റൊമേനിയയിലെ ഏറ്റവും വലിയ കരടിയെ വേട്ടയാടി കൊന്ന് രാജകുമാരൻ




റൊമേനിയയിലെ ഏറ്റവും വലിയ കരടിയായ ആർതറിനെ ലിക്ടെൻസ്റ്റൈനിലെ രാജകുമാരൻ വെടിവെച്ച് കൊന്നതായി ആരോപണം. കർപ്പാത്യൻ മലനിരകളിൽ ജീവിച്ചിരുന്ന ആർതറിനെ രാജകുമാരൻ വെടിവെച്ചു കൊന്നതായി ഏജന്റ് ഗ്രീൻ, വിജിടി എന്നീ സന്നദ്ധസംഘടനകൾ ആരോപണം ഉയർത്തി. വിനോദത്തിനായി വലിയ വന്യമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം ലംഘിച്ചാണ് രാജകുമാരന്റെ വേട്ടയാടൽ. സംഭവം വലിയ വിവാദമായിരിക്കുകയാണ്.


ഓസ്ട്രിയയിലെ റീഗേഴ്സ്ബർഗിൽ താമസിക്കുന്ന രാജകുമാരന് ഒജ്ദുല എന്ന പ്രദേശത്ത് കാർഷിക വിളകൾക്ക് നാശമുണ്ടാക്കുന്ന ഒരു പെൺ കരടിയെ വേട്ടയാടുന്നതിനായി റൊമേനിയൻ ഭരണകൂടം അനുമതി നൽകിയിരുന്നു. എന്നാൽ ഈ അനുമതി ദുരുപയോഗം ചെയ്തുകൊണ്ട്  ജനവാസ മേഖലയിലേക്ക് തീരെ കടന്നുവരാതെ കാടിനുള്ളിൽ തന്നെ കഴിയുന്ന ആർതറിനെയും വേട്ടയാടുകയായിരുന്നു.


കോവസ്ന പ്രവിശ്യയിൽ നാലുദിവസം വേട്ടയാടാൻ രാജകുമാരന് അനുമതി നൽകിക്കൊണ്ടുള്ള രേഖ കണ്ടെത്തിയതായി ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.  മാർച്ച് 13ന് 17 വയസ്സുള്ള ബ്രൗൺ ബെയർ ഇനത്തിൽപ്പെട്ട കരടിയെ വേട്ടയാടിയതായും രേഖയിൽ വ്യക്തമാക്കുന്നുണ്ട്. 


യൂറോപ്യൻ യൂണിയനിൽ തന്നെ ഇന്ന് ജീവിക്കുന്നതിൽ ഏറ്റവും വലിയ കരടിയായിരുന്നു ആർതർ. റൊമേനിയൻ നിയമപ്രകാരം പ്രത്യേക സംരക്ഷണം നൽകിവരുന്ന ഇനമാണ് ബ്രൗൺ ബെയറുകൾ. ഇവയെ വിനോദത്തിനായി വേട്ടയാടുന്നത് 2016ൽ രാജ്യം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് വന്ന ഭരണകൂടങ്ങൾ ജനങ്ങൾക്ക് നാശം ഉണ്ടാക്കുന്നവയെ മാത്രം വേട്ടയാടാൻ പ്രത്യേക അനുമതി നൽകിയിരുന്നു. 


ഏറെ വർഷങ്ങളായി ഏജന്റ് ഗ്രീൻ എന്ന സംഘടന നിരീക്ഷിച്ചു വരുന്ന കരടിയാണ് ആർതർ. മനുഷ്യരുമായി അടുത്തിടപഴകുകയോ അവർ നൽകുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യാതെ തികച്ചും വന്യജീവിയായി തന്നെയാണ് ആർതർ കഴിഞ്ഞിരുന്നത്.  ഉൾവനത്തിൽ മാത്രം  കഴിയുന്ന ആർതറിനെ രാജകുമാരൻ തെറ്റായി ഉന്നം വച്ചതല്ലെന്നും പ്രശസ്തിക്കുവേണ്ടി മനപൂർവും വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്നും ഏജന്റ് ഗ്രീനിന്റെ പ്രസിഡന്റായ ഗബ്രിയേൽ പൗൺ വ്യക്തമാക്കി. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment