ലോക്ക് ഡൗൺ കാലത്ത് പുള്ളിപ്പുലി വേട്ട: നാല് പേർ അറസ്റ്റിൽ




ഗുവഹാട്ടി: ആസാമില്‍ പുള്ളിപ്പുലിയെ കൊന്നതിന് നാല് പേരെ അറസ്റ്റ് ചെയ്തു. ആസാമിലെ ഗോലഘട്ട് ജില്ലയില്‍ ഏപ്രില്‍ 17-നാണ് സംഭവം. പുലിയെ കൊന്നവര്‍ അതിന്റെ വീഡിയോയും എടുത്തിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വനം വകുപ്പ് പുലിയുടെ ജഡം കണ്ടെടുത്തത്.


പുലിയുടെ പിന്‍കാലുകള്‍ മുറിച്ചു മാറ്റിയിരുന്നുവെന്നും തൊലി, വാല്‍, നഖങ്ങള്‍, പല്ലുകള്‍ എന്നിവ മൃതദേഹത്തില്‍ ഇല്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. അഹോംഗാവ് പ്രദേശത്തെ ഒരു കാട്ടില്‍നിന്നാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും വനംവകുപ്പ് അറിയിച്ചു.


വീഡിയോ ക്ലിപ്പില്‍നിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജുന്‍മോന്‍ ഗോഗോയ്, ശക്തിം ഗോഗോയ്, തഗിറാം ഗോഗോയ്, നിത്യ നന്ദ സൈകിയ എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം ഒരേ ഗ്രാമത്തില്‍നിന്നുള്ളവരാണ്.


'ഗ്രാമീണരില്‍ ചിലര്‍ പുള്ളിപ്പുലിയുടെ മാംസം കഴിച്ചുവെന്ന് പ്രതികളിലൊരാള്‍ പറഞ്ഞു. പക്ഷേ അതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ 1 പ്രകാരം പട്ടികയില്‍ പെടുത്തിയിരിക്കുന്ന സംരക്ഷിത ഇനമാണ് പുള്ളിപ്പുലി. നിയമത്തിലെ ഒന്‍പതാം വകുപ്പ് പ്രകാരം പ്രതികള്‍ക്കെതിരെ ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. - ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.


കൊറോണ കാലത്ത് പുള്ളിപ്പുലിയെ കൊന്നതിന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസല്ല ഇത്. ലോക്ക് ഡൗൺ പ്രഖ്യപിച്ച ശേഷം മൂന്ന് പുള്ളിപ്പുലികളും ഒരു കാട്ടുപൂച്ചയും ആനയും 
ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. മൃഗങ്ങൾക്ക് നേരെയുള്ള വേട്ട ആസാമിൽ വളരെ കൂടുതലാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment