്ധി കുട്ടനാടിന്റെ ശാപമായി മാറുന്ന അവസ്ഥയാണിപ്പോഴുള്ളത്. കുട്ടനാടിന്റെ പരിസ്ഥിതിയെ പുനരധിവസിപ്പിക്കാന്‍ പ്രകൃതിയുടെ താളത്തിനൊത്ത പരിസ്ഥിതി സൗഹൃദമായ കൃഷിസംവിധാനം അത്യന്താപേക്ഷികമാണെന്നും കാര്‍ഷിക കലണ്ടര്‍ ഇതിന് തുടക്കമാകുമെന്നും തോട്ടപ്പള്ളി അന്തര്‍ ദേശീയ കായല്‍ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ. ജി. പദ്മകുമാര്‍ പറഞ്ഞു.


കടപ്പാട്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment