മണൽ മാഫിയക്ക് വാഹനം എത്തിച്ച് നൽകുന്ന മോഷണ സംഘം പിടിയിൽ




കുറ്റിപ്പുറം: ഭാരതപ്പുഴയിൽ നിന്നും മണലൂറ്റുന്ന മാഫിയ സംഘങ്ങൾക്ക് വാഹനം എത്തിച്ച് നൽകുന്ന മോഷണ സംഘം വളാഞ്ചേരി പോലീസിന്റെ പിടിയിൽ. മൂന്ന് യുവാക്കളാണ് പിടിയിലായത്. മോഷ്ട്ടിക്കുന്ന വാഹനങ്ങള്‍ മണല്‍ കടത്ത് സംഘത്തിനാണ് കൈമാറിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കുറ്റിപ്പുറം സ്വദേശികളായ വടക്കേക്കര മുഹമ്മദ് ആസിഫ്, അരീക്കല്‍ വിപിന്‍, കുറ്റിയാട്ടില്‍പറമ്പിൽല്‍ മുസ്തഫ എന്നിവരാണ് പിടിയിലായത്. 


മുഹമ്മദ് ആസിഫും വിപിനും ചേര്‍ന്ന് വാഹനങ്ങള്‍ മോഷ്ടിക്കും. തുച്ഛമായ വിലക്ക് വാഹനങ്ങള്‍ മുസ്തഫക്ക് വില്‍ക്കും. മണല്‍ കടത്ത് സംഘങ്ങളുമായി ബന്ധമുള്ള മുസ്തഫ ഈ വാഹനങ്ങള്‍ മണല്‍ മാഫിയക്ക് നല്‍കും. ഇതാണ് മോഷണ സംഘത്തിന്റ രീതി.


കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വളാഞ്ചേരിയില്‍ നിന്നും ഇവര്‍ ഗുഡ്‌സ് ഓട്ടോ മോഷ്ടിച്ചിരുന്നു. ഈ വാഹനം മണല്‍കടത്ത് സംഘം മാസങ്ങളോളം കടത്തിന് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. ഈ വാഹനം മണല്‍ മാഫിയ പിന്നീട് പൊളിച്ച്‌ വില്‍ക്കുകയും ചെയ്തു. 


കുറ്റിപ്പുറം, വളാഞ്ചേരി, തൃത്താല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ഇതുപോലെ സംഘം വാഹനം മോഷ്ടിച്ച് മണൽ മാഫിയക്ക് കൈമാറിയിട്ടുണ്ട്. അൽപം പഴയ വാഹനങ്ങളാണ് സംഘം സാധാരണ  മോഷ്ടിക്കാറുള്ളത്. മണൽ കടത്തിന് ഇങ്ങനെ മോഷ്ടിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിനാൽ മണൽ സംഘം പോലീസിന്റെ പിടിയിലാകില്ല. പോലീസ് എത്തുമ്പോൾ വാഹനം ഉപേക്ഷിച്ച് മണൽ സംഘം കടന്ന് കളയും. വാഹനത്തിന്റെ ഉടമയെ അന്വേഷിച്ച് ചെല്ലുമ്പോൾ പോലീസ് എത്തുക വാഹനം നഷ്ടപ്പെട്ട ഉടമയിലാകും. ഇതിനാൽ മണൽ സംഘം അടുത്ത വാഹനവുമായി വീണ്ടും ഇറങ്ങും. തുച്ഛമായ വിലയിൽ ഇങ്ങനെ വാഹനം ലഭിക്കുന്നതിനാൽ 2 ദിവസം ഈ വാഹനം ഓടിയാൽ പോലും ഇവർക്ക് നഷ്‌ടം ഉണ്ടാവുകയുമില്ല.


സമാനമായ രീതിയില്‍ പ്രതികള്‍ നിരവധി സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങള്‍ മോഷ്ടിച്ച് മണൽ സംഘത്തിന് വിറ്റിട്ടുണ്ട്. മണല്‍ കടത്ത് വാഹനങ്ങള്‍ കേന്ദ്രീകരിച്ച്‌ വരും ദിവസങ്ങളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment